National
അഭിജിത് ദിപ്കെ കസ്റ്റഡിയില്; പോലീസ് നടപടി തിരംഗ യാത്രക്ക് മുമ്പായി
പ്രതിഷേധത്തിനിടെ വനിതാ നേതാവ് നേഹ ബോറയെയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു.
ന്യൂഡല്ഹി | സി ജെ പി സ്ഥാപക നേതാവ് അഭിജിത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് ഡല്ഹി പോലീസ്. ഡല്ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെന്ട്രല് പാര്ക്കില് ‘ലെഹ്രാ ദോ തിരംഗ’ (ത്രിവര്ണ പതാക ഉയര്ത്തല്) റാലി നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പോലീസ് നടപടി.
പ്രതിഷേധത്തിനിടെ വനിതാ നേതാവ് നേഹ ബോറയെയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് നടപടിക്ക് പിന്നാലെ സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തില് പ്രവര്ത്തകര് പ്രതിഷേധമാരംഭിച്ചു.
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ദിപ്കെയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വോട്ടര് പട്ടികയില് കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാന് മുംബൈയില് നിന്ന് ഡല്ഹിയിലെത്തിയ ഉടന് തന്നെ അദ്ദേഹത്തെ നേരത്തെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഒക്ടോബര് 13-ന് ജന്തര് മന്തറില് ദേശീയ പതാകയുമായി പ്രവേശിച്ചതിന്, സി ജെ പി അംഗങ്ങളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അറസ്റ്റ് ചെയ്തതാണ് ഈ റാലിക്ക് കാരണമായ പ്രധാന സംഭവങ്ങളിലൊന്ന്. ചരിത്രപ്രധാനമായ ജന്തര് മന്തറിനെ പ്രതിഷേധ വേദിയെന്ന പദവിയില് നിന്ന് നീക്കം ചെയ്തതിന് തൊട്ടടുത്ത ദിവസമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
പോലീസുമായുള്ള സംഭാഷണത്തിനിടെ, ‘നിങ്ങള്ക്ക് ന്യൂഡല്ഹിയിലേക്ക് പോകാന് കഴിയില്ല. ഞങ്ങള് നിങ്ങളെ കസ്റ്റഡിയിലെടുക്കുകയാണ്’ എന്ന് ഉദ്യോഗസ്ഥര് ദിപ്കെയോട് പറഞ്ഞു.’എനിക്ക് ന്യൂഡല്ഹിയിലേക്ക് പോകാന് കഴിയില്ല, പക്ഷേ മറ്റെവിടെയെങ്കിലും പോകാന് കഴിയുമല്ലോ. ഞാന് ഏത് നിയമമാണ് ലംഘിച്ചത്?’ എന്നായിരുന്നു ദിപ്കെയുടെ പ്രതികരണം.
കസ്റ്റഡിക്ക് മുമ്പായി, ഡല്ഹി പോലീസ് ദിപ്കെയുടെ വീട്ടിലെത്തി മാര്ച്ച് നടത്തുന്നതിനെതിരെ അദ്ദേഹത്തിന് നോട്ടീസ് നല്കിയിരുന്നു. ബി എന് എസ് സെക്ഷന് 163 പ്രകാരം നല്കിയ നോട്ടീസില്, നഗരമധ്യത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമായ കണാട്ട് പ്ലേസ് പരിസരത്ത് നിരോധനാജ്ഞ നിലവിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. നിര്ദിഷ്ട ‘തിരംഗ യാത്ര’ക്ക് ന്യൂഡല്ഹി മുനിസിപ്പല് കൗണ്സില് (NDMC) അനുമതി നല്കിയിട്ടില്ലെന്നും, അനുമതിയില്ലാതെ മാര്ച്ച് നടത്താന് സി ജെ പി തീരുമാനിച്ചാല് അത് നിയമലംഘനമായി കണക്കാക്കപ്പെടുമെന്നും നോട്ടീസില് മുന്നറിയിപ്പ് നല്കി. സി ജെ പിയുടെ പ്രമുഖ പ്രവര്ത്തകരില് ഒരാളായ നേഹ ബോറയെ ജന്തര് മന്തറിന് സമീപത്തു നിന്നാണ് പോലീസ് പിടികൂടിയത്.
Content Highlights:
Abhijit Dipke was taken into custody by the police ahead of the scheduled Tiranga Yatra. The police action was taken to prevent potential law and order issues in the region. Further details regarding the custody and situation surrounding the rally are awaited.




