Connect with us

Tiger Attack

19ാം ദിവസവും കടുവ നാട്ടിൽ; ജനം ഭീതിയിൽ

പതിനേഴ് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നൊടുക്കിയത്

Published

|

Last Updated

മാനന്തവാടി | കുറുക്കൻ മൂല, പൈയ്യമ്പിള്ളി ഗ്രാമങ്ങളെയും പരിസര പ്രദേശങ്ങളെയും ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന കടുവയെ 19ാം ദിവസവും പിടികൂടാനായില്ല. രണ്ടാഴ്ചയിലധികമായി വനം വകുപ്പിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്താകെ തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ല. പതിനേഴ് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നൊടുക്കിയത്.

അധികൃതർ സ്ഥാപിച്ച ക്യാമറയിൽ കഴിഞ്ഞ ദിവസം കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. കഴുത്തിൽ മാരകമായ മുറിവുള്ളതായി വ്യക്തമാണ്. ഇതോടെ, കർണാടകയിൽ നിന്നെത്തിയതാകാമെന്ന നിഗമനത്തിലാണ് അധികൃതർ.

ചെറിയ വന്യമൃഗങ്ങളെ പിടികൂടുന്നതിന് വനാതിർത്തികളിൽ അനധികൃതമായി ഒരുക്കുന്ന കെണിയിൽ അകപ്പെട്ടാണ് കടുവക്ക് കഴുത്തിൽ സാരമായി പരുക്കേറ്റത്. കഴുത്തിൽ കുടുക്കുമായി കണ്ടെത്തിയ കടുവയെ പിടികൂടി ഇത് അഴിച്ചുമാറ്റിയ ശേഷം കർണാടക വനം വകുപ്പ് ജീവനക്കാർ കേരള അതിർത്തിയിൽ വിട്ടതാണെന്ന് ആരോപണം ഉയർന്നിരുന്നു. വയനാട് ഡാറ്റാ ബേങ്കിൽ ഉൾപ്പെട്ടതല്ലെന്നും കർണാടകയിൽ നിന്നാണോ എന്ന് അന്വേഷിക്കുമെന്നും ചിത്രങ്ങൾ ദേശീയ കടുവ അതോറിറ്റിക്ക് അയക്കുമെന്നും സ്ഥലം സന്ദർശിച്ച നോർത്തേൺ റീജ്യൻ സി സി എഫ്. ഡി കെ വിനോദ് കുമാർ അറിയിച്ചിരുന്നു.

ഒരു എ സി എഫും ആറ് ഡി എഫ് ഒമാരും ഇരുപതിലേറെ റെയ്ഞ്ച് ഓഫീസർമാരും 180ലേറെ വനം വകുപ്പ് ജീവനക്കാരുമാണ് തിരച്ചിൽ നടത്തുന്നത്. കണ്ണൂർ എ സി എഫ്. വി രാജൻ, ഡി എഫ് ഒമാരായ അജിത് കുമാർ, ജോഷിൽ, എ ഷജന, സുനിൽ കുമാർ, രമേഷ് ബിഷ്‌ണോയി, നരേന്ദ്രബാബു തുടങ്ങിയവരുടെ കീഴിലാണ് കടുവയെ പിടികൂടാനായി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

അമ്പതോളം ക്യാമറകളും മൂന്ന് ഡ്രോൺ ക്യാമറകളും വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് അഞ്ച് കൂടുകളാണ് സ്ഥാപിച്ചത്. പട്ടാപ്പകൽ പോലും പുറത്തിറങ്ങാൻ ഭയക്കുകയാണ് നാട്ടുകാർ.

അതിനിടെ, ഇന്നലെ രാവിലെ മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിലുള്ള നാട്ടുകാരും ഉന്നത വനപാലകരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു. സംഭവത്തിനിടെ വനപാലകൻ കത്തിയെടുക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

Siraj Live sub editor 9744663849

Latest