Connect with us

From the print

അഭിമാനനേട്ടം, ചരിത്രം; 20 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ

രാജ്യാന്തര തലത്തിൽ ശ്രദ്ധയാകർഷിച്ച വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഈ മാസം 25ന് ഒരു വർഷം തികഞ്ഞിരുന്നു

Published

|

Last Updated

കൊച്ചി| സംസ്ഥാനത്തെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുന്നു. സർവീസ് തുടങ്ങി ഒരു വർഷമാകുമ്പോൾ യാത്രക്കാരുടെ എണ്ണം ഇന്നലെ 20 ലക്ഷം പൂർത്തിയായി. രാജ്യാന്തര തലത്തിൽ ശ്രദ്ധയാകർഷിച്ച വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഈ മാസം 25ന് ഒരു വർഷം തികഞ്ഞിരുന്നു.
സർവീസ് ആരംഭിച്ച് ആറ് മാസത്തിനിടെ കഴിഞ്ഞ ഒക്ടോബർ 16നാണ് യാത്ര ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടത്. വീണ്ടും ആറ് മാസത്തിനകം പത്ത് ലക്ഷം യാത്രക്കാരെ കൂടി വാട്ടർ മെട്രോയിലെത്തിച്ച് രണ്ട് മില്യൺ യാത്രക്കാർ എന്ന വണ്ടർ നമ്പറിലെത്താൻ കൊച്ചി വാട്ടർ മെട്രോക്ക് സാധിച്ചു. ചുരുങ്ങിയ കാലയളവിൽ 20 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്തത് വാട്ടർ മെട്രോ ജനഹൃദയങ്ങളിൽ ഇടം പിടിച്ചതിന് തെളിവാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

14 ബോട്ടുകളുമായി അഞ്ച് റൂട്ടുകളിലാണ് നിലവിൽ സർവീസ് ഉള്ളത്. ഹൈക്കോടതി ജംഗ്ഷൻ- ഫോർട്ട് കൊച്ചി, ഹൈക്കോടതി ജംഗ്ഷൻ – വൈപ്പിൻ, ഹൈക്കോടതി ജംഗ്ഷൻ- ബോൾഗാട്ടി വഴി സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂരിൽ നിന്ന് ഏലൂർ വഴി ചേരാനല്ലൂർ, വൈറ്റില – കാക്കനാട് എന്നിവയാണ് റൂട്ടുകൾ. കുമ്പളം, പാലിയംതുരുത്ത്, വെല്ലിംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി സെപ്തംബറോടെ അഞ്ച് ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്‌യാർഡ് അറിയിച്ചിട്ടുണ്ട്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി നിരക്കിൽ ഇളവുകളോടെ പ്രതിവാര- പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോ യിലും യാത്ര ചെയ്യാനാകും. ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബോട്ടുകളുടെ ഫ്ലീറ്റ് കൊച്ചി വാട്ടർ മെട്രോക്കാണ്. പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും.

 

 

---- facebook comment plugin here -----

Latest