Kerala
എയർ ഇന്ത്യ എക്‌സ്പ്രസ് സീസൺ ഓഫർ: ആഭ്യന്തര–അന്താരാഷ്ട്ര യാത്രകൾക്ക് 20% വരെ ഇളവ്
ഫെബ്രുവരി 11 മുതൽ ഡിസംബർ 31 വരെ നടത്തുന്ന യാത്രകൾക്കായി ഫെബ്രുവരി 5 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ഓഫർ ബാധകമാകുന്നത്.
കൊച്ചി| ആഭ്യന്തര–അന്താരാഷ്ട്ര യാത്രകൾക്ക് 20 ശതമാനം വരെ ഇളവുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തര വിമാന ടിക്കറ്റുകൾ 1550 രൂപ മുതല്‍ ആരംഭിക്കും അന്താരാഷ്ട്ര ടിക്കറ്റുകൾ 6510 രൂപ മുതൽ ലഭിക്കും.
ഫെബ്രുവരി 11 മുതൽ ഡിസംബർ 31 വരെ നടത്തുന്ന യാത്രകൾക്കായി ഫെബ്രുവരി 5 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ഓഫർ ബാധകമാകുന്നത്. ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കില്ല. കൂടാതെ ഒരുതവണ സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
എക്‌സ്പ്രസ് ലൈറ്റ് നിരക്കിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യ കാബിൻ ബാഗേജിനൊപ്പം അധിക ചെക്ക്-ഇൻ ലഗേജ് ആവശ്യമെങ്കിൽ, ആഭ്യന്തര യാത്രകളിൽ 15 കിലോയ്ക്ക് 1500 രൂപയും അന്താരാഷ്ട്ര യാത്രകളിൽ 20 കിലോയ്ക്ക് 2500 രൂപയും മാത്രം നല്‍കിയാല്‍ മതി.
എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയിലെ 45 നഗരങ്ങളിലേക്കും, ഗൾഫ് ഉൾപ്പെടെ 17 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുമായി പ്രതിദിനം 500-ലധികം സർവീസുകൾ നടത്തുന്നുണ്ട്.
വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ടിക്കറ്റെടുക്കുന്ന വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, എന്നിവർക്ക് പ്രത്യേക ഇളവുകളും ലഭിക്കും. തിരഞ്ഞെടുത്ത വിസ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ആഭ്യന്തര യാത്രകളിൽ 250 രൂപയും അന്താരാഷ്ട്ര യാത്രകളിൽ 600 രൂപയും അധിക കിഴിവായി ലഭിക്കും. കൂടാതെ ഇഎംഐ, പേ ലേറ്റർ തുടങ്ങിയ പേയ്‌മെന്റ് സൗകര്യങ്ങളും വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.




