Education
'പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശാക്തീകരണം': അന്താരാഷ്ട്ര സമ്മേളനം 26 ന് കൊല്‍ക്കത്തയില്‍
'ഭാവിനൈപുണ്യം': പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശാക്തീകരണത്തില്‍ എന്‍ ജി ഒ, അക്കാഡെമിയ, ഇന്‍ഡസ്ട്രി എന്നിവയുടെ പങ്ക്' എന്ന മുഖ്യ പ്രമേയത്തില്‍ ആണ് സമ്മേളനം.

കൊല്‍ക്കത്ത | അസോസ്സിയേഷന്‍ ഫോര്‍ ലേണിങ് റിസര്‍ച്ച് ആന്‍ഡ് അക്കാദമിക് ഡയലോഗ് (അല്‍റാഡ്) ഉം അവര്‍ ഹെറിറ്റേജ് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര സമ്മേളനം ജൂലൈ 26 ന് കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസില്‍ നടക്കും. കൊല്‍ക്കത്ത കേന്ദ്രീകരിച്ചുള്ള മലയാളി അക്കാദമിഷ്യന്മാരുടെ കൂട്ടായ്മയാണ് അല്‍റാഡ്. അവര്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍, കൊല്‍ക്കത്തയിലെ ചേരികളിലെ കുട്ടികളുടെ വിഭ്യാഭ്യാസ ഉന്നമനം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയും.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നാലാമത്തേതിനെ (എസ് ഡി ജി 4) കേന്ദ്രീകരിച്ചാണ് സമ്മേളന പ്രമേയം. ‘ഭാവിനൈപുണ്യം’: പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശാക്തീകരണത്തില്‍ എന്‍ ജി ഒ, അക്കാഡെമിയ, ഇന്‍ഡസ്ട്രി എന്നിവയുടെ പങ്ക്’ എന്ന മുഖ്യ പ്രമേയത്തില്‍ ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നഗരചേരികളിലെ എന്‍ ജി ഒകളുടെ നൈപുണ്യ പദ്ധതികള്‍, ചേരികളിലെ പഠനകേന്ദ്രങ്ങളിലെ ആരോഗ്യ സുരക്ഷ, പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സാങ്കേതികപഠനം, ചേരി നിവാസികളുടെ ഡിജിറ്റല്‍ സാക്ഷരത, അവരുടെ ഉപജീവനത്തിനും വിദ്യാഭ്യാസത്തിനുമായുള്ള അക്കാഡെമിയ-കമ്മ്യൂണിറ്റി ഇടപെടലുകള്‍, ചേരിപ്രദേശങ്ങളിലെ യുവാക്കളുടെ സംരംഭകത്വം, സാമ്പത്തിക സാക്ഷരത, നൈപുണ്യ വികാസത്തിനായുള്ള ഇന്‍ഡസ്ട്രി-അക്കാഡെമിയ ബന്ധങ്ങള്‍, നഗര ചേരികള്‍ക്കായുള്ള തൊഴില്‍ മാതൃകകള്‍, ഇന്‍ക്ലൂസിവ് നയങ്ങള്‍, സര്‍ക്കാര്‍ പിന്തുണകള്‍ തുടങ്ങിയ ഉപ പ്രമേയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.
ഡോ. അഹമ്മദ് സലീല്‍ (കിങ് ഖാലിദ് സര്‍വകലാശാല, സഊദി അറേബ്യ), അബ്ദുല്‍ റഷീദ് (മാനേജിങ് ഡയറക്ടര്‍, ഓപസ് ബി എം, യു എ ഇ) എന്നിവര്‍ സമ്മേളനത്തില്‍ മുഖ്യാഥിതികളായി പങ്കെടുത്തു സംസാരിക്കും. ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ട്. പ്രബന്ധങ്ങളുടെ ചുരുക്കങ്ങള്‍ ജൂലൈ 23 വരെ സമര്‍പ്പിക്കാവുന്നതാണ്. ഹൈബ്രിഡ് രൂപത്തില്‍ സംഘടിപ്പിക്കപ്പെടുന്ന സമ്മേളനത്തില്‍ ഓണ്‍ലൈന്‍ മുഖേനയും പങ്കെടുക്കാനാവും. വിശദ വിവരങ്ങള്‍ക്ക് 8139841076, 8125689418 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പശ്ചിമ ബംഗാളിലെ ഹിറമാനി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഡോ. സുധാന്‍സു ശേഖര്‍ ജാന, തൈ്വബ ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹൈറുദ്ധീന്‍ നൂറാനി, മൗലാനാ ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാലാ റീജ്യണല്‍ ഡയറക്ടര്‍ പ്രൊഫ. ഇ റഫീദലി, പ്രതിചി ഇന്ത്യ ട്രസ്റ്റ് ഡയറക്ടര്‍ സാബിര്‍ അഹമ്മദ്, ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല അസോസ്സിയേറ്റ് പ്രൊഫസര്‍മാരായ ഡോ എസ് ബാബു, ഡോ. ടി കെ ഫവാസ്, സുബ്രത റോയ് (എഫ് സി എ, കൊല്‍ക്കത്ത) തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. അക്ഷയ പ്രകാശ്, ഡോ. പി നഷാത്ത് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി, കൊല്‍ക്കത്ത), ഡോ. ഇ സലാഹുദ്ധീന്‍, ഡോ. കെ റഷീദ് (ആലിയ സര്‍വകലാശാല, കൊല്‍ക്കത്ത), ഫാത്തിമ സുഹ്റ, മുബഷിര്‍ മുഈനി (അവര്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍), മന്‍സൂര്‍ ഹുദവി (ഹാദിയ നാഷണല്‍ എജ്യുക്കേഷണല്‍ കൗണ്‍സില്‍), അബ്ദുല്‍ സലാം (ഫോര്‍വേഡ് ഫൗണ്ടേഷന്‍) എന്നിവരും സമ്മേളനത്തില്‍ സംബന്ധിക്കും.