Editorial
എല്ലാ അര്‍ഥത്തിലും ജനകീയമാകണം പോലീസ്

എന്താണ് ഞായറാഴ്ച അട്ടപ്പാടിയില്‍ നടന്നത്? കുടുംബവഴക്കുമായി ബന്ധപ്പെട്ട പരാതിയില്‍ ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചെറിയ മൂപ്പനെയും മകന്‍ മുരുകനെയും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയെന്നാണ് ആദിവാസി സംഘടനകളും പ്രതിപക്ഷവും ആരോപിക്കുന്നത്. അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം സ്ത്രീകളും കുട്ടികളും തടഞ്ഞപ്പോള്‍ പോലീസ് മുരുകന്റെ 17 വയസ്സുള്ള മകന്റെ മുഖത്ത് അടിച്ചതായും സ്ത്രീകളെ ഉപദ്രവിച്ചതായും പറയപ്പെടുന്നു. അന്താരാഷ്ട്ര ആദിവാസി ഗോത്രവര്‍ഗ ദിനമാണ് ആഗസ്റ്റ് ഒമ്പത്. ആദിവാസികളടക്കമുള്ള ഗോത്രവര്‍ഗ വിഭാഗങ്ങളെ മുഖ്യധാരയോടൊപ്പം ചേര്‍ത്തു പിടിക്കുകയെന്ന ലക്ഷ്യത്തില്‍ 1994 തൊട്ടാണ് ഐക്യരാഷ്ട്ര സഭ ആഗസ്റ്റ് ഒമ്പത് ആദിവാസി ഗോത്രവര്‍ഗ ദിനമായി ആചരിച്ചു വരുന്നത്. അതിന്റെ തലേദിവസമാണ് അട്ടപ്പാടിയില്‍ വിവാദമായ പോലീസ് നടപടി അരങ്ങേറിയത്.
പോലീസ് അതിക്രമം കാണിച്ചില്ലെന്നും ചെറിയ മൂപ്പനും കുടുംബവും കൃത്യനിര്‍വഹണം നടത്തുന്നതിന് തടസ്സം നിന്നതിനെ തുടര്‍ന്നാണ് ബലപ്രയോഗം നടത്തേണ്ടി വന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെയും ഭരണകക്ഷികളുടെയും ഭാഷ്യം. മുരുകന്‍ പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതായും മുരുകന്റെയും കുടുംബത്തിന്റെയും ആക്രമണത്തില്‍ മറ്റൊരു ആദിവാസിക്ക് തലയില്‍ ഗുരുതര പരുക്കേറ്റതായും പോലീസ് പറയുന്നു. ആദിവാസി നേതാവ് മുരുകന്റെ അതിക്രമത്തില്‍ പരുക്കേറ്റ അയല്‍വാസി കറുതാചലത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മുരുകനെതിരെ അഗളി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് ഈ സംഭവത്തില്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പൂര്‍ണമായും പോലീസിനെ ന്യായീകരിച്ചാണ് നിയമസഭയില്‍ സംസാരിച്ചത്. പ്രളയകാലത്തും കൊവിഡ് മഹാമാരി പ്രതിരോധത്തിലും പോലീസ് വഹിച്ച പങ്ക് എടുത്തുകാട്ടിയാണ് അദ്ദേഹം സേനയുടെ തുണക്കെത്തിയത്. മഹാ പ്രളയ ഘട്ടത്തില്‍ ജനങ്ങളെ രക്ഷപ്പെടുത്താന്‍, അവര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കാന്‍, മരുന്ന് എത്തിക്കാന്‍ തുടങ്ങി എല്ലാ ഇടങ്ങളിലും സജീവ സാന്നിധ്യമായിരുന്നു പോലീസ്. കൊവിഡിന്റെ ഒന്നര വര്‍ഷക്കാലം നിതാന്ത ജാഗ്രതയോടെ കേരള ജനതയെ സംരക്ഷിക്കുന്നതിന് മികച്ച ഇടപെടലും പോലീസ് നടത്തി. ഒരു ജനകീയ സേനയായി മാറിയിട്ടുണ്ട് നിലവില്‍ പോലീസെന്നും അവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെ നിസ്സാരവത്കരിച്ചും കണ്ടില്ലെന്നു നടിച്ചുമാണ് പലരും വിമര്‍ശം ഉന്നയിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ക്രമസമാധാനം നിലനിര്‍ത്താനും നിയമവാഴ്ച പുലര്‍ത്താനുമുള്ള പോലീസിന്റെ സ്വാഭാവിക നടപടി മാത്രമണ് അട്ടപ്പാടിയിലേതെന്നും മുഖ്യമന്ത്രി ന്യായീകരിക്കുന്നു.
കൊവിഡ് പ്രതിരോധത്തില്‍ മികച്ച സേവനം ചെയ്യുന്നതോടൊപ്പം പൊറുക്കാനാകാത്ത നിയമ ലംഘനങ്ങളും അതിക്രമങ്ങളും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന കാര്യം മുഖ്യമന്ത്രി വിസ്മരിക്കരുത്. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്ന പേരില്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ആളുകളെ നടുറോഡില്‍ ഏത്തമിടീച്ചത്, കണ്ണൂര്‍ ചക്കരക്കല്ലില്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ മാധ്യമ പ്രവര്‍ത്തകന് സി ഐയുടെ മര്‍ദനമേറ്റത്, കൊല്ലം ചടയമംഗലത്ത് എ ടി എമ്മിന്റെ മുമ്പില്‍ ക്യൂ നിന്ന വയോധികന്റെ പക്കല്‍ നിന്ന് പിഴ പിടിച്ചു വാങ്ങിയത്, കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് സാമൂഹിക വിരുദ്ധനെന്ന തെറ്റിദ്ധാരണയില്‍ നിരപരാധിയായ ഷിബുവെന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചത് തുടങ്ങി നൂറുകണക്കിനു അതിക്രമങ്ങളാണ് കൊവിഡ് ഡ്യൂട്ടിക്കിടയില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ധാരാളം നല്ല കാര്യങ്ങള്‍ ചെയ്തുവെന്നതു കൊണ്ട് പോലീസ് അതിക്രമങ്ങള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും നേരേ കണ്ണടക്കുകയാണോ? ലോക്ക്ഡൗണ്‍ വിജയിപ്പിക്കാനുള്ള ശ്രമത്തിനിടെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങളെ അവഗണിക്കാനാകില്ലെന്നാണ് ഇതേക്കുറിച്ച് ഹൈക്കോടതി പ്രതികരിച്ചത്.
സേവനങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം പോലീസിനെതിരെ ഉയരുന്ന ആരോപണങ്ങളെ മുഖവിലക്കെടുത്ത് ക്രിയാത്മകമായ നടപടി സ്വീകരിക്കുകയെന്നതാണ് ഒരു ജനകീയ സര്‍ക്കാര്‍ ചെയ്യേണ്ടത്. സേനയെ പരസ്യമായി വിമര്‍ശിക്കുകയോ ശിക്ഷാനടപടി സ്വീകരിക്കുകയോ ചെയ്യുന്നത് അവരുടെ മനോവീര്യവും ആത്മവീര്യവും ചോര്‍ന്നു പോകാനിടയാക്കുമെന്ന അഭിപ്രായം ഉയര്‍ന്നു കേള്‍ക്കാറുണ്ട്. വിമര്‍ശങ്ങളെ പ്രതിരോധിക്കാന്‍ ഭരണവര്‍ഗം പ്രയോഗിക്കുന്ന ഇത്തരം അടവുകള്‍ പോലീസിന്റെ അധികാരപ്രമത്തതയും ഹുങ്കും വര്‍ധിപ്പിക്കാനേ ഇടയാക്കൂ. നിയമലംഘനം പോലീസിന്റെ ഭാഗത്ത് നിന്നായാലും കുറ്റകൃത്യം തന്നെയാണ്. അവയെ ഗൗരവമായി കണ്ട് അര്‍ഹിക്കുന്ന ശിക്ഷാനടപടികള്‍ക്കു വിധേയമാക്കുക തന്നെ വേണം.
പോലീസ് ക്രൂരതകള്‍ വര്‍ധിച്ചു വരികയാണെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പോലീസ് സ്റ്റേഷനുകളിലാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പ്രസ്താവിച്ചത് രണ്ട് ദിവസം മുമ്പാണ്. പോലീസ് അതിക്രമങ്ങളെക്കുറിച്ച് നിരന്തരം ഉയരുന്ന പരാതികളുടെയും ഇതുസംബന്ധിച്ച് കോടതികള്‍ക്കു മുമ്പിലെത്തുന്ന ഹരജികളുടെയും അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിന് ഇങ്ങനെ പറയേണ്ടി വന്നത്. കേരളവും മോശമല്ല ഇക്കാര്യത്തിലെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന പരാതികളിലേറെയും പോലീസ് പരാക്രമങ്ങളെക്കുറിച്ചാണെന്നാണ് ഇതിനിടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വെളിപ്പെടുത്തിയത്. മര്യാദയില്ലാത്ത പെരുമാറ്റം, മര്‍ദനം, പരാതി കൊടുത്തിട്ടും കേസ് എടുക്കാതിരിക്കല്‍, കൈക്കൂലി ആവശ്യപ്പെടല്‍, മാഫിയ ബന്ധങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും സ്വാധീനത്തിലുള്ള ഉപദ്രവം തുടങ്ങിയ പരാതികളാണ് കമ്മീഷന് മുമ്പില്‍ എത്തുന്നത്. കേരളത്തിലെ പോലീസ് ജനകീയ സേനയായി വളര്‍ന്നു കഴിഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ നിരാകരിക്കുന്നതാണ് കമ്മീഷന്റെ ഈ വെളിപ്പെടുത്തല്‍. തങ്ങള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി നടപടിക്ക് ശിപാര്‍ശ ചെയ്യുന്ന പല കേസുകളിലും കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുന്നതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു പരാതിക്ക് ഇനിയും ഇടവരാതിരിക്കാന്‍ ആഭ്യന്തര വകുപ്പ് ജാഗ്രത കൈക്കൊള്ളേണ്ടതുണ്ട്. അക്ഷരത്തിലും അര്‍ഥത്തിലും ജനകീയമായി മാറണം പോലീസ്.