International
ഇറാനെതിരെ ആണവായുധങ്ങള് ഉപയോഗിക്കില്ല: ട്രംപ്
ആണവേതര ആയുധങ്ങളില് വെച്ച് ഏറ്റവും മാരകമായ, 'മദര് ഓഫ് ഓള് ബോംബ്സ്' എന്ന് വിളിപ്പേരുള്ള ആയുധം സമീപഭാവിയില് വിന്യസിക്കാന് ആലോചിക്കുന്നുണ്ടെന്ന റിപോര്ട്ടുകള് അദ്ദേഹം നിഷേധിച്ചില്ല.
വാഷിങ്ടണ് | ഇറാനെതിരെ ആണവായുധങ്ങള് ഉപയോഗിക്കില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് . എന്നാല്, ആണവേതര ആയുധങ്ങളില് വെച്ച് ഏറ്റവും മാരകമായ, ‘മദര് ഓഫ് ഓള് ബോംബ്സ്’ (എല്ലാ ബോംബുകളുടെയും മാതാവ്) എന്ന് വിളിപ്പേരുള്ള ആയുധം സമീപഭാവിയില് വിന്യസിക്കാന് തന്റെ സര്ക്കാര് ആലോചിക്കുന്നുണ്ടെന്ന യു എസ് മാധ്യമ റിപോര്ട്ടുകള് അദ്ദേഹം നിഷേധിച്ചില്ല.
വലതുപക്ഷ അമേരിക്കന് വാര്ത്താ സൈറ്റായ ‘ന്യൂസ്മാക്സ്’ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തില്, ആണവായുധങ്ങള് ഉപയോഗിക്കാന് തനിക്ക് പദ്ധതിയില്ലെന്ന് ട്രംപ് സൂചിപ്പിച്ചു. അതേസമയം, ‘ജിബിയു-43/ബി മാസീവ് ഓര്ഡനന്സ് എയര് ബ്ലാസ്റ്റ് ബോംബ്’ (GBU-43/B MOAB ‘മദര് ഓഫ് ഓള് ബോംബ്സ്’) എന്ന വിനാശകരമായ വ്യോമായുധം ‘ആണവായുധമല്ല’ എന്നും അദ്ദേഹം സൂചിപ്പിച്ചു.
‘ഞാന് ആണവായുധങ്ങള് ഉപയോഗിക്കില്ല. അതിന്റെ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും വലിയ ആണവശക്തി നമ്മളാണ്’ -അദ്ദേഹം പറഞ്ഞു. ഇറാനെതിരായ യു എസ്-ഇസ്റാഈല് യുദ്ധത്തില് ആണവായുധ പ്രയോഗം ഉണ്ടായേക്കാം എന്ന അഭ്യൂഹങ്ങള്ക്കിടയില്, വിഷയത്തില് ട്രംപ് നടത്തുന്ന ആദ്യത്തെ വ്യക്തമായ പ്രസ്താവനയാണിത്. നവംബര് മൂന്നിന് നടക്കുന്ന യു എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം, യുദ്ധത്തിന്റെ മറ്റൊരു ഘട്ടം ഉടന് ആരംഭിച്ചേക്കാമെന്ന അഭ്യൂഹങ്ങളെയും ഈ പരാമര്ശങ്ങള് ശരിവെക്കുന്നു.
ഇറാനിലെ ആണവ കേന്ദ്രങ്ങള്ക്കു നേരെ, പ്രത്യേകിച്ച് ‘പിക്കാക്സ് മൗണ്ടന്’ (Pickaxe Mountain) എന്ന സ്ഥലത്ത് അമേരിക്ക വീണ്ടും ആക്രമണം നടത്തിയേക്കാമെന്ന് ട്രംപ് ‘ന്യൂസ്മാക്സി’നോട് പറഞ്ഞു. യുഎസ് സര്ക്കാര് ഉപയോഗിക്കാന് ആലോചിക്കുന്നതായി സി എന് എന് റിപോര്ട്ട് ചെയ്ത ‘എം ഒ എ ബി’ (MOAB), ആണവായുധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എംഒഎബി’ എന്നത് ‘ടാക്റ്റിക്കല് ന്യൂക്ലിയര്’ (അതായത്, ചെറിയ ആണവായുധങ്ങള്) ആണോ എന്ന ചോദ്യത്തിന് മറുപടിയായി, അത് അങ്ങനെയല്ലെന്ന് ട്രംപ് ആവര്ത്തിച്ചു പറഞ്ഞു.
‘ഇതൊരു ആണവായുധമല്ല, ഇതൊരിക്കലും ആണവായുധമല്ല. ഇതൊരു അതിഭീമമായ ബോംബ് മാത്രമാണ്.’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം, ഇറാനില് ഈ ബോംബ് പ്രയോഗിക്കാന് താന് അനുമതി നല്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്കാന് ട്രംപ് വിസമ്മതിച്ചു.
സമീപഭാവിയില് വീണ്ടും ആക്രമണങ്ങള് ഉണ്ടായേക്കാമെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാന് ആണവായുധം നിര്മ്മിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാല് യുദ്ധം ഇപ്പോള് അവസാനിപ്പിക്കാന് കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. അവരുടെ കൈവശം ആണവായുധം ഉണ്ടായിരുന്നെങ്കില്, അവര് അത് ഉടന് തന്നെ ഉപയോഗിക്കുമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. സൈനിക ശക്തി ഉപയോഗിച്ചോ നയതന്ത്ര ചര്ച്ചകളിലൂടെയോ യുദ്ധം വളരെ വേഗത്തില് അവസാനിക്കുമെന്നും, അതിനുശേഷം എണ്ണവില കുറയുമെന്നും യു എസ് പ്രസിഡന്റ് പ്രതികരിച്ചു. ‘കരസേനയെ ഇറക്കുമോ’ എന്ന ചോദ്യത്തിന്, ‘ഇല്ല, അങ്ങനെയൊന്ന് സംഭവിക്കുമെന്ന് തോന്നുന്നില്ല,’ എന്നായിരുന്നു മറുപടി.
Content Highlights:
Donald Trump declared that the US will not use nuclear weapons against Iran. The statement addresses heightened geopolitical tensions and international security concerns in the Middle East region. This declaration outlines a diplomatic position regarding military action against Iran.

