Malappuram
അരാഷ്ട്രീയത ട്രെൻറാക്കി സ്നോബുകളെ സൃഷ്ടിക്കുന്നത് തിരിച്ചറിയണമെന്ന് എസ് എസ് എഫ് കാമ്പസ് സംവാദം

മലപ്പുറം | അരാഷ്ട്രീയത വളർത്തി അടവെച്ച് വിരിയിച്ചെടുത്ത സ്നോബുകളെപ്പോലെ തലമുറകളെ മാറ്റിയെടുക്കുന്ന സോഷ്യൽ മീഡിയ സ്വാധീന വലയങ്ങളെ തിരിച്ചറിയാൻ പ്രബുദ്ധ കേരളത്തിന് സാധിക്കണമെന്ന് എസ് എസ് എഫ് കാമ്പസ് സംവാദം ആവശ്യപ്പെട്ടു. 28ാമത് എഡിഷൻ എസ് എസ് എഫ് സാഹിത്യോത്സവുകളുടെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് വിവിധ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ വിഷയങ്ങളിൽ ശ്രദ്ധേയമായ സംവാദം നടന്നത്.
കൊവിഡ് പ്രതിരോധവും നിയന്ത്രണവും, ഓൺലൈൻ വിദ്യാഭ്യാസം, അരാഷ്ട്രീയവൽക്കരിക്കപ്പെടുന്ന കാമ്പസുകൾ, വ്യവസായ ശാലകൾ കേരളത്തിന് അന്യമോ?, ഒളിമ്പിക്സ്- രാജ്യത്ത് നിർബന്ധിത കായിക വിദ്യാഭ്യാസം അനിവാര്യമോ?, സോഷ്യൽ മീഡിയ ആവിഷ്കാര സ്വാതന്ത്രമോ ആവേശത്തിന്റെ പുതുമുഖമോ?, പുതിയകാലത്തിന്റെ വായന- അഭിരുചികളും സാങ്കേതിക വിദ്യകളും, വ്ളോഗേഴ്സ്- നിയമം പുതുക്കി പണിയണോ? തുടങ്ങിയ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ, വികസന വിഷയങ്ങളിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ് സംവാദങ്ങൾ നടന്നത്.
വിവിധ കാമ്പസുകളിലെ വിദ്യാർഥികൾ സംവദിച്ച പരിപാടിയിൽ കെ സിദ്ധീഖലി, വി എം സൽമാൻ സിദ്ധീഖി, ടി എം ശുഹൈബ്, യൂസുഫലി സഖാഫി, സയ്യിദ് ഹുസൈൻ ശാമിർ സഖാഫി, നൂഹ് അഹമ്മദ്, സ്വാദിഖലി ബുഖാരി, ഇസ്മാഈൽ സിദ്ധീഖി, ഇബ്രാഹീം ബാദുഷ, മുഹമ്മദ് അനസ് കെ എം, യാസീൻ, മുഹമ്മദ് ദിൽഷാദ് മോഡറേറ്റർമാരായി.