Kerala
മലബാറിലെ രാത്രികാല യാത്രാദുരിതത്തിന് അറുതിയാകുന്നു;കണ്ണൂര്‍ എക്സിക്യൂട്ടീവ് ഇനി കാസര്‍കോട്ടേക്ക്
ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന് കീഴില്‍ ആവശ്യമായ സാങ്കേതിക പരിശോധനകളും സമയക്രമീകരണ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാകും കാസര്‍കോട്ടേക്കുള്ള സര്‍വീസ് ഔദ്യോഗികമായി ആരംഭിക്കുക.
കാസര്‍കോട് | മധ്യകേരളത്തില്‍നിന്ന് കാസര്‍കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ മലബാര്‍ മേഖലകളിലേക്കുള്ള റെയില്‍വേ യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് ഒടുവില്‍ അംഗീകാരം. ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തിവന്നിരുന്ന ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസര്‍കോട്ടേക്ക് നീട്ടാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍നിന്ന് രാത്രികാലങ്ങളില്‍ കണ്ണൂരിനപ്പുറത്തേക്ക് കൃത്യമായ ട്രെയിന്‍ സൗകര്യമില്ലാതെ ദുരിതത്തിലായിരുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്കാണ് റെയില്‍വേയുടെ ഈ സുപ്രധാന തീരുമാനം വലിയ ആശ്വാസമാകുന്നത്.
വൈകീട്ട് 3:50-ന് ആലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ വൈകീട്ട് 5:08-ന് എറണാകുളം ജങ്ഷനിലും 5:23-ന് എറണാകുളം ടൗണിലുമെത്തി രാത്രി 10:22-ഓടെ കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് നിലവിലുള്ളത്. എന്നാല്‍, രാത്രി 12:10-ഓടെ കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിച്ചിരുന്നതിനാല്‍ പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രികര്‍ അര്‍ധരാത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കെ.എസ്.ആര്.ടി.സി ബസുകളെ ആശ്രയിക്കേണ്ട ബുദ്ധിമുട്ടേറിയ സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. സര്‍വീസ് കാസര്‍കോട്ടേക്ക് ദീര്‍ഘിപ്പിക്കുന്നതോടെ കണ്ണൂരിനും കാസര്‍ഗോഡിനും ഇടയിലുള്ള പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിന്‍ നിര്‍ത്തുമെന്നത് മലബാറിലെ യാത്രക്കാര്‍ക്ക് ഇരട്ടി മധുരമാകുന്നു.
ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന് കീഴില്‍ ആവശ്യമായ സാങ്കേതിക പരിശോധനകളും സമയക്രമീകരണ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാകും കാസര്‍കോട്ടേക്കുള്ള സര്‍വീസ് ഔദ്യോഗികമായി ആരംഭിക്കുക. എറണാകുളം ഭാഗത്തുനിന്ന് രാത്രികാലങ്ങളില്‍ മലബാറിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ വേണമെന്ന ജനങ്ങളുടെ ദീര്‍ഘകാല ആഗ്രഹമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്
Content Highlights: Southern Railway extended the Alappuzha-Kannur Executive Express to Kasaragod, fulfilling a long-standing demand. This decision brings great relief to passengers traveling to North Malabar late at night. The train will now stop at major stations like Payyannur, Nileshwaram, and Kanhangad.




