Connect with us

International

ഇന്ധന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അടിയന്തര നീക്കം; 100 മില്യണ്‍ ബാരല്‍ എണ്ണ വിപണിയിലെത്തിക്കാന്‍ ജി7 രാജ്യങ്ങളുടെ തീരുമാനം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജി7 നേതാക്കളുടെ യോഗത്തിലാണ് നിര്‍ണായക പ്രഖ്യാപനമുണ്ടായത്.

Published

|

Last Updated

വാഷിങ്ടണ്‍ | റെക്കോര്‍ഡ് ഉയരത്തിലെത്തിയ ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ 100 മില്യണ്‍ ബാരല്‍ എണ്ണയും ഡീസലും വിപണിയില്‍ ഇറക്കാന്‍ ജി7 രാജ്യങ്ങളുടെ തീരുമാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജി7 നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് നിര്‍ണായക പ്രഖ്യാപനമുണ്ടായത്.

അമേരിക്കയില്‍ ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത ഇരുപത് ദിവസത്തിനുള്ളില്‍ വലിയ അളവില്‍ ഡീസല്‍ വിപണിയില്‍ എത്തിക്കാനാണ് തീരുമാനം.

ബാക്കി ശേഖരം വരുന്ന നാല് മാസങ്ങളിലായി ഘട്ടംഘട്ടമായി എത്തിക്കും. വിപണിയില്‍ ആവശ്യത്തിന് ലഭ്യത ഉറപ്പാക്കുന്നതിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.

അതേസമയം അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ ഇന്ധനവില കുത്തനെ ഉയരുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

ഇറാന്‍ യുദ്ധവും തുടര്‍ച്ചയായ വ്യാപാര തടസ്സങ്ങളുമാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വര്‍ദ്ധനവിന് പ്രധാന കാരണം.

റഷ്യന്‍ റിഫൈനറികള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് റഷ്യ കയറ്റുമതി നിര്‍ത്തിവെച്ചതും പെര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതുമാണ് നിലവിലെ പ്രതിസന്ധിയുടെ ആഴം കൂട്ടിയത്. ജി7 രാജ്യങ്ങള്‍ തമ്മിലുള്ള ഊര്‍ജ്ജ കയറ്റുമതിക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തില്ലെന്നും യോഗം തീരുമാനിച്ചു.

 

---- facebook comment plugin here -----

Latest