Connect with us

Kerala

വിവാഹത്തില്‍ നിന്ന് പ്രതിശ്രുതവരന്‍ പിന്‍മാറി; യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം

വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം

Published

|

Last Updated

ആലപ്പുഴ|ആലപ്പുഴ അരൂരില്‍ വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പുമായി അനഘ പ്രതിശ്രുത വരന് വീഡിയോ അയച്ചു കൊടുത്തിരുന്നുവെന്നും എന്നിട്ടു പോലും ഇക്കാര്യം ബന്ധുക്കളെ അറിയിച്ചില്ലെന്നുമാണ് ആരോപണം. ഈ സംശയത്തിനു തെളിവായി പ്രതിശ്രുത വരന്‍ വിഷ്ണുവിന്റെ മാതാവിന്റെ ഓഡിയോ സന്ദേശം പോലീസിനു കൈമാറി. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ പ്രതിശ്രുത വരനെതിരെ കേസെടുക്കാനാകൂ എന്ന നിലപാടിലാണ് പോലീസ്.

കരഞ്ഞു കാലുപിടിച്ചിട്ടും കൂട്ടാക്കാതെ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിന്റെ വിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയതെന്ന് മാതാവ് പറയുന്നു. അരൂര്‍ സ്വദേശിനി അനഘ(25)യും തൃശൂര്‍ സ്വദേശി വിഷ്ണുവും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പ്രണയം ഇരു വീട്ടുകാരും അംഗീകരിച്ച് വിവാഹ നിശ്ചയം നടത്തി. നവംബറില്‍ വിവാഹം നടത്താനുളള ഒരുക്കങ്ങള്‍ക്കിടയൊണ് വിഷ്ണുവിന്റെ കുടുംബം പിന്‍മാറിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനഘ വിഷ്ണു ജോലി ചെയ്യുന്ന അബൂദബിയിലെത്തി നേരിട്ട് സംസാരിച്ചിട്ടു പോലും പ്രയോജനമുണ്ടായില്ല.

കഴിഞ്ഞ ബുധനാഴ്ചയാണ് അനഘ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയത്. അനഘയെ വിമാനത്താവളത്തില്‍ നിന്ന് ബന്ധുക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്ന് രാത്രി മുറിയില്‍ കയറിയ അനഘ വീട്ടുകാര്‍ ഉറങ്ങിയ ശേഷം ജീവനൊടുക്കുകയായിരുന്നു. തൂങ്ങിമരിക്കാനുളള കുരുക്കിട്ട ശേഷം അതിന്റെ വീഡിയോ അനഘ വിഷ്ണുവിന് അയച്ചു കൊടുത്തിരുന്നെന്നും വിഷ്ണു അത് വിഷ്ണുവിന്റെ മാതാവിന് അയച്ചു കൊടുത്തിരുന്നെന്നുമാണ് ഇപ്പോള്‍ കുടുംബം സംശയിക്കുന്നത്. ജീവനൊടുക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അനഘ അഭിനയിക്കുകയാണെന്ന തരത്തില്‍ വിഷ്ണുവിന്റെ മാതാവ് നല്‍കിയ മറുപടിയാണ് കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചതെന്നും വീട്ടുകാര്‍ വിശ്വസിക്കുന്നത്. വിഷ്ണുവിന്റെ മാതാവ് അയച്ചു കൊടുത്ത ഓഡിയോ സന്ദേശം മരിക്കും മുമ്പ് അനഘ തന്റെ മാതാവിന്റെ ഫോണിലേക്ക് അയച്ചിരുന്നു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു മാത്രമാണ് നിലവില്‍ അരൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ വിഷ്ണുവിനും മാതാവിനുമെതിരെ കേസെടുക്കുമെന്നുമാണ് പോലീസ് വിശദീകരണം.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights:
Anagha, a 25-year-old from Aroor, died by suicide after her fiancé broke off their wedding. Her family alleges he ignored a video warning she sent before taking the extreme step and released an audio clip as evidence. Aroor police registered a case of unnatural death and began an investigation.

 

---- facebook comment plugin here -----

Latest