Kerala
മുരിങ്ങൂര്‍ പീഡന കേസ്: പ്രതി ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യഹരജി തള്ളി

കൊച്ചി | മുരിങ്ങൂര്‍ പീഡനക്കേസിലെ പ്രതി സി സി ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്രയും വേഗം കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രത്യേക അന്വേഷണസംഘം പരാതി അന്വേഷിക്കണമെന്ന ഇരയുടെ ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി. സര്‍ക്കാര്‍ റിപ്പോര്‍ട്ട് സ്വീകരിച്ചാണ് കേസ് തീര്‍പ്പാക്കിയത്.
2016ല്‍ മുരിങ്ങൂര്‍ സ്വദേശി ജോണ്‍സണ്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമല്ലെന്നു തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പോലീസിനെതിരേ ഇരയും കുടുംബവും ഗുരുതരമായ ആരോപണങ്ങളാണ് നേരത്തെ മുതല്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇരയുടെ മെഡിക്കല്‍ പരിശോധന നടക്കുമ്പോള്‍ പ്രതി ആശുപത്രി പരിസരത്തുണ്ടായിരുന്നെന്നും പോലീസ് പ്രതിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. പോലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടികാട്ടി ഒളിമ്പ്യന്‍ മയൂഖ ജോണി രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.