Ongoing News
യു എസ് ആക്രമണ ഭീഷണി; ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ വിടണമെന്ന് നിര്‍ദ്ദേശം
വിമാനമടക്കം ലഭ്യമായ യാത്രാ ഉപാധികള്‍ ഉപയോഗപ്പെടുത്താനും സഹായത്തിന് ബന്ധപ്പെടാനും എംബസി അറിയിപ്പില്‍ പറയുന്നു.
ടെഹ്റാന്‍ | യുഎസ് ആക്രമണ ഭീഷണി ശക്തമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ഇറാന്‍ വിടണമെന്ന് നിര്‍ദേശം നല്‍കി ടെഹ്റാനിലെ ഇന്ത്യന്‍ എംബസി. വിമാനമടക്കം ലഭ്യമായ യാത്രാ ഉപാധികള്‍ ഉപയോഗപ്പെടുത്താനും സഹായത്തിന് ബന്ധപ്പെടാനും എംബസി അറിയിപ്പില്‍ പറയുന്നു.
ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും നിലവില്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മരായ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ കൊമേഴ്സ്യല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടണമെന്ന് നിര്‍ദേശിക്കുന്നു.-എംബസി അറിയിപ്പില്‍ പറയുന്നു.
യു എസും ഇറാനും തമ്മില്‍ ആണവ കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും ഇറാനുമേല്‍ അമേരിക്കയുടെ ആക്രമണം ഉടനുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാര്‍ക്കായി എംബസി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും, പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും ജനുവരിയില്‍ നല്‍കിയ മുന്‍ നിര്‍ദേശശം എംബസി ആവര്‍ത്തിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം നിലനിര്‍ത്താനും പ്രാദേശിക മാധ്യമങ്ങളിലൂടെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

