Connect with us

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്തെ നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

പൊതുജനാരോഗ്യ നിയപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

Published

|

Last Updated

തിരുവനന്തപുരം|അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ നിയപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തല്‍ കുളങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. നീന്തല്‍ കുളങ്ങള്‍ വഴിയും രോഗം പിടിപെടുമെന്ന് മുന്നറിയപ്പ് നല്‍കി കൊണ്ട് കഴിഞ്ഞ മാസം 27നാണ് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.  പൊതു ജനാരോഗ്യ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയാണ് ഉത്തരവിറക്കിയത്.

നീന്തല്‍ കുളങ്ങളിലെ വെള്ളം എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്യണം. ഒരു ലിറ്ററിന് ചുരുങ്ങിയത് ദശാംശം അഞ്ച് മില്ലി ഗ്രാം എന്ന തരത്തില്‍ ക്ലോറിന്റെ അളവ് നിലനിര്‍ത്തണം. ദിവസവും ഇക്കാര്യം നിര്‍ദ്ദിഷ്ട രജിസ്റ്ററില്‍ രേഖപ്പെടുത്തണം. പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോള്‍ ഈ രജിസ്റ്റര്‍ ഹാജരാക്കണം. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ ചുമതലക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതാത് പ്രദേശങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ആഴ്ച തോറും സംസ്ഥാന സര്‍വെയലന്‍സ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം പ്രൊസിക്യുഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

 

Latest