moral policing
സദാചാര പോലീസ് ചമഞ്ഞ് യുവാവിന് മര്‍ദനം; രണ്ട് പേർ അറസ്റ്റിൽ
മര്‍ദന വിവരം മെമ്പറോട് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മണിക്കൂറുകളോളം മര്‍ദനം തുടരുകയും ചെയ്തു.
പത്തനംതിട്ട | സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദിച്ച് കഠിന ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ രണ്ട് പേരെ കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം ചെന്നായിക്കുന്ന് തേങ്ങുവിളയില്‍ ഉണ്ണി(25), ചെന്നീര്‍ക്കര മാത്തൂര്‍ കയ്യാലെത്ത് മേമുറിയില്‍ അരുണ്‍ (25) എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. ഒരാളെ പിടികൂടാനുണ്ട്. ഈ മാസം 12ന് രാത്രി 10.30ന് ശേഷമാണ് സംഭവം.
പോരുവഴി അമ്പലത്തുംഭാഗം സാംസ്‌കാരികനിലയം ജംഗ്ഷന് സമീപം മനോജ് ഭവനത്തില്‍ മഹേഷിനെയാണ് മര്‍ദിച്ചത്. അടൂര്‍ ബസ് സ്റ്റാൻഡില്‍ രാത്രി 8.30നെത്തിയ മഹേഷ്, ബസ്സ് കിട്ടാത്തതിനാല്‍ അടൂരില്‍ നിന്നും കുടമുക്കിലുള്ള സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോയപ്പോള്‍, ചെന്നായിക്കുന്ന് എന്ന സ്ഥലത്തുവച്ച് കലുങ്കില്‍ ഇരുന്ന മൂന്ന് പേര്‍ തടഞ്ഞ് ചോദ്യം ചെയ്തു. ചെന്നായിക്കുന്നിലെ ആരെ അറിയാമെന്നായിരുന്നു ആദ്യം ചോദിച്ചത്. ജയക്കുട്ടന്‍ എന്നയാളെയും സ്ഥലം മെമ്പറെയും അറിയാമെന്നു മറുപടി പറഞ്ഞപ്പോള്‍, ചെന്നായിക്കുന്നിലുള്ള ഏതോ പെണ്ണിനെക്കാണാന്‍ വന്നതാണെന്ന് ആരോപിച്ച് മര്‍ദിക്കാന്‍ തുടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ബൈക്കില്‍ കയറ്റി ജയക്കുട്ടന്റെ വീടിന് സമീപം എത്തിച്ചശേഷം, ഫോട്ടോ മൊബൈലില്‍ പകര്‍ത്തി ജയക്കുട്ടനെ കൊണ്ടുപോയി കാണിക്കുകയും തിരിച്ചുവന്ന് ദേഹോപദ്രവം തുടരുകയുമായിരുന്നു.
ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കും മൂക്കിനും പുറത്തും അടിച്ച് താഴെയിട്ടശേഷം ചവിട്ടുകയും ഇടതുകൈ പിടിച്ചുതിരിക്കുകയും ചെയ്തു. പിന്നീട് ബൈക്കില്‍ കയറ്റി വിജനമായ സ്ഥലത്തുപോയി മര്‍ദനം തുടര്‍ന്നു. നിലവിളിച്ച യുവാവിനെ, മര്‍ദന വിവരം മെമ്പറോട് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മണിക്കൂറുകളോളം മര്‍ദനം തുടരുകയും ചെയ്തു. ഇടതുകാലിലും വലതുകൈ മുട്ടിലും വലത് കണ്ണിന്റെ ഭാഗത്തും മുറിവേറ്റ യുവാവിന്റെ മൂക്കിന്റെ പാലത്തിനു പൊട്ടലുമുണ്ടായി. ഇയാളുടെ മൊഴിപ്രകാരം കേസെടുത്ത കൊടുമണ്‍ പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിക്കുകയും, ശനിയാഴ്ച ഉച്ചയോടെ പ്രതികളെ പിടികൂടുകയുമായിരുന്നു.
ഉണ്ണിയെ കൊടുമണില്‍ നിന്നും അരുണിനെ അടൂര്‍ സെന്‍ട്രല്‍ ടോളിനടുത്തുവച്ചുമാണ് പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഒന്നും മൂന്നും പ്രതികളാണ് അറസ്റ്റിലായത്, രണ്ടാം പ്രതിയ്ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ പിടിച്ചെടുത്തു. ഒന്നാം പ്രതി ഉണ്ണി കൊടുമണ്‍ സ്‌റ്റേഷനിലെ വേറെ രണ്ട് ദേഹോപദ്രവ കേസുകളില്‍ പ്രതിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രവീണിനൊപ്പം എസ് ഐ മനീഷ്, എസ് സി പി ഓ മാരായ അന്‍സാര്‍, ശിവപ്രസാദ്, സി പി ഓമാരായ ബിജു, ജിതിന്‍, സുരേഷ്, കൃഷ്ണകുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.



