Connect with us

Editorial

ഇന്ത്യക്ക് ട്രംപിന്റെ മറ്റൊരു പ്രഹരം കൂടി

യു എസുമായുള്ള ഇടപെടലില്‍ സാമന്ത പദവിയേ ഇന്ത്യക്കുള്ളൂവെന്ന് എച്ച് 1 ബി വിസ വീണ്ടും തെളിയിച്ചു. ഇന്ത്യയുടെ ശക്തിയും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്ന ഇടപെടല്‍ നടത്തുന്നതില്‍ മോദി സര്‍ക്കാറിന് ദൗര്‍ബല്യമുണ്ടെന്നത് അംഗീകരിച്ചേ തീരൂ.

Published

|

Last Updated

വിദേശികള്‍ക്ക് യു എസിലെ ഐ ടി മേഖലയിലടക്കം ജോലി ചെയ്യുന്നതിനുള്ള എച്ച് 1 ബി വിസയുടെ ഫീ കുത്തനെ കൂട്ടി മറ്റൊരു പ്രഹരം കൂടി നടത്തിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഒരു വര്‍ഷത്തേക്കുള്ള വിസാ ഫീസ് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപ) ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തേ ഇത് രണ്ടര മുതല്‍ അഞ്ച് ലക്ഷം വരെയായിരുന്നു. ഇന്ത്യയെയാണ് ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക. യു എസിലെ എച്ച് 1 ബി വിസക്കാരില്‍ 71 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാര്‍ യു എസിലെ തൊഴില്‍ തട്ടിയെടുക്കുന്നുവെന്ന് തന്റെ രണ്ടാം വരവിന്റെ തുടക്കത്തില്‍ തന്നെ ട്രംപ് തുറന്നടിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഐ ടി പ്രൊഫഷനലുകള്‍ വ്യാപകമായി അമേരിക്കയിലേക്ക് വരുന്നത് തടയാന്‍ എച്ച് 1 ബി വിസാനയത്തില്‍ മാറ്റം വരുത്തുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന ട്രംപിസ്റ്റ് മുദ്രാവാക്യത്തിന്റെ ഭാഗമാണ് എച്ച് 1 ബി വിസാ നിരക്ക് കുത്തനെ കൂട്ടാനുള്ള തീരുമാനം.

കൂടുതല്‍ സാങ്കേതിക വൈദഗ്ധ്യമുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും അമേരിക്കക്കാര്‍ക്ക് തൊഴിലവസരം നിലനിര്‍ത്താനുമാണ് ഈ തീരുമാനമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ന്യായീകരണം. ആഗോളവത്കരണത്തിന് വേണ്ടി നിലകൊള്ളുകയും വസ്തുക്കളും സേവനങ്ങളും വൈദഗ്ധ്യവും മൂലധനവുമെല്ലാം അതിര്‍ത്തികള്‍ കീറിമുറിച്ച് സഞ്ചരിക്കുന്നതിന് ഒന്നും തടസ്സമാകരുതെന്ന് വാദിക്കുകയും ചെയ്ത രാജ്യമാണ് അമേരിക്ക. സോവിയറ്റ് യൂനിയന്‍ അടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ അടഞ്ഞ സമ്പദ് വ്യവസ്ഥയാണ് തുടരുന്നതെന്നും ഇത് പരിഷ്‌കൃത രാഷ്ട്രീയ, സാമ്പത്തിക ക്രമത്തിന് യോജിക്കുന്നതല്ലെന്നും പറഞ്ഞുകൊണ്ടിരുന്നവരാണ് അമേരിക്കന്‍ നേതാക്കള്‍. ട്രംപ് വന്നപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. പ്രതികാര തീരുവയുടെ കാര്യത്തിലായാലും കുടിയേറ്റവിരുദ്ധതയിലായാലും ആഗോള സംഘടനകള്‍ക്ക് നല്‍കുന്ന പിന്തുണയിലായാലും അങ്ങേയറ്റം പ്രതിലോമകരമായ നയങ്ങളുമായി ട്രംപ് മുന്നോട്ട് പോകുകയാണ്. അന്താരാഷ്ട്ര മര്യാദകളൊന്നും അദ്ദേഹത്തിന് ബാധകമല്ല. ഗസ്സ പിടിച്ചെടുത്ത് ആഗോള കേന്ദ്രമാക്കുമെന്നൊക്കെ ആക്രോശിക്കാന്‍ മാത്രം അപകടകരമായ രാഷ്ട്രീയമാണ് അദ്ദേഹം പുറത്തെടുക്കുന്നത്.

ഈ വിഷയത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണം വസ്തുതാപരമല്ലെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. നമുക്കുള്ളത് ദുര്‍ബലനായ പ്രധാനമന്ത്രിയാണ് എന്ന ഒറ്റ വരി പ്രതികരണമായിരുന്നു രാഹുലിന്റെത്. പ്രതികാരച്ചുങ്കം ചുമത്തിയതിന് ശേഷവും മോദിയും ട്രംപും ഫോണില്‍ സംസാരിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചതാണ്. 25 ശതമാനം പ്രതികാരച്ചുങ്കം പിന്‍വലിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ ഇതെല്ലാം തൊലിപ്പുറമേയുള്ളതാണെന്നും യു എസുമായുള്ള ഇടപെടലില്‍ സാമന്ത പദവിയേ ഇന്ത്യക്കുള്ളൂവെന്നും എച്ച് 1 ബി വിസ വീണ്ടും തെളിയിച്ചു. ഇന്ത്യയുടെ ശക്തിയും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്ന ഇടപെടല്‍ നടത്തുന്നതില്‍ മോദി സര്‍ക്കാറിന് ദൗര്‍ബല്യമുണ്ടെന്നത് അംഗീകരിച്ചേ തീരൂ. ആ അര്‍ഥത്തില്‍, രാഹുലിന്റെ വിമര്‍ശം രാഷ്ട്രീയമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല.

2024 സാമ്പത്തിക വര്‍ഷത്തില്‍ ആകെ അനുവദിച്ച 3,99,395 എച്ച് 1 ബി വിസകളില്‍ 2,83,397ഉം ഇന്ത്യക്കാര്‍ക്കായിരുന്നു (71 ശതമാനം). 2023ല്‍ 1,91,000 വിസകളാണ് ഇന്ത്യക്കാര്‍ക്ക് അനുവദിച്ചത്. ഗ്രീന്‍ കാര്‍ഡിനു വേണ്ടി ഒരു കമ്പനി സ്‌പോണ്‍സര്‍ ചെയ്യുകയാണെങ്കില്‍ അത് ലഭിക്കുന്നതുവരെ അവരുടെ എച്ച് 1 ബി വിസ പുതുക്കാന്‍ സാധിക്കുമെന്നാണ് വ്യവസ്ഥ. ഗ്രീന്‍ കാര്‍ഡിനു വേണ്ടി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഷങ്ങളാണ് കാത്തിരിക്കുന്നത്. പുതിയ വ്യവസ്ഥ വരുന്നതോടെ നിലവില്‍ എച്ച് 1 ബി വിസയില്‍ യു എസില്‍ ഉള്ളവര്‍ക്ക് വിസ പുതുക്കിക്കിട്ടാനുള്ള സാധ്യത കുറയും. ഇന്ത്യയില്‍ നിന്ന് പുതിയ ജോലിക്കാരെ കൊണ്ടുപോകുന്നതിലും കുറവുണ്ടാകും. ഇന്ത്യയിലുള്ള എച്ച് 1 ബി വിസക്കാരോട് ഉടന്‍ റിപോര്‍ട്ട് ചെയ്യാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വന്നുപോകാനായി വിമാനത്തില്‍ കയറിയവര്‍ വരെ യാത്ര റദ്ദാക്കി യു എസില്‍ തങ്ങുകയാണ്.

നിലവില്‍ എച്ച് 1 ബി വിസയുള്ളവരെ ഒരു നിലക്കും പുതിയ തീരുമാനം ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിനെ ലെവിറ്റ് സമാശ്വസിപ്പിക്കുന്നുണ്ട്. എന്നാല്‍ ആശയക്കുഴപ്പം ശക്തമായി തുടരുകയാണ്. അതുകൊണ്ടാണ് കമ്പനികള്‍ പുറത്തേക്കുള്ള പോക്ക് തടയുന്നതും പുറത്തുള്ളവര്‍ എത്രയും വേഗം തിരിച്ചെത്തണമെന്ന് നിര്‍ദേശിക്കുന്നതും. ശമ്പളത്തേക്കാളേറെ തുക വിസാ ഫീസ് നല്‍കി വിദേശീയരെ ജോലിക്കെടുക്കേണ്ട സ്ഥിതിയാണ് യു എസ് കമ്പനികള്‍ക്ക് വന്നിരിക്കുന്നത്. ഈ സാഹസത്തിന് മുതിരേണ്ടെന്ന് തീരുമാനിക്കുകയാകും അവര്‍ ചെയ്യുക. വിസാ ഫീസ് വര്‍ധന മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യു എസ് അധികാരികളുമായി കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. വെറും കൂടിയാലോചന മതിയാകില്ല. ശക്തമായ സമ്മര്‍ദം തന്നെയുയരണം. ആഭ്യന്തര സമ്മര്‍ദം ട്രംപിനുമേലുണ്ടാകുമെന്നുറപ്പാണ്. ട്രംപിന് ഫണ്ട് ചെയ്ത കമ്പനികള്‍ തന്നെ ഇത് കൊലച്ചതിയായെന്ന് വിലയിരുത്തുന്നുണ്ട്. യു എസ് കോടതിയിലും ഈ തീരുമാനം ചോദ്യം ചെയ്യപ്പെട്ടേക്കാം. യു എസ് കമ്പനികള്‍ക്ക് വിദഗ്ധരെ കിട്ടുന്നതിന് തടസ്സമാകുന്നതാണല്ലോ ഈ നയം.

ഇത്തരം സാഹചര്യങ്ങള്‍ ഇനിയുമുയര്‍ന്നു വരുമെന്ന് മനസ്സിലാക്കി, രാജ്യത്തിനകത്ത് തന്നെ ഐ ടിയടക്കമുള്ള വിദഗ്ധര്‍ക്ക് തൊഴില്‍ അവസരമുണ്ടാക്കുകയാണ് ദീര്‍ഘകാല പരിഹാരം. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ സാധ്യതയുണ്ട്. വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും സാധിക്കണം. യു എസ് കമ്പനികള്‍ ഇന്ത്യയിലിരുത്തി ജോലി ചെയ്യിക്കുന്നത് തടയാന്‍ അവര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ വന്‍ നികുതി ചുമത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം കാര്യം നോക്കാനും മറ്റ് രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാനും ഇന്ത്യ തയ്യാറാകേണ്ടി വരും. രാജ്യത്തിന് ഗുണമില്ലാത്ത സൗഹൃദം ഒരു ബാധ്യതയാണെന്നോര്‍ക്കണം.

---- facebook comment plugin here -----

Latest