International
ഗസയിലേക്ക് അഹ്മദ് ബിന് റാശിദ് എയര്ബ്രിഡ്ജ് ഭക്ഷ്യസഹായം; എത്തിച്ചത് പ്രത്യേക വിമാനങ്ങള് വഴി
ഒരു കോടിയിലധികം ഭക്ഷണപ്പൊതികള് വിതരണം ചെയ്യുകയാണ് ലക്ഷ്യം.
ദുബൈ | അഹ്മദ് ബിന് റാശിദ് ഹ്യൂമാനിറ്റേറിയന് ബ്രിഡ്ജിന് കീഴില് ഫലസ്തീന് ജനതക്കായുള്ള യു എ ഇയുടെ അടിയന്തര ഭക്ഷ്യസഹായം റഫ അതിര്ത്തി വഴി ഗസയിലെത്തിച്ചു. മുഹമ്മദ് ബിന് റാശിദ് അല് മക്തൂം ഗ്ലോബല് ഇനിഷ്യേറ്റീവ്സും ‘ഓപറേഷന് ഗാലന്റ് നൈറ്റ് 3’യും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഫലസ്തീന് ജനതയുടെ അടിസ്ഥാന ആവശ്യങ്ങള് നിറവേറ്റുന്നതിനും അവരുടെ ദുരിതങ്ങള് ലഘൂകരിക്കുന്നതിനുമാണ് സഹായമെത്തിച്ചത്.
അന്തരിച്ച ശൈഖ് അഹ്മദ് ബിന് റാശിദ് അല് മക്തൂമിന്റെ ജീവകാരുണ്യ സ്മരണാര്ഥം ഗസയിലെ ജനങ്ങള്ക്ക് ഒരു കോടിയിലധികം ഭക്ഷണപ്പൊതികള് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. അല് മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് അയച്ച പ്രത്യേക സഹായ വിമാനങ്ങള് വഴിയാണ് ഭക്ഷ്യവസ്തുക്കള് ഈജിപ്തിലെത്തിച്ചത്.
ഈജിപ്ഷ്യന് നഗരമായ അല് അരിഷിലെ യു എ ഇ ഹ്യൂമാനിറ്റേറിയന് എയ്ഡ് ലോജിസ്റ്റിക്സ് സെന്ററില് വച്ച് ഓപറേഷന് ഗാലന്റ് നൈറ്റ് 3 സംഘം തരംതിരിച്ച ഭക്ഷ്യവസ്തുക്കള് വാഹനങ്ങളില് റഫ അതിര്ത്തിയിലെത്തിച്ച് ഗാസയിലേക്ക് കടത്തിവിടുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി ദുബൈ വേള്ഡ് ട്രേഡ് സെന്ററില് വിപുലമായ ജനകീയ പങ്കാളിത്തത്തോടെ ഭക്ഷണപ്പൊതികള് തയ്യാറാക്കുന്ന സന്നദ്ധ പരിപാടിയും മുമ്പ് സംഘടിപ്പിച്ചിരുന്നു.
Content Highlights:
The UAE has launched the Ahmed Bin Rashid Airbridge to deliver vital food assistance and relief supplies directly to Gaza. This humanitarian initiative aims to alleviate severe food shortages and support affected families. The airlift operates continuously to provide urgent emergency aid to the region.



