Connect with us

National

എ ബി വി പി അക്രമം: നടപടിയെടുക്കാമെന്ന് പോലീസ്; സ്‌റ്റേഷനു മുന്നിലെ പ്രതിഷേധം നിര്‍ത്തുന്നതായി വിദ്യാര്‍ഥികള്‍

പരുക്കേറ്റവര്‍ പ്രത്യേകം പരാതി നല്‍കും.

Published

|

Last Updated

ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എ ബി വി പി നടത്തിയ കല്ലേറില്‍ നടപടി സ്വീകരിക്കാത്തത്തില്‍ പോലീസ് സ്‌റ്റേഷനു മുന്നിലെ പ്രതിഷേധം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍. കല്ലെറിഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പു നല്‍കിയതായി യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. പരുക്കേറ്റവര്‍ പ്രത്യേകം പരാതി നല്‍കും.

ഇന്നലെയാണ് കാമ്പസില്‍ എ ബി വി പി അക്രമമുണ്ടായത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളുടെ നയങ്ങള്‍ക്കെതിരെ പരാമര്‍ശങ്ങളുള്ള ബി ബി സി ഡോക്യുമെന്ററി കാണുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കല്ലെറിയുകയായിരുന്നു.

അക്രമികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതില്‍ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. എന്നാല്‍ പിന്നീട് വിദ്യാര്‍ഥി പ്രതിനിധികളുമായി പോലീസ് ചര്‍ച്ചക്ക് തയ്യാറായി.

എ ബി വി പി നടത്തിയ കല്ലേറില്‍ പലര്‍ക്കും പരുക്കേറ്റുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കൊടും തണുപ്പിനിടെ രാത്രിയിലും പ്രതിഷേധം ആളിക്കത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ വിവാദ ഡോക്യുമെന്ററി കാണുന്നത് തടയുന്നതിനായി കാമ്പസിലെ വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധം ജെ എന്‍ യു അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൊബൈലിലും ലാപ്ടോപ്പിലുമാണ് എസ് എഫ് ഐ, കെ എസ് യു സംഘടനകളിലുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കണ്ടത്.

അധികൃതരുടെ നടപടിയിലും എ ബി വി പി നടത്തിയ കല്ലേറിലും പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ഐക്യദാര്‍ഢ്യ ദിനം ആചരിക്കുമെന്ന് എസ് എഫ് ഐ അറിയിച്ചു.