Connect with us

Muslim League Internal Issue

ലീഗിൽ 'കുഞ്ഞാലിക്കുട്ടി ഫാൻസ്' വരുന്നു; ലക്ഷ്യം പ്രതിച്ഛായ വീണ്ടെടുക്കൽ

കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന പുതുതലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം.

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗിന്റെ താഴെ തട്ട് മുതൽ  ‘കുഞ്ഞാലിക്കുട്ടി ഫാൻസ്’ രൂപവത്കരിക്കുന്നു. കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന പുതുതലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ശാഖാ തലം മുതൽ ഒരു വിഭാഗം പ്രവർത്തകരെ സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അടുത്ത കാലത്തായി രാഷ്ട്രീയ എതിരാളികളിൽ നിന്നും പാർട്ടിക്കകത്ത് നിന്നും കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ച് വലിയ തോതിലുള്ള നീക്കങ്ങളുണ്ടാകുന്നുണ്ട്.

മുഈനലി തങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ഉൾപ്പെടെ പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ ഉയർന്ന വിമർശം കുഞ്ഞാലിക്കുട്ടിക്ക് വലിയ പരുക്കാണ് ഏൽപ്പിച്ചിരിക്കുന്നത്. പാർട്ടി നേതൃയോഗത്തിൽ പോലും അദ്ദേഹം ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ഇത് തിരിച്ചറിഞ്ഞ കുഞ്ഞാലിക്കുട്ടിയുടെയും അദ്ദേഹത്തെ പിന്തുണക്കുന്ന നേതാക്കളുടെയും ആശീർവാദത്തോടെയാണ് യുവ അനുകൂലികളെ വാർത്തെടുക്കാനുള്ള ശ്രമം.

മുഈനലി തങ്ങളുടെ വിമർശത്തോടെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പാർട്ടി പ്രവർത്തനങ്ങളിൽ യുവ തലമുറക്ക് അതൃപ്തിയുണ്ടായെന്ന വിലയിരുത്തൽ ഉയരുന്നുണ്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി തങ്ങൾക്കെതിരെ നടപടിയെടുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ശ്രമമുണ്ടായെന്ന വിമർശം യുവാക്കളിൽ വരെ വലിയ തോതിൽ പ്രചരിച്ചു. ഇനിയുള്ള കാലം കുഞ്ഞാലിക്കുട്ടിയെ ആശ്രയിച്ചുള്ള പാർട്ടിയല്ല ലീഗെന്ന വിലയിരുത്തൽ പാർട്ടിയുടെ വിവിധ തട്ടുകളിൽ ചർച്ച ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ശാഖാ തലം മുതൽ ‘കുഞ്ഞാലിക്കുട്ടി ഫാൻസ്’ രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നത്.

ഇതിനായി പാർട്ടിയിൽ പ്രത്യേക വിഭാഗം തന്നെ അനൗദ്യോഗികമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. വാട്‌സ്‌ആപ്പ് കൂട്ടായ്മ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് നീക്കം.

പാർട്ടിയിലെ പ്രശ്‌നങ്ങളെ തുടർന്ന് ശാഖാ തലം മുതൽ നിലവിൽ കാര്യമായ യോഗങ്ങളൊന്നും നടക്കുന്നില്ല. ജില്ലാ കമ്മിറ്റി യോഗങ്ങളോ സംസ്ഥാന പ്രവർത്തക സമിതിയോ ഇതുവരെയും ചേരാനായിട്ടില്ല. സംസ്ഥാന പ്രവർത്തക സമിതി വിളിച്ചുചേർത്താൽ അതിൽ വിമർശം ഉന്നയിക്കാനായി ഒരു വിഭാഗം നേതാക്കളുണ്ടാകുമെന്ന തിരിച്ചറിവ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിലുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം വൈകുന്നത്.
ഹൈദരലി ശിഹാബ് തങ്ങളുടെ അസുഖമായിരുന്നു ഇതുവരെ ചില നേതാക്കൾ യോഗം നടക്കാത്തതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest