Connect with us

Business

രണ്ടായിരം രൂപ നോട്ടുകൾ ഇൻഷൂർ ചെയ്ത തപാൽ വഴി റിസർവ് ബാങ്ക് ശാഖകളിലേക്ക് അയക്കാം

ആർ ബി ഐ. ടി എൽ ആർ (ട്രിപ്പിൾ ലോക്ക് റസീപ്റ്റകിൾ) സംവിധാനം വഴിയും നോട്ടുകൾ അയക്കാവുന്നതാണ്.

Published

|

Last Updated

ന്യൂഡൽഹി | രണ്ടായിരം രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യുന്നതിനായി റിസർവ് ബാങ്കിന്റെ നിർദ്ദിഷ്ട റീജ്യണൽ ഓഫീസുകളിലേക്ക് ഇൻഷൂർ ചെയ്ത തപാൽ വഴി അയക്കാൻ സൗകര്യം. റിസർവ് ബാങ്കിന്റെ റീജ്യണൽ ഓഫീസുകളിൽ നിന്ന് അകലെ താമസിക്കുന്ന ആളുകൾക്ക് ഇത് ഏറെ പ്രയോജനകരമാകും. ആർ ബി ഐ. ടി എൽ ആർ (ട്രിപ്പിൾ ലോക്ക് റസീപ്റ്റകിൾ) സംവിധാനം വഴിയും നോട്ടുകൾ അയക്കാവുന്നതാണ്.

തടസ്സമില്ലാത്തതും സുരക്ഷിതവുമായ രീതിയിൽ പണം അക്കൗണ്ടിൽ നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിനായി ഇൻഷൂർ ചെയ്ത പോസ്റ്റിലൂടെ രണ്ടായിരം രൂപ നോട്ടുകൾ ആർബിഐയിലേക്ക് അയയ്ക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതായി റിസർവ്വ് ബാങ്കിന്റെ റീജിയണൽ ഡയറക്ടർ രോഹിത്ത് ദാസ് പറഞ്ഞു. ഇത് ആർ ബി ഐ ശാഖകളിലേക്ക് യാത്ര ചെയ്യുന്നതിനും ക്യൂവിൽ നിൽക്കുന്നതിനുമുള്ള ബുദ്ധിമുട്ടിൽ നിന്ന് ജനങ്ങളെ രക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടിഎൽആർ, ഇൻഷൂർ ചെയ്ത പോസ്റ്റ് എന്നീ രണ്ട് ഓപ്ഷനുകളും വളരെ സുരക്ഷിതമാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ മനസ്സിൽ ഒരു ഭയവും വേണ്ടതില്ല. ഡൽഹി ഓഫീസിൽ മാത്രം ഇതുവരെ 700 ടി എൽ ആർ ഫോമുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെയ് 19നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതായി ആർബിഐ പ്രഖ്യാപിച്ചത്. 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 97 ശതമാനവും തിരിച്ചെത്തിയിട്ടുണ്ട്.

Latest