Kerala
കോണ്‍ഗ്രസ് പുനസംഘടന: കെ സുധാകരനും വി ഡി സതീശനും ഇന്ന് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം | കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള നേതാക്കളാണ് രാഹുല്‍ ഗാന്ധിയുമായ് ചര്‍ച്ച നടത്തുക.
ഈ മാസം അവസാനത്തോടെ ഡിസിസി അധ്യക്ഷന്‍മാരെ അടക്കം പ്രഖ്യാപിക്കാനാണ് ശ്രമങ്ങളാണ് നടന്ന് വരുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി സംസ്ഥാനത്തെ നേതാക്കള്‍ കെ സുധാകരന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.
ഗ്രൂപ്പ് വീതം വെപ്പ് ഉണ്ടാകില്ലെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയെങ്കിലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ സമ്മര്‍ദം ചെലുത്തിവരികയാണ്. ഇരുവരും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കായി അവകാശവാദം ഉന്നയിച്ച് തുടങ്ങിയതോടെ ഒന്നിലധികം പേരുകള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ സമര്‍പ്പിക്കേണ്ട സ്ഥിതിയാണ്.
സജീവഗ്രൂപ്പ് പ്രവര്‍ത്തകരെ തന്നെയാണ് ഡിസിസി പ്രസിഡന്റുമാരായി നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന സ്ഥാനാര്‍ഥികള്‍ പരാതിപ്പെട്ടവരും സാധ്യതാ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അതേ സമയം എംപിമാരോ എംഎല്‍എമാരോ ഡിസിസി പ്രസിഡന്റാമാരാകേണ്ടതില്ലെന്നത് ഗ്രൂപ്പിന് അതീതമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.