Connect with us

വോട്ടോട്ടം

ചുഴിയില്‍ കരുതല്‍;വോട്ടില്‍ കണ്ണ്‌

സ്ഥാനാർഥികളെ ചുറ്റിപ്പറ്റി ചൂടുപിടിച്ച വിവാദങ്ങൾ പോരാട്ടത്തിന്റെ മൂർച്ച കൂട്ടി

Published

|

Last Updated

പത്തനംതിട്ടയിലെ അടിയൊഴുക്കും ചുഴിയും ഇനിയും വെളിവായിട്ടില്ല. പുറമേ ശാന്തമായ പുഴ പോലെ വോട്ടർമാരുടെ മനസ്സ് കരുതിവെച്ചതെന്തെന്ന് ഊഹിക്കുക പ്രയാസം. പാർലിമെന്റിലേക്ക് തുടർച്ചയായി മൂന്ന് തവണ യു ഡി എഫിനെ തുണച്ചെങ്കിലും നിയമസഭാ മണ്ഡലങ്ങൾ ഏഴും ചുവന്നുനിൽക്കുന്നത് ഇടതിനോടുള്ള മമതയുടെ തെളിവാകുന്നു.

സ്ഥാനാർഥികളെ ചുറ്റിപ്പറ്റി ചൂടുപിടിച്ച വിവാദങ്ങൾ പോരാട്ടത്തിന്റെ മൂർച്ച കൂട്ടി. പ്രചാരണത്തിന്റെ പേരിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ നേതാക്കൾ തമ്മിലടിച്ചത് യു ഡി എഫ് പ്രചാരണായുധമാക്കി. പത്തനംതിട്ടക്കാർക്ക് തൊഴിലും വിജ്ഞാനവും വാഗ്ദാനം ചെയ്ത് കളത്തിലിറങ്ങിയ തോമസ് ഐസക്കിനെ കുരുക്കിട്ടു പിടിക്കാൻ നടക്കുന്ന ഇ ഡിക്കെതിരായ ഹൈക്കോടതി വിധി എൽ ഡി എഫിന് ആശ്വാസമായി.

പിതാവും പുത്രനും
മുതിർന്ന കോൺഗ്രസ്സ് നേതാവ് എ കെ ആന്റണിയും എൻ ഡി എ സ്ഥാനാർഥിയായ മകൻ അനിൽ ആന്റണിയും കൊമ്പുകോർത്തത് രാഷ്ട്രീയ കൗതുകമായി. മണ്ഡലത്തിൽ കഴിഞ്ഞ തവണ കെ സുരേന്ദ്രൻ മത്സരിച്ചപ്പോഴുണ്ടായിരുന്ന വൈകാരികാന്തരീക്ഷം ഇപ്പോഴില്ലെന്നതും എൻ ഡി എ തിരിച്ചറിയുന്നു. രാഷ്ട്രീയ പോരാട്ടത്തിന് ഊർജം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമെത്തിയതും മുന്നണി സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ആവേശം പകർന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ ആന്റോ ആന്റണിക്ക് ലഭിച്ചത് 44,243 വോട്ടിന്റെ ഭൂരിപക്ഷമാണ്. അതു മറികടന്ന് ചെങ്കൊടി ഉയർത്താമെന്നാണ് എൽ ഡി എഫ് പ്രതീക്ഷ. ക്രിസ്ത്യൻ സമൂഹങ്ങൾ നിർണായക സ്വാധീനം ചെലുത്തുന്ന മണ്ഡലത്തിൽ മുന്നണിക്കു പുറത്തുനിന്ന് വോട്ട് സമാഹരിക്കാനാണ് എൽ ഡി എഫ് ശ്രമം. ജില്ലയിൽ സജീവമായ യാക്കോബായ സഭയുടെ പ്രഖ്യാപനം എൽ ഡി എഫിന് നേട്ടമായേക്കും. കഴിഞ്ഞ തവണ ഇടഞ്ഞുനിന്ന കോൺഗ്രസ്സ് നേതാക്കളും ഭിന്നിച്ചുപോയ സഭാ വോട്ടുകളും ഇത്തവണ ഒപ്പമുണ്ടെന്നാണ് യു ഡി എഫ് ആത്മവിശ്വാസം. മുസ്‌ലിംകളുടെ വോട്ട് തങ്ങളുടെ പെട്ടിയിൽ വീഴുമെന്നും പ്രതീക്ഷിക്കുന്നു. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ ഒപ്പം നിൽക്കുകയും ജയിച്ചാൽ കേന്ദ്ര മന്ത്രി എന്ന വാഗ്ദാനം വോട്ടർമാരിൽ ചലനമുണ്ടാക്കുകയും ചെയ്താൽ വിജയിക്കാമെന്നാണ് എൻ ഡി എയുടെ കണക്കുകൂട്ടൽ.

കാട്ടാന
പെരുനാട് പഞ്ചായത്തിലെ തുലാപ്പള്ളിയിൽ കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പ്രതിപക്ഷം ആയുധമാക്കി. കുടുംബത്തിനു ലഭിച്ച ധനസഹായത്തിന്റെ പേരിലും വിവാദമുണ്ടായി. പത്ത് ലക്ഷം രൂപ നൽകിയത് സംസ്ഥാന സർക്കാറാണെന്ന് എൽ ഡി എഫ് പ്രചരിപ്പിക്കുന്നു. കേന്ദ്ര പദ്ധതിയിലുള്ള സഹായം സംസ്ഥാന സർക്കാർ പ്രതിനിധി നൽകിയെന്നേയുള്ളൂവെന്ന് ആന്റോ ആന്റണി. വന്യമൃഗ ശല്യം തടയാനുള്ള കേന്ദ്ര പദ്ധതികൾ സംസ്ഥാനം നടപ്പാക്കിയില്ലെന്ന് എൻ ഡി എ കുറ്റപ്പെടുത്തുന്നു.

റബർ കർഷകരിലാണ് മുന്നണികളുടെ മറ്റൊരു കണ്ണ്. റബറിന് കിലോക്ക് 200നു മുകളിൽ വില കിട്ടിയത് യു പി എ സർക്കാർ കാലത്താണെന്ന് യു ഡി എഫ്. താങ്ങുവില ഉയർത്തി കർഷകരെ സംരക്ഷിക്കുന്നത് തങ്ങളാണൈന്ന് എൽ ഡി എഫ്. മോദി സർക്കാർ റബറിന്റെ ഇറക്കുമതി നികുതി ഉയർത്തിയതോടെ കർഷകർക്ക് വില കൂട്ടിക്കിട്ടിയെന്ന് എൻ ഡി എ. അതിനിടെ, അനിലിനെതിരെ ദല്ലാൾ നന്ദകുമാർ ഉയർത്തിയ കൈക്കൂലി ആരോപണം കത്തിനിൽക്കുകയാണ്.

Latest