Connect with us

articles

ഭരണഘടനയെ വഴിപാടാക്കുന്ന വിധി

സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം സാധാരണ നില കൈവരിക്കുന്നത് വരെയുള്ള താത്കാലിക നടപടിയാണ് ഭരണഘടനയുടെ 356ാം അനുഛേദമനുസരിച്ചുള്ള രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തല്‍. ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കിയതും ലഡാക്കിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയതും സംസ്ഥാനത്തിന്റെ ഘടനയിലെ മൗലിക മാറ്റങ്ങളാണ്. രാഷ്ട്രപതി ഭരണത്തിന്റെ പഴുതിലാണ് കേന്ദ്ര സര്‍ക്കാര്‍ അത് സാധ്യമാക്കിയത്. ആ നടപടികളെയെല്ലാം സുപ്രീം കോടതി ശരിവെക്കുകയാണുണ്ടായത്.

Published

|

Last Updated

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളുടെ ഭാഗമാണ് മതനിരപേക്ഷതയും ഫെഡറലിസവും. അവക്ക് പോറലേല്‍പ്പിക്കുന്ന വിധത്തില്‍ ഒരു പ്രധാന വിധി രാജ്യത്തെ ഉന്നത ന്യായാസനത്തില്‍ നിന്ന് തന്നെ ഉണ്ടായിരിക്കുന്നു. പക്ഷേ വിധിയുടെ മര്‍മം തൊട്ടുള്ള ചര്‍ച്ചകള്‍ വല്ലാതെയൊന്നും കണ്ടില്ല. നമ്മുടെ ഭരണഘടനാ കോടതികളുടെ വിധികള്‍ വായിച്ച് വിശകലനങ്ങളിലേക്കെത്തല്‍ പലപ്പോഴും ക്ഷിപ്രസാധ്യമായിരിക്കില്ല. വിധിയെന്താണെന്ന് മനസ്സിലാകുമെങ്കിലും വിധിയിലേക്കെത്തിയ വഴികളറിയാന്‍ അത് വായിച്ച് ആഴത്തില്‍ വിശകലന വിധേയമാക്കേണ്ടി വരും. അതിന് വിധി വന്ന ശേഷം ഒന്നോ രണ്ടോ ദിവസം പിടിക്കും. എന്നാല്‍ ഒരാഴ്ച പിന്നിട്ടിരിക്കുന്നു. കാര്യമായ ചര്‍ച്ചകള്‍ എവിടെയും കണ്ടില്ല.

സംഘ്പരിവാര്‍ അജന്‍ഡയില്‍ രാമക്ഷേത്രം കഴിഞ്ഞാല്‍ അടുത്ത ഇനം കശ്മീരായിരുന്നു. അതായത് ജമ്മു കശ്മീരിന് ലഭ്യമായിരുന്ന ഭരണഘടനാപരമായ സവിശേഷ പദവി റദ്ദാക്കല്‍ സംഘ്പരിവാറിന് പ്രഖ്യാപിത ലക്ഷ്യം പോലെ പ്രധാനമായിരുന്നു. ആ നടപടിയെയാണ് ഇപ്പോള്‍ പരമോന്നത നീതിപീഠം ശരിവെച്ചിരിക്കുന്നത്. അതില്‍ ശരികേടുകള്‍ ഉണ്ടോയെന്നറിയാന്‍ പോലും താത്പര്യമില്ലാത്ത വിധം നിരാശ ബാധിച്ചിരിക്കുന്നു ജനാധിപത്യ മതനിരപേക്ഷ പ്ലാറ്റ്‌ഫോമുകള്‍ക്ക് എന്നുവേണം മനസ്സിലാക്കാന്‍. ഭരണഘടനയുടെയും രാജ്യത്തിന്റെയും അടിസ്ഥാന മൂല്യങ്ങളിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് കരുതിക്കാണുമോ ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ. ആദ്യം രാമക്ഷേത്രം പിന്നെ കശ്മീര്‍ എന്ന അജന്‍ഡയിലെ ആദ്യ ഇനത്തിന് സുപ്രീം കോടതിയുടെ അനുഗ്രഹാശിസ്സുകളുണ്ടായപ്പോള്‍ ബാബരി വിധി നാം നന്നായി വിമര്‍ശന വിധേയമാക്കിയിരുന്നു എന്ന കാര്യം മറക്കരുത്. എന്നാല്‍ നിരാശയിലേക്ക് കൂപ്പുകുത്തി വീഴാതെ തന്നെ കശ്മീര്‍ വിധിയെ ഇവിടെ പരിശോധിക്കുകയാണ്. ആ പരിശോധന ആത്മവിശ്വാസത്തോടെയുള്ളതാണ്. അരനൂറ്റാണ്ടായി നമ്മുടെ പരമോന്നത കോടതിയുടെ ഇടനാഴികളില്‍ നീതിന്യായ വ്യവഹാരങ്ങളുടെയും അതനുസരിച്ചുള്ള രാജ്യത്തിന്റെ ഗതി സഞ്ചാരങ്ങളെയും അടുത്തു നിന്ന് കണ്ടുകൊണ്ടിരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കശ്മീര്‍ വിധിയെപ്രതി പ്രതികരിച്ചത് കണ്ടിട്ടുണ്ടാകുമല്ലോ? നീതിപീഠത്തിന് എങ്ങനെ അപഭ്രംശം സംഭവിച്ചു എന്ന് വരും വര്‍ഷങ്ങളില്‍ പഠിക്കപ്പെടുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഈ പോക്കിന് തിരുത്തുണ്ടാകുമെന്ന് അദ്ദേഹം പറയാതെ പറയുമ്പോള്‍ ആത്മവിശ്വാസം കൈവിടാതെ തന്നെയാണ് നാം കശ്മീര്‍ വിധി പരിശോധിക്കുന്നത്.
2014ലെ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായി മാറിയ ബി ജെ പി കശ്മീരില്‍ ഭരണത്തിലിരിക്കുക എന്ന താത്പര്യത്തിന്റെ പുറത്താണ് പി ഡി പിയുമായി കൂട്ടുകക്ഷി ഭരണത്തിന് തയ്യാറാകുന്നത്. അവിടെ ഒരു പൊതു മിനിമം പരിപാടി ഉണ്ടായിരുന്നെങ്കിലും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ സംഘ്പരിവാര്‍ നേരത്തേ തന്നെ അടയാളം വെച്ച കശ്മീരില്‍ ഭരണത്തിന്റെ ഭാഗമാകാനുള്ള അവസരം ബി ജെ പി ഉപയോഗപ്പെടുത്തുകയായിരുന്നു. അങ്ങനെ ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകുകയും ചെയ്തു. 2015 മാര്‍ച്ച് ഒന്നിന് ആരംഭിച്ച പി ഡി പി സംബന്ധം ഉപേക്ഷിക്കുകയാണെന്ന് 2018 ജൂണ്‍ 19ന് പ്രഖ്യാപിക്കുമ്പോള്‍, പാകത്തിലുള്ള കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടാനില്ലായിരുന്നു ബി ജെ പിക്ക്. അതിനാല്‍ തന്നെ അതൊരു ആസൂത്രിത തുടക്കമായിരുന്നു. ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കാനും ശേഷം വെട്ടിമുറിക്കാനും കിനാവു കണ്ടുള്ള തുടക്കം. അതിന്റെ ഒടുക്കമാണ് പോയവാരം കണ്ട സുപ്രീം കോടതി വിധി.

പി ഡി പി – ബി ജെ പി ഭരണം അവസാനിച്ച ജമ്മു കശ്മീര്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലായി. ആ പഴുതിലാണ് ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുന്ന പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ ഇറക്കുന്നത്. പ്രസ്തുത വകുപ്പ് പ്രകാരം ജമ്മു കശ്മീരിനെപ്രതി ഒരു പുനഃസംഘടനാ നിയമം പാസ്സാക്കണമെങ്കില്‍ കശ്മീര്‍ അസംബ്ലിയുടെ സമ്മതം വേണമായിരുന്നു. രാഷ്ട്രപതി ഭരണത്തിലാണെന്നിരിക്കെ അത് മറികടന്നു. കശ്മീരിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കേള്‍ക്കാതെ സവിശേഷ പദവി റദ്ദാക്കുകയായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ 356ാം അനുഛേദ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിനെ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ കൊണ്ടുവന്നത്. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം പുനഃസ്ഥാപിക്കപ്പെടുന്നത് വരെയുള്ള താത്കാലിക നടപടിയാണ് രാഷ്ട്രപതി ഭരണമെന്ന് ഭരണഘടനയില്‍ നിന്ന് വ്യക്തമാണ്. അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ പ്രധാന വിധിയെഴുതിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിയിലും അക്കാര്യം അടിവരയിടുന്നുണ്ട്. എന്നാല്‍ രാഷ്ട്രപതി ഭരണത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അമിതാധികാര പ്രയോഗങ്ങളെ ഭരണഘടനാ വിധേയമായി ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി സന്നദ്ധമായില്ല.

ഭരണഘടനയുടെ മൂന്നാം അനുഛേദ പ്രകാരം സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും രൂപവത്കരണ അധികാരം പാര്‍ലിമെന്റിനാണ്. രൂപവത്കരണത്തില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ശിപാര്‍ശാ സ്വഭാവത്തിലുള്ളതും അത് പാലിക്കാന്‍ പാര്‍ലിമെന്റിന് ബാധ്യതയില്ലെന്നതും നേര് തന്നെ. എന്നാല്‍ ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമായി തരംതാഴ്ത്താന്‍ പാര്‍ലിമെന്റിന് കഴിയുമോ എന്നത് ഒരു മൗലിക പ്രശ്‌നമാണ്. അതില്‍ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അതെന്ന് വിധിവാക്യം. കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ് എന്തായിരുന്നാലും ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമായി തരംതാഴ്ത്തിയ നടപടിയുടെ ഭരണഘടനാ സാധുത സുപ്രീം കോടതി പരിശോധിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ അതുണ്ടായില്ല.

സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം സാധാരണ നില കൈവരിക്കുന്നത് വരെയുള്ള താത്കാലിക നടപടിയാണ് ഭരണഘടനയുടെ 356ാം അനുഛേദമനുസരിച്ചുള്ള രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തല്‍ എന്ന് പറഞ്ഞല്ലോ. എന്നാല്‍ സംസ്ഥാനത്തിന്റെ ഘടനയില്‍ തന്നെ മൗലിക മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഇടനാഴിയായി അതിനെ ഉപയോഗപ്പെടുത്തുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കിയതും ലഡാക്കിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയതും സംസ്ഥാനത്തിന്റെ ഘടനയിലെ മൗലിക മാറ്റങ്ങളാണ്. രാഷ്ട്രപതി ഭരണത്തിന്റെ പഴുതിലാണ് കേന്ദ്ര സര്‍ക്കാര്‍ അത് സാധ്യമാക്കിയത്. ആ നടപടികളെയെല്ലാം സുപ്രീം കോടതി ശരിവെക്കുകയാണുണ്ടായത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള അധികാരത്തെ ജനാധിപത്യത്തോടും ഫെഡറലിസത്തോടും ചേര്‍ത്തുവെച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച് വിശദീകരിക്കേണ്ടിയിരുന്നത്. അതുണ്ടായില്ലെന്നിരിക്കെ ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്നവരുടെ ഇംഗിത പ്രകാരം നാളെ ഏത് സംസ്ഥാനത്തിന്റെയും രൂപവും ഭാവവും മാറില്ലെന്ന് ആര് കണ്ടു? അപ്പോള്‍ പിന്നെ നമ്മുടെ ജനാധിപത്യവും ഫെഡറലിസവുമെല്ലാം ഒരു വഴിപാടായി മാറും.

Latest