Kerala
ഇ ബുള്‍ ജെറ്റ്; ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

കണ്ണൂര്‍ | പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെ പത്തിലധികം വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരങ്ങളുടെ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇരിട്ടി ആര്‍ ടി ഒയുടെ ഇതു സംബന്ധിച്ച നോട്ടീസ് അങ്ങാടിക്കടവിലുള്ള സഹോദരങ്ങളുടെ വീട്ടില്‍ പതിച്ചു. കേസില്‍ വ്‌ളോഗര്‍മാരായ ലിബിനും എബിനും ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനുമാണ് ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത്. പ്രതികളുടെ ലൈസന്‍സ് റദ്ദാക്കാനും ഗതാഗത കമ്മീഷണര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വാഹനം അനുമതിയില്ലാതെ രൂപമാറ്റം നടത്തിയതിന് പോലീസ് ചുമത്തിയ 42,000 രൂപ പിഴയൊടുക്കാന്‍ വിസമ്മതിച്ച ലിബിനും എബിനും ബഹളം വെക്കുകയും ആര്‍ ടി ഒ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിക്കുകയുമായിരുന്നു. ഇവര്‍ക്ക് പുറമെ ഇ ബുള്‍ ജെറ്റിന്റെ ഫോളോവേഴ്‌സായ 17 പേര്‍ക്കെതിരെ കൊവിഡ് ചട്ടം ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ കലാപ ആഹ്വാനം നടത്തിയതിന് കൊല്ലത്തും ആലപ്പുഴയിലും രണ്ടുപേര്‍ക്കെതിരെയും കേസുണ്ട്.