International
പെന്സില്വാനിയയില് ഓപണ് എ ഐക്കെതിരെ കേസ്: കുട്ടികളെ വേദനിപ്പിക്കുകയും മുതിര്ന്നവരെ വഞ്ചിക്കുകയുമാണെന്ന് ആരോപണം
'ചാറ്റ് ബോട്ട് മോഡലായ ചാറ്റ് ജി പി ടി അപകടകരമായ നിര്ദേശം നല്കുകയും കൊല്ലാനും ആത്മഹത്യ ചെയ്യാനും മറ്റുള്ളവരെ വേദനിപ്പിക്കാനും ആളുകളെ പരിശീലിപ്പിക്കുന്നു.'
ഹാരിസ്ബര്ഗ് | ഉപഭോക്തൃ സംരക്ഷണ നിയമങ്ങള് ലംഘിച്ചുവെന്നും കുട്ടികളെ വേദനിപ്പിക്കുകയും മുതിര്ന്നവരെ വഞ്ചിക്കുകയും ചെയ്ത് മികച്ച ലാഭം കൊയ്യുകയാണെന്നും ആരോപിച്ച് പെന്സില്വാനിയയില് ഓപണ് എ ഐ കമ്പനികള്ക്കെതിരെ കേസ്. ചാറ്റ് ബോട്ട് മോഡലായ ചാറ്റ് ജി പി ടി അപകടകരമായ നിര്ദേശം നല്കുകയും കൊല്ലാനും ആത്മഹത്യ ചെയ്യാനും മറ്റുള്ളവരെ വേദനിപ്പിക്കാനും ആളുകളെ പരിശീലിപ്പിക്കുന്നുണ്ടെന്നും ദുര്ബലരോടും കൗമാരക്കാരോടും ചാറ്റ് ബോട്ടുകള് സൗഹാര്ദം നടിക്കുകയാണെന്നും പരാതിയില് പറയുന്നു.
ഓപണ് എ ഐ കള്ളം പറയുകയാണെന്ന് അയോവ അറ്റോര്ണി ജനറല് ബ്രെന്ന ബേര്ഡ പറഞ്ഞു. ഉപഭോക്ത സംരക്ഷണ നിയമങ്ങള് പ്രകാരം എ ഐ ചാറ്റ് ബോട്ടുകളും സോഷ്യല് മീഡിയകളും നല്കുന്ന കമ്പനികള് കുട്ടികള്ക്ക് ദോഷകരമാണെന്ന് ആരോപിച്ച് അരിസോണ, അര്ക്കന്സാസ്, ഐഡഹോ, കാന്സാസ്, മൊണ്ടാന, നെബ്രാസ്ക, വെസ്റ്റ് വിര്ജീനിയ എന്നീ പ്രവിശ്യകള് അതത് കോടതികളില് കേസുകള് ഫയല് ചെയ്തു.
ചാറ്റ് ജി പി ടി കൗമാരക്കാരെ അവരുടെ വ്യക്തിഗത വിവരങ്ങള് നല്കാന് പ്രേരിപ്പിക്കുന്നുവെന്നും ഓപണ് എ ഐയുടെ അശ്രദ്ധമായ പെരുമാറ്റവും ചാറ്റ് ജി പി ടിയുടെ അപകടകരമായ സവിശേഷതകളും ഗുരുതരമായ ദോഷങ്ങളാണ് ഉണ്ടാക്കുന്നതെന്നാണ് അരിസോണ പ്രവിശ്യ ഫയല് ചെയ്ത കേസില് ആരോപിച്ചിട്ടുള്ളത്. അമേരിക്കന് വിപണിയുടെ പകുതിയോളം ലോകത്തിലെ ഏറ്റവും ജനപ്രിയ ചാറ്റ് ബോട്ടായ ചാറ്റ് ജി പി ടിയുടെ നിയന്ത്രണത്തിലാണെന്നും പരാതികളില് പറയുന്നു.

