International
തദ്ദേശീയ ജനതക്കെതിരായ കുറ്റകൃത്യങ്ങള്; കൊളംബിയയിലെ എഫ് എ ആര് സി മുന് അംഗങ്ങള്ക്കെതിരെ കുറ്റപത്രം
ആഭ്യന്തര സംഘര്ഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങള് കൈകാര്യം ചെയ്യുന്നതിനായി രൂപവത്കരിച്ച 'ട്രാന്സിഷണല് ജസ്റ്റിസ്' സംവിധാനമാണ് നടപടി സ്വീകരിച്ചത്.
ബൊഗോട്ട | കൊളംബിയയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായിരുന്ന ‘റെവല്യൂഷണറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയ’യുടെ (FARC) മുന് അംഗങ്ങളായ പത്ത് പേര്ക്കെതിരെ കുറ്റപത്രം. 1996-നും 2016-നും ഇടയില് യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയെന്നാണ് ഇവര്ക്കെതിരായ ആരോപണം. രാജ്യത്ത് പതിറ്റാണ്ടുകളോളം നീണ്ടുനിന്ന ആഭ്യന്തര സംഘര്ഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങള് കൈകാര്യം ചെയ്യുന്നതിനായി രൂപവത്കരിച്ച കൊളംബിയയുടെ ‘ട്രാന്സിഷണല് ജസ്റ്റിസ്’ സംവിധാനമാണ് നടപടി സ്വീകരിച്ചത്.
തെക്കുകിഴക്കന് കൊളംബിയയിലെ അഞ്ച് തദ്ദേശീയ വിഭാഗങ്ങള്ക്കെതിരെ പീഡനം, കൊലപാതകം, നിര്ബന്ധിത കുടിയൊഴിപ്പിക്കല് തുടങ്ങിയ കുറ്റകൃത്യങ്ങള് പ്രതികള് നടത്തിയതായി പരിവര്ത്തനകാല നീതിന്യായ ട്രൈബ്യൂണലായ ‘സ്പെഷ്യല് ജൂറിസ്ഡിക്ഷന് ഫോര് പീസ്’ (JEP) വ്യക്തമാക്കി. ‘വിഭജിത കൊളംബിയയില് ഏറ്റവും അവഗണിക്കപ്പെട്ട ജനവിഭാഗങ്ങള്ക്ക് ഞങ്ങള് ഇന്ന് നീതി ഉറപ്പാക്കുകയാണ്’ എന്ന് ജെ ഇ പി മജിസ്ട്രേറ്റ് കാറ്റലീന ഡയസ് പറഞ്ഞു. തദ്ദേശീയരുടെ പ്രദേശങ്ങളില് കുഴിബോംബുകള് സ്ഥാപിക്കാനും ആ ഗോത്രവര്ഗക്കാരുടെ നിലനില്പ്പിന് ആധാരമായ ആവാസവ്യവസ്ഥകളെ നശിപ്പിക്കാനും എഫ് എ ആര് സി കമാന്ഡര്മാര് തങ്ങളുടെ കീഴ്ജീവനക്കാര്ക്ക് നിര്ദേശം നല്കിയിരുന്നതായി അവര് പറഞ്ഞു. ഈ ജനവിഭാഗങ്ങളുടെ അടിസ്ഥാനപരമായ നിലനില്പ്പിനുള്ള അവകാശം തന്നെ ഹനിക്കപ്പെട്ട അവസ്ഥയിലാണെന്നും ഡയസ് കൂട്ടിച്ചേര്ത്തു.
അര നൂറ്റാണ്ടിലേറെയാണ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്ക്ക് വഴിവച്ച ആഭ്യന്തര സംഘര്ഷം കൊളംബിയയില് നടന്നത്. 1960-കള് മുതല്, പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനും രാജ്യത്തിന്റെ അധികാര ഘടന രൂപപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. ഇടതുപക്ഷ വിമതര്, സര്ക്കാര് സുരക്ഷാ സേനകള്, ക്രിമിനല് സംഘങ്ങള്, സര്ക്കാരുമായി ചേര്ന്നു പ്രവര്ത്തിക്കുന്ന വലതുപക്ഷ അര്ധസൈനിക വിഭാഗങ്ങള് എന്നിവ തമ്മിലാണ് ഏറ്റുമുട്ടലുകള് നടന്നത്.
കൊളംബിയയില് ആദിവാസി സമൂഹങ്ങളും പ്രവര്ത്തകരും ഇന്നും ആക്രമണങ്ങള്ക്ക് ഇരയാകുന്നുണ്ട്. 1985-നും 2018-നും ഇടയിലുണ്ടായ സംഘര്ഷങ്ങളില് 4,50,664 പേര് കൊല്ലപ്പെട്ടതായി കൊളംബിയയിലെ ‘ട്രൂത്ത് കമ്മീഷന്’ (Truth Commission) 2022ല് പുറത്തുവിട്ട റിപോര്ട്ടില് പറയുന്നു. കൂടാതെ, 1,21,768 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
Content Highlights: Colombia special tribunal JEP charged 10 former FARC commanders with war crimes against Indigenous groups. The tribunal revealed systematic violence, forced displacement, and severe rights violations aimed at controlling native territories. This historic indictment marks a key milestone in delivering justice for victims.

