Ongoing News
'നാർക്കോട്ടിക്സ് ജിഹാദ് പോലുള്ള പരാമർശങ്ങളെ തിരുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയായി മാറുന്നത് ഖേദകരം'
ക്രിസ്ത്യൻ സമുദായത്തിലെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഉത്തരവാദപ്പെട്ട മത നേതാക്കൾ ആണ് ആ ദൗത്യം ഏറ്റെടുക്കേണ്ടത്. അതിനവർ മുൻകൈ എടുക്കുമെന്നാണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്.
മതപരിവർത്തനങ്ങളെ മനസ്സിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നിടത്ത് മതനേതാക്കൾ പലപ്പോഴും പരാജയപ്പെടുകയാണ് എന്ന് വേണം കരുതാൻ. മതപരിവർത്തനത്തെ കുറിച്ച് സൂക്ഷ്മമായി പഠിക്കുന്ന സാമൂഹ്യ ശാസ്ത്ര പഠനങ്ങൾ പരിശോധിച്ചാൽ ഈ പരാജയം കൂടുതൽ വ്യക്തമാകും. ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തിന് നിരവധി കാരണങ്ങൾ ഇത്തരം പഠനങ്ങൾ വിശദീകരിക്കുന്നുണ്ട്. ജാതി- വർണ വ്യവസ്ഥ മുതൽ സമൂഹത്തിൽ വേരൂന്നിയ ധാർമികമായ അരക്ഷിതാവസ്ഥകളിൽ നിന്നുളള അഭയം തേടിപ്പോകലിന്റെ ഭാഗമായി ഇസ്‌ലാമിലേക്ക് എത്തിയവർ ഉണ്ട്. ഭർത്താക്കന്മാരുടെ സ്ഥാനവും കടമയും ഭാര്യയോട് കാണിക്കേണ്ട മര്യാദയും നിയമങ്ങളുമെല്ലാം പലരെയും ആകർഷിച്ചെന്ന് ചില പഠനങ്ങളിൽ കാണുന്നു. എന്തിനധികം, യൂറോപ്പിലെ ഫാക്ടറികളിലെ പുകക്കുഴലിനേക്കാൽ സൗന്ദര്യം മിനാരത്തിന് ഉണ്ടെന്ന് പറഞ്ഞ് ഇസ്‌ലാമിലേക്ക് വന്ന ഒരു യൂറോപ്യൻ ക്രിസ്ത്യാനിയുടെ കഥ സ്വീഡിഷ് സൂഫി പണ്ഡിതനായ ശെയ്ഖ് അൽ അഖിലി പറയുന്നുണ്ട്. അഖിലി തന്നെയും ഇസ്‌ലാമിലേക്ക് കടന്നുവന്ന യൂറോപ്യൻ ക്രിസ്ത്യൻ ആയിരുന്നു. മതത്തിന്റെ മധുരവും സൗന്ദര്യവും തുറവിയും അറിഞ്ഞ് നടക്കുന്ന പരിവർത്തനങ്ങളെ, മതവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ മുൻനിർത്തിയും മതം തന്നെ ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണെന്ന് എന്ന മട്ടിലും അവതരിപ്പിക്കുന്നത് ശരിയായ കാരണങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായേ കാണാൻ കഴിയുകയുള്ളൂ. ആ ഒളിച്ചോട്ടമാണ് സാമുദായിക സ്പർധ പറത്തുന്ന പ്രസ്താവനകളി ലേക്ക് പല മത നേതാക്കളെയും കൊണ്ടു ചെന്നെത്തിക്കുന്നത്.



