National
31 കൊല്ലം മുമ്പ് 100 രൂപ കൈക്കൂലി വാങ്ങി; 75-ാം വയസ്സിൽ ഒരു വർഷം തടവുശിക്ഷ വിധിച്ച് കോടതി
പ്രതി 1995-ൽ റാൻചിയിലെ ഹാതിയ റെയിൽവേ സ്റ്റേഷനിൽ പാഴ്സൽ ക്ലർക്കായി ജോലി ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ചിത്രം പ്രതീകാത്മകം | AI Generated
റാഞ്ചി | 1995-ൽ 100 രൂപ കൈക്കൂലി വാങ്ങിയ കേസിൽ റെയിൽവേയിലെ മുൻ പാഴ്സൽ ക്ലർക്കായിരുന്ന കാളി ശങ്കർ ധോബിയുടെ ശിക്ഷ ജാർഖണ്ഡ് ഹൈക്കോടതി ശരിവെച്ചു. കേസിൽ 75-ാം വയസ്സിൽ ഇയാൾ ഒരു വർഷം തടവുശിക്ഷ അനുഭവിക്കണം.
1995-ൽ റാൻചിയിലെ ഹാതിയ റെയിൽവേ സ്റ്റേഷനിൽ പാഴ്സൽ ക്ലർക്കായി ജോലി ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരനായ നിർമൽ കുമാർ ബെഗാനി തന്റെ മോട്ടോർ സൈക്കിൾ ഹാതിയ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബീഹാറിലെ സമസ്തീപുരിലേക്ക് അയക്കാൻ ശ്രമിച്ചപ്പോൾ ബുക്കിംഗിനായി കാളി ശങ്കർ ധോബി 100 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പരാതിക്കാരൻ സി ബി ഐയെ വിവരമറിയിക്കുകയും സി ബി ഐ സംഘം കെണിയൊരുക്കുകയും ചെയ്തു. 1995 ഏപ്രിൽ 27-ന് 100 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. തുടർന്ന് പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പ്രത്യേക കോടതിയിൽ നടന്ന ഒമ്പത് വർഷത്തെ വിചാരണയ്ക്ക് ശേഷം 2004-ൽ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് സെക്ഷൻ 7 പ്രകാരം ഒരു വർഷം തടവും 4,000 രൂപ പിഴയും വിധിച്ചു. കൂടാതെ സെക്ഷൻ 13(2) പ്രകാരം ഒന്നര വർഷം തടവും 6,000 രൂപ പിഴയും വിധിച്ചു. രണ്ട് വകുപ്പുകൾ പ്രകാരമുള്ള ശിക്ഷയും ഒന്നിച്ചനുഭവിക്കാനായിരുന്നു ഉത്തരവ്. ഇതിനെതിരെ കാളി ശങ്കർ ജാർഖണ്ഡ് ഹൈക്കോടതിയിൽ അപ്പീൽ നൽകി.
തുടർന്ന് ഹൈക്കോടതിയിലും കേസ് വിചാരണ രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുപോവുകയായിരുന്നു. നീണ്ട 31 വർഷത്തെ നിയമനടപടികൾക്ക് ശേഷമാണ് ജസ്റ്റിസ് പ്രദീപ് കുമാർ ശ്രീവാസ്തവയുടെ ബെഞ്ച് വിചാരണക്കോടതിയുടെ ശിക്ഷാവിധി ശരിവെച്ചത്.
അതേസമയം, കേസിന്റെ ദൈർഘ്യം, ഇയാളുടെ ഉയർന്ന പ്രായം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്ത് ഹൈക്കോടതി ശിക്ഷയിൽ ഇളവ് നൽകിയിട്ടുണ്ട്. സെക്ഷൻ 7 പ്രകാരമുള്ള ഒരു വർഷത്തെ ശിക്ഷ ആറ് മാസമായും, സെക്ഷൻ 13(2) പ്രകാരമുള്ള ഒന്നര വർഷത്തെ ശിക്ഷ ഒരു വർഷമായും കുറച്ചു. ഇരു ശിക്ഷകളും ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പരമാവധി ഒരു വർഷം തടവുശിക്ഷ അനുഭവിച്ചാൽ മതിയാകും.
കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഇയാൾക്ക് റെയിൽവേയിലെ ജോലി നഷ്ടമായിരുന്നു. ഇയാൾക്ക് മറ്റ് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലെന്ന് കോടതിയിൽ ചൂണ്ടിക്കാണിച്ചെങ്കിലും ശിക്ഷ ഒഴിവാക്കാൻ കോടതി തയ്യാറായില്ല. ഹൈക്കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും രണ്ട് മാസത്തിനുള്ളിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights
The Jharkhand High Court upheld the conviction of a 75-year-old former railway clerk in a 1995 Rs 100 bribery case. Considering his age, the court reduced his jail sentence to one year and ordered him to surrender.






