Connect with us

Kasargod

സമസ്ത പതാകയ്ക്ക് 60 വയസ്സ്; പ്രഖ്യാപന സമ്മേളന ന​ഗരിയിൽ വൈകിട്ട് കൊടിയുയരും

1963 ഡിസംബർ 29 ന് കാസർകോട് തളങ്കര മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളിയിൽ ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോ​ഗത്തിലായിരുന്നു സമസ്തക്ക് ആദ്യമായി ഒരു പതാക അം​ഗീകരിക്കുന്നത്.

Published

|

Last Updated

കാസർകോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ത്രിവർണ പതാകയ്ക്ക് ഇന്ന് 60 വയസ്സ് തികയുന്നു. സമസ്ത രൂപീകരണകാലത്ത് ഉയർത്തിപ്പിടിച്ച ആദർശത്തെ പ്രതിനിധാനപ്പെടുത്തുന്ന പതാക ഇന്ന് സമസ്തയുടെ സമുന്നത നേതാക്കൾ നൂറാം വാർഷിക പ്രഖ്യാപന നഗരിയിൽ ഉയർത്തുമ്പോൾ അത് മറ്റൊരു ചരിത്രനിയോഗമായി മാറും.

1963 ഡിസംബർ 29 ന് കാസർകോട് തളങ്കര മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളിയിൽ ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോ​ഗത്തിലായിരുന്നു സമസ്തക്ക് ആദ്യമായി ഒരു പതാക അം​ഗീകരിക്കുന്നത്. ഓൾ ഇൻഡ്യാ സുന്നി ജംഇയ്യത്തുൽ ഉലമ അന്ന് ഉപയോ​ഗിച്ചിരുന്ന പതാകയിൽ നിന്ന് ലിപികൾ ഒഴിവാക്കി നേരിയ ഭേദ​ഗതികളോടെ ഇന്നു കാണുന്ന പതാക സമസ്ത സ്വീകരിക്കുകയായിരുന്നു.

പിന്നീട് എസ് വൈ എസും അവരുടെ ഒദ്യോ​ഗിക പതാകയായി ഇതിനെ ഏറ്റടുത്തതോടെ ജനകീയമായി. സമസ്തയുടെയുടെയും കേരള മുസ്ലിം ജമാഅത്തിന്റെയും എസ് വൈ എസിന്റെയും സ്ഥാപക ദിനങ്ങളിൽ ഈ പതാകയാണ് ഉയർത്താറുള്ളത്. സുന്നി സ്ഥാപനങ്ങളുടെ സമ്മേളനങ്ങളിലും ആഘോഷങ്ങളിലും നബിദിന റാലികളിലും സമസ്തയുടെ പതാക തന്നെയാണ് ഉപയോഗിക്കാറുള്ളത്.

അറുപതാണ്ടു മുമ്പ് പതാക രൂപപ്പെടുത്തിയ പ്രദേശത്തുതന്നെയാണ് നൂറാം വാർഷിക പ്രഖ്യാപനത്തിന്റെ ഭാഗമായി പതാക ഉയർത്തുന്നത് എന്ന സവിശേഷത കൂടിയുണ്ട് ഇന്നത്തെ ചടങ്ങിന്. ചട്ടഞ്ചാൽ മാലിക് ദീനാർ ന​ഗറിൽ സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്ന് (വെള്ളി) വൈകിട്ട് നാലിനാണ് പതാക ഉയർത്തൽ ചടങ്ങ് നടക്കുന്നത് .

ജമുഅക്കു ശേഷം 100 വീതം പണ്ഡിതരും ഉമറാക്കളും മുതഅല്ലിമുകളും തളങ്കരയിൽ ഒത്തുകൂടി പതാക ഏറ്റുവാങ്ങി. വരക്കൽ മുല്ലക്കോയ തങ്ങൾ, പാങ്ങിൽ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ, വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ, താജുൽ ഉലമ സയ്യിദ് അബ്ദുറഹ്‍മാൻ അൽബുഖാരി തുടങ്ങിയ മുൻകാല സമസ്ത സാരഥികളുടെ മസാറുകളിലൂടെ കൊണ്ടുവന്ന സമസ്ത പതാക മാലിക് ദീനാർ മഖാം സിയാറത്തിനു ശേഷം ഫ്ലാഗ് മാർച്ച് നടക്കും.

തുടർന്ന് പതാക സഅദിയ്യയിൽ നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ മഖാമിലെത്തിക്കും. അവിടെ നിന്ന് മാർച്ചായി ചട്ടഞ്ചാലിലെത്തിയാകും സമ്മേളന നഗരിയിൽ പതാക ഉയർത്തുക.

Latest