Ongoing News
ഇടതുകൈകൊണ്ട് എഴുതുന്നവര്‍ മിടു മിടുക്കര്‍; ഐ ക്യു ലെവല്‍ 140നു മുകളില്‍

കോഴിക്കോട് | കുട്ടിക്കാലം തൊട്ട് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നത് വലതുകൈക്ക് പ്രാധാന്യം കൊടുത്ത് എല്ലാ ജോലികളും ചെയ്യാനാണ്. എന്നാല്‍ ജന്മനാ വലതുകൈയേക്കാള്‍ ഇടതുകൈകാണ്ട് വളരെ മനോഹരമായി എഴുതുകയും ചിത്രം വര്ക്കുകയും മറ്റും ചെയ്യുന്നവരും ലോകത്തുണ്ട്. അത്തരക്കാരെ വലംകൈയന്മാരാക്കി മാറ്റിയെടുക്കുമ്പോള്‍ നിരവധി പ്രശ്നങ്ങളും ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇടതുകൈയ്യന്മാര്‍ക്കായി ഒരു ദിവസം തന്നെയുണ്ട്. എല്ലാ വര്‍ഷവും ആഗസ്റ്റ് 13 ആണ് ഇടംകൈയ്യരുടെ ദിവസമായി ആചരിക്കുന്നത്. അന്താരാഷ്ട്ര ലെഫ്റ്റ് ഹാന്‍ഡേര്‍സ് സ്ഥാപകന്‍ ഡീന്‍ ആര്‍ കാംപ്ബെല്‍ ആണ് 1976 ല്‍ ഇടതുകൈകാര്‍ക്ക് വേണ്ടി ഒരു ദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ഈ ദിവസത്തിന്റെ പ്രത്യേകത ഇടതു കൈകൊണ്ട് എഴുതുന്നതിന്റെ ഗുണവും ദോഷവും മനസ്സിലാക്കുക എന്നതാണ്.
ലോകത്തൊട്ടാകെ പത്ത് ശതമാനം ആളുകള്‍ മാത്രമാണ് ഇടംകൈയ്യരായിട്ടുള്ളത്. വലതു കൈ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ഇടംകൈയ്യര്‍ക്ക് ചില പ്രത്യേകതളുണ്ട്. ഇവരുടെ തലച്ചോറിന്റെ വലതു ഭാഗമാണ് കൂടുതല്‍ പ്രവര്‍ത്തിക്കുക. കലാ കായിക മേഖലകളില്‍ ഇവര്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വര്‍ഷങ്ങള്‍ക്കുമുമ്പ് വിദ്യാലയങ്ങളില്‍ ടീച്ചര്‍മാരും സഹപാഠികളും ഇടംകൈയ്യരെ പരിഹസിക്കുന്ന പ്രവണതയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം സമീപനങ്ങള്‍ മാറിയിട്ടുണ്ട്. എല്ലാവരും ഒരു വസ്തുത മനസ്സിലാക്കുന്നത് നല്ലതാണ്, വലതു കൈ ഉപയോഗിക്കുന്നവരേക്കാള്‍ മിടുക്കരാണ് ഇടംകൈയര്‍. കൂടാതെ വെള്ളത്തിനടിയിലെ കാഴ്ച്ചകള്‍പോലും കൃത്യമായി ഇടംകൈയ്യര്‍ക്ക് കാണാന്‍ സാധിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു.
ഇടതു കൈ ഉപയോഗിച്ച് എഴുതുന്ന പ്രമുഖ വ്യക്തികളും സാധാരണക്കാരുമുണ്ട്. ബറാക് ഒബാമ, ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ജൂലിയ റോബര്‍ട്സ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, അരിസ്റ്റോട്ടില്‍, ലിയനാര്‍ഡോ ഡാവിഞ്ചി, മേരി ക്യൂറി, ഹെലന്‍ കെല്ലര്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ജൂലിയര്‍ സീസര്‍, അലക്സാണ്ടര്‍ ദി ഗ്രേറ്റ് , നെപ്പോളിയന്‍, രത്തന്‍ ടാറ്റ, മദര്‍ തെരേസ, ലേഡിഗഗ തുടങ്ങിയവരെല്ലാം ഇടംകൈയരാണ്.
സ്‌കോട്ട് ലാന്‍ഡിലെ ക്യൂന്‍ മാര്‍ഗരറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച് ഇടംകൈയര്‍ പെട്ടെന്ന് ഭയക്കുന്നവരായിരിക്കുമെന്നാണ് കണ്ടെത്തല്‍. ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ പോസ്റ്റ് ട്രീമാറ്റിക് സ്ട്രെസിന്റെ ലക്ഷണങ്ങള്‍ ഇവര്‍ കാണിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഉയര്‍ന്ന ഐക്യു ഉള്ളവരാണ് ഇവര്‍. ഐക്യു ലെവല്‍ 140നു മുകളിലുള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
ഇന്ത്യന്‍ ലെഫ്റ്റ് ഹാന്‍ഡര്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഗോവയില്‍ ഇടംകൈയ്യര്‍ക്കായി ഒരു മ്യൂസിയം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ലണ്ടനിലുള്ള മാഡം തുസാദ് മ്യൂസിയത്തിന്റെ അതേ മാതൃകയിലാണ് ഈ മ്യൂസിയം രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രശസ്തരായ ഇടം കൈയ്യരുടെ രൂപങ്ങളാണ് മ്യൂസിയത്തിലുള്ളത്.
ഇടംകൈയരായ കുട്ടികളെ നിര്‍ബന്ധിച്ച് വലംകൈയ്യരാക്കാതിരിക്കുകയാണ് രക്ഷിതാക്കളും അധ്യാപകരും ചെയ്യേണ്ട കാര്യം. കുഞ്ഞുങ്ങളെ സ്വതന്ത്രരായി അവരുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരമൊരുക്കികൊടുക്കുക. അങ്ങനെ വ്യത്യസ്തമായ ആശയവും ചിന്തകളുമുള്ള ഇടംകൈയരുടെ സൃഷ്ടികള്‍ ലോകത്തിന് പുതുമയേകട്ടെ…