Connect with us

health

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസിസ് അറിയേണ്ടതെല്ലാം

വളരെ നിസ്സാരമായി ആളുകൾ നോക്കിക്കാണുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസിസ്. പക്ഷേ, അവഗണിക്കും തോറും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതുമാണ്. ഇന്നത്തെ ഒരു ശരാശരി കണക്ക് നോക്കിയാൽ കൂടുതൽ പേരിലും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ കണ്ടുവരുന്നുണ്ട്. ദിനംപ്രതി നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ റിപ്പോർട്ടുകൾ കൂടുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.

Published

|

Last Updated

വളരെ നിസ്സാരമായി ആളുകൾ നോക്കിക്കാണുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസിസ്. പക്ഷേ, അവഗണിക്കും തോറും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതുമാണ്.
ഇന്നത്തെ ഒരു ശരാശരി കണക്ക് നോക്കിയാൽ കൂടുതൽ പേരിലും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ കണ്ടുവരുന്നുണ്ട്. ദിനംപ്രതി നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ റിപ്പോർട്ടുകൾ കൂടുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.

നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ നോൺവെജ് ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ മാത്രമല്ല അമിത അളവിൽ പ്രോസസ് ഫുഡ്‌സ്, ട്രാൻസ്ഫാറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, സാച്ചുറേറ്റഡ് ഫാറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയ ഭക്ഷണങ്ങൾ, ഉയർന്ന തോതിലുള്ള കലോറി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നതെല്ലാം തന്നെ നോൺ ആൾക്കഹോളിക് ഫാറ്റി ലിവറിന്റെ വിവിധ കാരണങ്ങളാണ്.

നോൺ ആൽക്കഹോളിക്
ഫാറ്റി ലിവർ: വില്ലന്മാർ ആരെല്ലാം?

. അനാരോഗ്യകരമായ കൊഴുപ്പുകളുടെ അമിതമായ ഉപയോഗം
ട്രാൻസ്ഫാറ്റ് കൂടുതൽ അടങ്ങിയ ഫാസ്റ്റ് ഫുഡ്‌സ്, കേക്കുകൾ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ

. പൂരിത കൊഴുപ്പുകളുടെ അമിത ഉപയോഗം
വെളിച്ചെണ്ണ, പാമോയിൽ, നെയ്യ്, ബട്ടർ, മട്ടൺ, ബീഫ് , കൊഴുപ്പ് കൂടിയ പാൽ ഉത്പന്നങ്ങൾ

. മധുര പാനീയങ്ങളുടെ, ഫ്രക്ടോസ് കൂടുതൽ അടങ്ങിയ പഴങ്ങളുടെ അമിതോപയോഗം
(മധുരം കൂടുതൽ അടങ്ങിയ ശീതള പാനീയങ്ങൾ , സോസ്, ജ്യൂസ്, ജാം )

. സംസ്‌കരിച്ച ഭക്ഷണത്തിന്റെ ഉയർന്ന ഉപഭോഗം

. വയറിന് ചുറ്റും കാണപ്പെടുന്ന അമിതമായ കൊഴുപ്പ് ഇൻസുലിൻ പ്രവർത്തനത്തിനെ പ്രതിരോധമായി ബാധിക്കുന്നു. ഇതും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന് കാരണമായി മാറുന്നു.

. പ്രമേഹവും പൊണ്ണത്തടിയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന് കാരണമാകുന്നു.
ഒരു വ്യക്തി അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളപ്പോൾ ശരീരത്തിലെ കൊഴുപ്പ് വർധിക്കുകയും ഈ അധിക കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു.

ചിന്തകൾ പലവിധം

ചിലരുടെയെങ്കിലും തെറ്റിദ്ധാരണയാണ് മദ്യം കഴിച്ചാൽ മാത്രമല്ലേ ഫാറ്റി ലിവർ വരികയുള്ളൂ എന്നത്. എന്നാൽ മദ്യം കഴിക്കുന്നത് വഴിയുണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ എന്ന് പറയുന്നു.

ചില പഠനങ്ങൾ

. പൊണ്ണത്തടി ഉള്ളവരിൽ 70 ശതമാനം ആളുകളിൽ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ കാണപ്പെടുകയും 25 മുതൽ 30 ശതമാനം ആളുകളിൽ ആൽക്കഹോളിക് ഫാറ്റി ലിവർ കാണപ്പെടുകയും ചെയ്യുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

.2018ൽ നടന്ന പഠന പ്രകാരം നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് സിറോസിസിലേക്കുള്ള ഒരു പ്രധാന കാരണമായി മാറുകയും ഒരുപാട് ലിവർട്രാൻസ്പ്ലാന്റേഷൻ നടത്തുകയും ചെയ്തിരുന്നു.

. ബോഡി മാസ്സ് ഇൻഡക്സ് കൂടുന്നതും അരക്കെട്ടിന്റെ വണ്ണം അമിതമാകുന്നതും നോൺ ആൽക്കഹോളിക് ഫാറ്റിലിവറിലേക്ക് നയിക്കുന്നവയാണ്.

. അൽപ്പ ദൂരം പോലും നടന്നു പോകാൻ മടി കാട്ടുന്നവരും ഒന്നോ രണ്ടോ നില പടികൾ കയറാൻ മടിക്കുന്നവരും വ്യായാമം ഒഴിവാക്കുന്നവരിലും ഊർജ വിനിയോഗം കുറയുന്നത് മൂലം കൊഴുപ്പ് നിക്ഷേപം കൂടുകയും ചെയ്യുന്നു

“കരളാണ്,
കരുതൽ ആവശ്യമാണ്’

ഇവ നിയന്ത്രിക്കാം

. സമീകൃത ആഹാരം കഴിക്കുക
കലോറി നിയന്ത്രണവും ഭക്ഷണത്തിൽ ഫാറ്റിന്റെ അളവ് കുറക്കുകയും തുല്യമായ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുകയും അനുപാതികമായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തുകയും അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുക.

ഗോതമ്പ്, ഓട്‌സ്, മില്ലെറ്റ്സ് എന്നിവ താരതമ്യേനെ നാരുകൾ കൂടുതൽ അടങ്ങിയതാണ്. ഇത് ഒരു പരിധിവരെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ പ്രതിരോധിക്കും.

. ആവശ്യാനുസരണം ഭക്ഷണത്തിൽ പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക.

. ഒമേഗാ ത്രീ ഫാറ്റി ആസിഡ് കൂടുതൽ അടങ്ങിയ ഫ്ലാക്‌സ് സീഡ്, നട്ട്‌സ്, ചൂര മീനുകൾ … നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന്റെ സങ്കീർണതകൾ കുറയ്ക്കുന്നു.

. വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലി സിൻ കരളിലെ എൻസൈം നില നിയന്ത്രിക്കാൻ സഹായിക്കുന്നു.

. വണ്ണം കുറയ്ക്കുക

. ദിവസവും വ്യായാമം ചെയ്യുക

. ചുരുങ്ങിയത് ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങുക

തുടങ്ങിയ ശീലം ഈ അവസ്ഥയുടെ തീക്ഷ്ണത കുറക്കാൻ സഹായിക്കും.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന് അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടിയുമായി അഭേദ്യമായ ബന്ധം ഉണ്ടെന്ന് നമ്മൾ പറഞ്ഞു കഴിഞ്ഞു.
പ്രാരംഭഘട്ടത്തിൽ വണ്ണം കുറക്കുന്നത് കാര്യമായി നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന് ഗുണം ചെയ്യും, പക്ഷേ വണ്ണം കുറക്കുന്നത് അമിതവേഗത്തിൽ ആവരുത്. അത് ചിലപ്പോൾ അവസ്ഥ ഗുരുതരമാക്കാനും സാധ്യതയുണ്ട്.

താരതമ്യേനെ ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ കുറവായതിനാൽ തന്നെ ഇത് കണ്ടുപിടിക്കാൻ പ്രാരംഭ ഘട്ടത്തിൽ തന്നെ വിട്ടു പോകുകയും ചെയ്യുന്നുണ്ട്.

ഒരു മാസത്തിൽ മൂന്ന് മുതൽ നാല് കിലോ വരെ കുറക്കാമെന്ന് പഠന പ്രകാരം പറയുന്നുണ്ട്.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിൽ പെട്ടെന്നുള്ള കണ്ടെത്തൽ അത്യന്താപേക്ഷിതമാണ്.

സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണം സ്വീകരിക്കുക, സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നിവ ഉൾപ്പെടെയുള്ള ജീവിതശൈലി മാറ്റങ്ങൾ ഫാറ്റി ലിവർ പ്രതിരോധത്തിന് അത്യാവശ്യമാണ്.

ഒരു പ്രൊഫഷനൽ ഡയറ്റിഷ്യന്റെ സഹായത്തോടെ ഭക്ഷണക്രമം ചിട്ടപ്പെടുത്തുകയാണെങ്കിൽ നമ്മുടെ ആരോഗ്യം സുരക്ഷിതമായിരിക്കും.

കമ്മ്യൂണിറ്റി ന്യൂട്രിഷൻ ഫോറം കേരള

Latest