Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ നടപടി വേണം: സ്പീക്കര്‍ക്ക് പരാതി നല്‍കി സി പി എം എം എല്‍ എ
വാമനപുരം എം എല്‍ എ. ഡി കെ മുരളിയാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് പരാതി നല്‍കിയത്.
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി സി പി എം. വാമനപുരം സി പി എം എം എല്‍ എ. ഡി കെ മുരളിയാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ അംഗത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് പരാതി. വിഷയം സഭയില്‍ ഉന്നയിക്കാന്‍ അവസരം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതോടെ, മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ എം എല്‍ എ സ്ഥാനത്തു നിന്ന് തെറിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് സി പി എം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി പരിശോധിക്കുമെന്നാണ് സ്പീക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. പരാതി ലഭിച്ചാല്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുറത്തുനിന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതുവച്ച് നടപടി സ്വീകരിക്കാനാകില്ലെന്നുമായിരുന്നു സ്പീക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് നിയമസഭാ അംഗം തന്നെ പരാതിയുമായി രംഗത്തെത്തിയത്.
കേസുകളുടെ പേരില്‍ കേരള നിയമസഭ ഇതുവരെ ആരെയും അയോഗ്യനാക്കിയ ചരിത്രമില്ല. എന്നാല്‍, അതിനുള്ള അധികാരം സഭക്കുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.


