National
ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയുള്ള ഭൂചലനം ; ഡല്‍ഹിയിലും പ്രകമ്പനം
ഡല്‍ഹി എന്‍സിആര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെ വടക്കേ ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു
ചമോലി | ഉത്തരാഖണ്ഡില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഡല്‍ഹി എന്‍സിആര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെ വടക്കേ ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി നല്‍കുന്ന വിവരമനുസരിച്ച്, രാത്രി 10.15 ഓടെയാണ് ഭൂചലനമുണ്ടായത്. ചമോലിയാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ ആഴത്തിലാണ് ചലനം
ഭൂചലനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി എന്‍സിആറിലും വടക്കേ ഇന്ത്യയിലെ മറ്റ് പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. വിവിധ പ്രദേശങ്ങളിലുള്ളവര്‍ നേരിയ തോതിലുള്ള ചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരാഖണ്ഡിലുണ്ടായ പല ഭൂകമ്പങ്ങളും എം സി ടിക്ക് സമീപമാണ് സംഭവിച്ചതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിന്റെ കൃത്യമായ ആഴം, പ്രഭവകേന്ദ്രം, ഭൂകമ്പം ഉണ്ടായ രീതി എന്നിവ വിശകലനം ചെയ്ത ശേഷമേ അത് പ്രത്യേകമായി എം സി ടിയുമായി ബന്ധപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാന്‍ ഗവേഷകര്‍ക്ക് കഴിയൂ. ഇന്ത്യന്‍ യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ തമ്മിലുള്ള നിരന്തരമായ കൂട്ടിയിടിയാണ് വിശാലമായ ഹിമാലയന്‍ വ്യവസ്ഥയെ ചലിപ്പിക്കുന്നത്. ഈ പ്ലേറ്റുകളുടെ കൂട്ടിയിടി മൂലമുണ്ടാകുന്ന സമ്മര്‍ദ്ദത്തെ ഉള്‍ക്കൊള്ളുന്ന ആഴത്തിലുള്ള ഫോള്‍ട്ട് സംവിധാനമാണ് മെയിന്‍ ഹിമാലയന്‍ ത്രസ്റ്റ് (എം സി ടി). സങ്കീര്‍ണ്ണമായ ഈ ഫോള്‍ട്ട് ശൃംഖലയുമായി ബന്ധപ്പെട്ട് ഉപരിതലത്തോട് അടുത്തോ അല്ലെങ്കില്‍ ഇടത്തരം ആഴത്തിലോ ഭൂകമ്പങ്ങള്‍ ഇടക്കിടെ ഉണ്ടാകാറുണ്ടെന്ന് ഗര്‍വാള്‍-കുമാവോണ്‍ മേഖലയിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നമെയിന്‍ ബൗണ്ടറി ത്രസ്റ്റ്, ഹിമാലയന്‍ ഫ്രോണ്ടല്‍ ത്രസ്റ്റ്, മൊറാദാബാദ് ഫോള്‍ട്ട്, ഗ്രേറ്റ് ബൗണ്ടറി ഫോള്‍ട്ട് തുടങ്ങി മറ്റ് പ്രധാന ഘടനകളും ഈ മേഖലയിലുണ്ട്. ഈ ഘടനകള്‍ ഉത്തരാഖണ്ഡ് ഹിമാലയത്തെ വിവിധ ഭാഗങ്ങളായി തിരിക്കുകയും ഭൂകമ്പവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്നതിനെ സ്വാധീനിക്കുകയും ചെയ്യുന്നു. 1991ലെ ഉത്തര്‍കാശി ഭൂകമ്പം, 1999ലെ ചമോലി ഭൂകമ്പം എന്നിവയുള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ വരുത്തിയ ഭൂകമ്പങ്ങള്‍ക്ക് ഉത്തരാഖണ്ഡ് മുന്‍പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിലവില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തെ മിതമായ തീവ്രതയുള്ള ഒന്നായി കണക്കാക്കണം. വടക്കേ ഇന്ത്യയിലുടനീളം അനുഭവപ്പെട്ട പ്രകമ്പനങ്ങള്‍ മാത്രം വലിയൊരു ഭൂകമ്പം ഉടന്‍ ഉണ്ടാകുമെന്നതിന്റെ സൂചനയല്ല




