Connect with us

Siraj Article

ബിഷപ്പിനെ തീണ്ടിയ ‘വിഷം' അത്ര ചെറുതല്ല

2009ല്‍ ‘ലവ് ജിഹാദ്' എന്ന വ്യാജത്തിന് കാറ്റുപിടിപ്പിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഭാഗത്തു നില്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ പോലും ഏതാണ്ട് മൗനത്തിലായിരുന്നു. ഉണ്ടാകാന്‍ ഇടയുള്ള നഷ്ടങ്ങളായിരുന്നു അവരെ മൗനത്തിന്റെ കൂടുകളിലൊളിപ്പിച്ചത്. ഇപ്പോഴും ആ മൗനം വലിയ തോതിലൊന്നും ഭഞ്ജിക്കപ്പെടുന്നില്ല. ലഹരിക്ക് മതമോ ജാതിയോ ഇല്ല, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ ആരും നടത്തരുത് തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നടത്തുന്ന സാരോപദേശങ്ങള്‍ക്ക് ഇറക്കാവുന്ന വിഷമല്ല ഇവരെ തീണ്ടിയിരിക്കുന്നത്

Published

|

Last Updated

‘ലവ് ജിഹാദെ’ന്ന വ്യാജം കേരളത്തിലും കര്‍ണാടകത്തിലും വലിയ തോതില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത് 2009ലാണ്. അക്കാലത്ത് രണ്ട് പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രണ്ട് ചെറുപ്പക്കാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ഈ ഹരജികള്‍ പരിഗണിക്കവെ കേരളത്തില്‍ “ലവ് ജിഹാദ്’ അരങ്ങേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്ന മതപരിവര്‍ത്തനങ്ങളില്‍ “ലവ് ജിഹാദി’ന്റെ സാന്നിധ്യമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ ടി ശങ്കരന്‍ ഉത്തരവിട്ടു. “ലവ് ജിഹാദി’നായി സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും വിദേശത്തു നിന്ന് പണം വരുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അന്നത്തെ ഡി ജി പി, കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് പറഞ്ഞ് തള്ളിയ കോടതി പതിനാല് ജില്ലകളിലെയും പോലീസ് മേധാവിമാരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. “ലവ് ജിഹാദ്’ എന്നത് വ്യാജ പ്രചാരണം മാത്രമാണെന്ന് വ്യക്തമാക്കിയാണ് പതിനാല് ജില്ലകളിലെയും പോലീസ് മേധാവിമാരും പിന്നീട് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേകാലത്ത് കര്‍ണാടകയില്‍ ബി ജെ പി നേതാവ് ബി എസ് യെദ്യൂരപ്പയായിരുന്നു മുഖ്യമന്ത്രി. വി എസ് ആചാര്യ ആഭ്യന്തര മന്ത്രിയും. “ലവ് ജിഹാദ്’ ആരോപണത്തെക്കുറിച്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി ഐ ഡി) അന്വേഷണം ആ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒന്നും കണ്ടെത്താതെയാണ് ആ അന്വേഷണം അവസാനിച്ചത്. കേരളത്തില്‍ നാലായിരം പെണ്‍കുട്ടികളും കര്‍ണാടകയില്‍ അയ്യായിരം പെണ്‍കുട്ടികളും “ലവ് ജിഹാദി’ന് ഇരയായെന്ന വ്യാജം വലിയ തോതില്‍ പ്രചരിച്ച കാലത്തായിരുന്നു ഈ അന്വേഷണങ്ങള്‍.

വര്‍ഗീയ ധ്രുവീകരണമെന്ന ലക്ഷ്യത്തോടെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ ആസൂത്രണം ചെയ്ത ഈ വിദ്വേഷ പ്രചാരണത്തെ അന്ന് കേരളത്തിലെ കത്തോലിക്കാ സഭയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഏറ്റെടുത്തിരുന്നു. പോലീസ് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകളോടെ ഈ പ്രചാരണത്തിന് തത്കാലത്തേക്ക് വിരാമമായെങ്കിലും ഇടക്കിടെ ഇത് ഉയിര്‍ത്തെഴുന്നേറ്റു. പിന്നീട് അതൊരു രാജ്യവ്യാപക പ്രചാരണമായി മാറുകയും സംഘ്പരിവാരവും ബി ജെ പിയും അത് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയിലാണ് ബി ജെ പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ “ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ നിയമ ഭേദഗതികളുണ്ടാകുന്നത്. 2009ല്‍ ആരംഭിച്ച നുണ പ്രചാരണം, വ്യാഴവട്ടം പിന്നിടുമ്പോള്‍ പല സംസ്ഥാനങ്ങളിലും നിയമം മൂലം തടയപ്പെട്ട യാഥാര്‍ഥ്യത്തിന്റെ വേഷം ആര്‍ജിച്ചിരിക്കുന്നുവെന്ന് ചുരുക്കം. അതുവഴി, ഇതര മതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വഞ്ചിക്കാനോ, ഭീകരവാദ പ്രസ്ഥാനങ്ങളില്‍ അണിചേര്‍ക്കാനോ പ്രവര്‍ത്തിക്കുന്നവരുള്‍ക്കൊള്ളുന്ന വിഭാഗമായി രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ ചിത്രീകരിക്കപ്പെടുന്നു. എവിടെ സ്‌ഫോടനമുണ്ടായാലും അതിന്റെ ആഘാതം മുഴുവനായി പുറത്തുവരും മുമ്പ്, ഉത്തരവാദിത്വം മുസ്‌ലിംകളുടെ ചുമലില്‍ ചാരി, ഒരു ജനവിഭാഗത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ പഴയ തന്ത്രത്തിന്റെ മറ്റൊരു പതിപ്പായി “ലവ് ജിഹാദ്’ ഉപയോഗിക്കപ്പെട്ടു. പഴയതിനേക്കാള്‍ പ്രഹരശേഷിയുള്ളതായിരുന്നു പുതിയ ആയുധം. സ്വന്തം പെണ്‍കുഞ്ഞുങ്ങളെ ചതിയില്‍പ്പെടുത്താന്‍ ശ്രമിക്കുന്നവരെന്ന പ്രതിച്ഛായ ചാര്‍ത്തപ്പെടുന്നവരോട് ഇതര സമുദായത്തില്‍പ്പെടുന്നവര്‍ക്കുണ്ടാകുന്ന വെറുപ്പ് അത്രക്കധികമായിരിക്കുമല്ലോ!

2009ല്‍, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ വിദ്വേഷ അജന്‍ഡയുടെ പ്രചാരക സ്ഥാനമാണ് കേരളത്തിലെ കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ മുഖപ്പത്രം ഏറ്റെടുത്തതെങ്കില്‍ 2021ലെത്തുമ്പോള്‍ സംഘ്പരിവാരത്തിന് പുതിയ അജന്‍ഡകള്‍ സൃഷ്ടിച്ചുകൊടുക്കുന്ന അവസ്ഥയിലേക്ക് കത്തോലിക്കാ സഭയിലെ ചില ബിഷപ്പുമാരെങ്കിലും എത്തിയിരിക്കുന്നു. “ലവ് ജിഹാദി’നൊപ്പം “നാര്‍കോട്ടിക് ജിഹാദു’മുണ്ടെന്നും അമുസ്‌ലിംകളെ മുഴുവന്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നുമുള്ള പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയും ഇരിങ്ങാലക്കുട ബിഷപ്പ് പൗളി കണ്ണൂക്കാടന്റെ ശരിവെക്കലും അതിന് തെളിവാണ്. ഹോട്ടലുകള്‍, ബേക്കറികള്‍, ജ്യൂസ് ഷോപ്പുകള്‍ എന്നിവയൊക്കെ നാര്‍കോട്ടിക് ജിഹാദികള്‍ ഉപയോഗപ്പെടുത്തുന്നുവെന്നും അവിടെ എത്തുന്ന ഇതര മതസ്ഥര്‍ക്ക് അവരറിയാതെ ലഹരി വസ്തുക്കള്‍ കലര്‍ത്തിയ ഭക്ഷ്യവസ്തുക്കള്‍ നല്‍കി, അടിമകളാക്കുന്നുവെന്നൊക്കെയാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ കണ്ടെത്തല്‍! മയക്കുമരുന്ന് കേസില്‍ അടുത്തിടെ അറസ്റ്റിലായവരുടെ മതം തിരിച്ചുള്ള കണക്കവതരിപ്പിച്ച്, ബിഷപ്പിന്റെ വാദത്തെ ന്യായീകരിക്കാനുള്ള ശ്രമം വേറെ. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും അതിനെ സാധൂകരിക്കാനായി അവതരിപ്പിക്കുന്ന കണക്കുകളും സമൂഹത്തിലുണ്ടാക്കാന്‍ ഇടയുള്ള അവിശ്വാസത്തിന്റെ അന്തരീക്ഷവും അസ്വസ്ഥതകളും എത്ര വലുതാണെന്ന് ആലോചിക്കാനുള്ള ഉത്തരവാദിത്വമുണ്ട് ബിഷപ്പ് പദവിയിലൊക്കെ ഇരിക്കുന്നവര്‍ക്ക്. സംഘ്പരിവാരത്തിന്റെ അജന്‍ഡാ നിര്‍മാതാക്കളായി മാറുന്നവര്‍ ആ ഉത്തരവാദിത്വം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെങ്കിലും.

കുറ്റകൃത്യങ്ങളുടെ കണക്ക് അവതരിപ്പിച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, കത്തോലിക്കാ സഭയിലെ പുരോഹിതര്‍ നടത്തിയ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച്, (കുട്ടികളും സ്ത്രീകളും ഇരകളായ, കഴിഞ്ഞ നൂറ്റാണ്ടിലെയും ഈ നൂറ്റാണ്ടിലെയും കേസുകള്‍) നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. നിരവധി ആരോപണങ്ങള്‍ മാര്‍പാപ്പ തന്നെ ശരിവെക്കുകയും ആരോപണങ്ങള്‍ മൂടിവെക്കാന്‍ സഭയുടെ ഉന്നത നേതൃത്വത്തിലുള്ളവര്‍ നടത്തിയ ശ്രമങ്ങളെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ തന്നെ ഉയര്‍ന്ന ആരോപണങ്ങളും കേസുകളും ബിഷപ്പിന്റെയും പിന്തുണക്കാരുടെയും ഓര്‍മയിലുണ്ടാകുമല്ലോ? ഈ കണക്ക് മുന്നില്‍ നില്‍ക്കെ, ഒരു പൊതു തത്വ നിര്‍മിതിക്ക് ശ്രമിച്ചാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് പാലാ, ഇരിങ്ങാലക്കുട ബിഷപ്പുമാരും ന്യായീകരണക്കാരും തമാശക്ക് ഒന്നാലോചിച്ച് നോക്കുന്നത് നന്നായിരിക്കും.
വിദ്വേഷ പ്രചാരണത്തിലൂടെയും വര്‍ഗീയ സംഘര്‍ഷങ്ങളുടെ ആസൂത്രണത്തിലൂടെയും വംശഹത്യാ ശ്രമങ്ങളിലൂടെയും ഭൂരിപക്ഷ സമുദായത്തിന്റെ ധ്രുവീകരണമുറപ്പാക്കി അധികാരം പിടിക്കുക എന്ന തന്ത്രം സംഘ്പരിവാരം വിജയകരമായി പരീക്ഷിച്ചതാണ്. “ലവ് ജിഹാദ്’ എന്ന വ്യാജം ഉപയോഗിച്ച് അവിശ്വാസം വളര്‍ത്തി, വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയാണ് ഉത്തര്‍ പ്രദേശില്‍ വലിയ വിജയങ്ങള്‍ ബി ജെ പി നേടിയതും. കേരളത്തില്‍ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം മാത്രം മതിയാകില്ല സ്വാധീനമുറപ്പിക്കാന്‍ എന്ന തിരിച്ചറിവില്‍ ക്രിസ്തീയ വിഭാഗത്തില്‍ വേരുകള്‍ പടര്‍ത്താന്‍ സംഘ്പരിവാരം ശ്രമം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അതിലേക്ക് വളമാകാന്‍ പാകത്തിലുള്ള നുണകളുടെ പ്രചാരണം സംഘടിതമായി നടത്തുകയും ചെയ്യുന്നുണ്ട്. ആ കനലിലേക്ക് എണ്ണയൊഴിക്കാന്‍ ബിഷപ്പ് തീരുമാനിക്കുമ്പോള്‍ സംഘ്പരിവാരം സഭാ നേതാക്കളില്‍ ചിലരിലെങ്കിലും സ്വാധീനമുറപ്പിച്ചുവെന്ന് തന്നെ കരുതണം.

2009ല്‍ “ലവ് ജിഹാദ്’ എന്ന വ്യാജത്തിന് കാറ്റുപിടിപ്പിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഭാഗത്തു നില്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ പോലും ഏതാണ്ട് മൗനത്തിലായിരുന്നു. ഉണ്ടാകാന്‍ ഇടയുള്ള നഷ്ടങ്ങളായിരുന്നു അവരെ മൗനത്തിന്റെ കൂടുകളിലൊളിപ്പിച്ചത്. ഇപ്പോഴും ആ മൗനം വലിയ തോതിലൊന്നും ഭഞ്ജിക്കപ്പെടുന്നില്ല. ലഹരിക്ക് മതമോ ജാതിയോ ഇല്ല, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ ആരും നടത്തരുത് തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നടത്തുന്ന സാരോപദേശങ്ങള്‍ക്ക് ഇറക്കാവുന്ന വിഷമല്ല ഇവരെ തീണ്ടിയിരിക്കുന്നത്. കേരള, കര്‍ണാടക പോലീസുകള്‍ മാത്രമല്ല, എന്‍ ഐ എ പോലും അന്വേഷിച്ച് തള്ളിക്കളഞ്ഞ ആരോപണം ആവര്‍ത്തിക്കാന്‍ വളയുന്ന നാക്കുകള്‍ മറുപടി പറയേണ്ടത് നിയമത്തിന് മുന്നില്‍ തന്നെയാണ്.

Latest