Connect with us

pinarayi

വിമാനത്തിലെ സംഭവവികാസങ്ങൾ; കലാപം ലക്ഷ്യമിട്ടുള്ള സമരങ്ങളുടെ തുടർച്ചയെന്ന് മുഖ്യമന്ത്രി

നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബി ജെ പിയുടെ സഹായവും കിട്ടുന്നു.

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണതെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലായിരുന്നു പ്രതികരണം.

കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ചതന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബി ജെ പിയുടെ സഹായവും കിട്ടുന്നു. സർക്കാറിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്.

ഇത്തരം അക്രമ- അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും എല്ലാവരോടും അഭ്യർഥിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രാ മധ്യേയാണ് രണ്ട് പേർ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയത്. ഒപ്പമുണ്ടായിരുന്ന എൽ ഡി എഫ് കൺവീനർ ഇവരെ തടയുകയും പിറകിലേക്ക് തള്ളുകയും ചെയ്തു. മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്യാനുള്ള ശ്രമമായാണ് സി പി എം ഇതിനെ കാണുന്നത്.

Latest