Connect with us

National

'സെഡ് പ്ലസ്' സുരക്ഷ ഒഴിവാക്കണം; കേന്ദ്രത്തിന് അണ്ണാമലൈയുടെ കത്ത്

നിലവിലുള്ള 36 സി ആര്‍ പി എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷ പിന്‍വലിക്കണമെന്നാണ് ആവശ്യം.

Published

|

Last Updated

ചെന്നൈ | ബി ജെ പി സംസ്ഥാന അധ്യക്ഷ പദവിയിലുണ്ടായിരുന്നപ്പോള്‍ ലഭിച്ചിരുന്ന സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കെ അണ്ണാമലൈയുടെ കത്ത്. നിലവിലുള്ള 36 സി ആര്‍ പി എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷ പിന്‍വലിക്കണമെന്നാണ് ആവശ്യം.  അണ്ണാമലൈയുടെ ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെഡ് പ്ലസ് സുരക്ഷ നല്‍കിയിരുന്നത്.

ബി ജെ പിയില്‍ നിന്ന് രാജിവെച്ച അണ്ണാമലൈ ‘വി ദി ലീഡേഴ്‌സ്’ എന്ന പേരില്‍ ‘അണ്ണാമലൈ മക്കള്‍ ഇയക്ക’ത്തിന് അനുബന്ധമായി പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപവത്കരിച്ചിരുന്നു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ ആശയങ്ങളെയും കാഴ്ചപ്പാടുകളെയും ആധാരമാക്കിയുള്ളതാണ് പ്രസ്ഥാനം. മത, ജാതി പരിഗണനകള്‍ക്കതീതമായി പ്രവര്‍ത്തിക്കാനാണ് വി ദി ലീഡേഴ്‌സ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവുന്ന രൂപത്തില്‍ പൂര്‍ണ രൂപത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയാക്കി ഇതിനെ മാറ്റാനാണ് അണ്ണാമലൈ ഉദ്ദേശിക്കുന്നത്.

പ്രസ്ഥാനം രൂപവത്കരിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 13 ലക്ഷം വോളണ്ടിയര്‍മാര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുവരെ 15 ലക്ഷത്തോളം ആളുകള്‍ പുതിയ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് കഴിഞ്ഞെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. അണ്ണാമലൈക്കൊപ്പം വലിയൊരു വിഭാഗം ബി ജെ പി വിട്ടേക്കുമെന്നും വാര്‍ത്തകളുണ്ട്. ഐ പി എസ് ഓഫീസര്‍ പദവി ഉപേക്ഷിച്ച അണ്ണാമലൈ 2020ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. 2021ല്‍ ബി ജെ പി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

 

Latest