Oddnews
പ്രാവുകളുടെ പേരില്‍ കോടികളുടെ സ്വത്ത്; വേറിട്ട പദ്ധതിയുമായി കബൂതരന്‍ ട്രസ്റ്റ്

ജയ്പൂര്‍ | രാജസ്ഥാനിലെ നാഗൗറില്‍ സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമായ ജസ് നഗറിലെ പ്രാവുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രാവുകള്‍ കോടീശ്വരന്മാരാണ് എന്നതാണ് പ്രത്യേകത. കോടിക്കണക്കിന് സ്വത്തുക്കളുള്ള (മള്‍ട്ടി മില്യണയര്‍) പ്രാവുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. കടകള്‍, ഏക്കര്‍ കണക്കിന് ഭൂമി, പണം എന്നിവയാണ് സമ്പത്തില്‍ ഉള്‍പ്പെടുന്നത്. പ്രാവുകളുടെ പേരില്‍ 27 കടകള്‍, 126 ബിഗാ ഭൂമി, 30 ലക്ഷം രൂപയുടെ നിക്ഷേപം തുടങ്ങിയവയുണ്ട്. കൂടാതെ പ്രാവുകളുടെ ഉടമസ്ഥതയിലുള്ള 10 ബിഗ ഭൂമിയില്‍ 400 ലധികം ഗോശാലകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
നാല് പതിറ്റാണ്ടു മുമ്പ് വ്യവസായി സജ്ജന്‍രാജ് ജെയിന്‍ നാട്ടില്‍ ഒരു കബൂതരന്‍ ട്രസ്റ്റ് സ്ഥാപിച്ചു എന്നാണ് ഈ പ്രദേശത്തുള്ള പ്രഭുസിംഗ് രാജ്പുരോഹിത് പറയുന്നത്. മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്താനാണ് ട്രസ്റ്റ് ആരംഭിച്ചത്. പ്രൊജക്ട് തുടങ്ങിയപ്പോള്‍ ജനങ്ങള്‍ സ്നേഹത്തോടെ സംഭാവന നല്‍കിത്തുടങ്ങി. പ്രാവുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പക്ഷികള്‍ക്ക് പതിവായി ധാന്യവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി ട്രസ്റ്റിലൂടെ പണം സമാഹരിച്ചു. അങ്ങനെ പട്ടണത്തില്‍ 27 കടകള്‍ നിര്‍മിച്ചു. ട്രസ്റ്റിന് പ്രാവുകളുടെ പേരാണ് നല്‍കിയിരിക്കുന്നത്.
കടകള്‍ക്ക് പ്രതിമാസം 80,000 രൂപ വാടക ലഭിക്കുന്നുണ്ട്. അതോടൊപ്പം സ്ഥലങ്ങളും വാടകയ്ക്ക് കൊടുക്കുന്നുണ്ട്. അങ്ങനെ ട്രസ്റ്റിന് സ്ഥിര വരുമാനമുണ്ടെന്നര്‍ഥംം. ഈ വരുമാനമെല്ലാം ബേങ്കിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ആകെ നിക്ഷേപം 30 ലക്ഷം രൂപയായി വര്‍ധിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.