Kerala
പകര്‍ച്ച വ്യാധിയിലേക്ക് തള്ളിവിടാനാകില്ല; ആള്‍ക്കൂട്ടം നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണം: ഹൈക്കോടതി

കൊച്ചി | മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടങ്ങള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി ബെവ്‌കോ അധികൃതര്‍ത്ത് നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യം ഒരുക്കണം. മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകര്‍ച്ച വ്യാധിക്ക് മുന്നിലേക്ക് തള്ളി വിടാനാകില്ല. മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒന്നുകില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കില്‍ പൂര്‍ണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ള മാര്‍ഗം. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ല. മദ്യശാലകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേ സമയം കൊവിഡ് മാനദണ്ഡങ്ങളില്‍ മദ്യശാലകള്‍ക്ക് ഇളവില്ലെന്നും പുതിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സൗകര്യങ്ങളില്ലാത്ത മദ്യ ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സൗകര്യമില്ലെന്ന് കണ്ടെത്തിയ ഷോപ്പുകള്‍ക്ക് എല്ലാം അനുമതി നല്‍കിയത് എക്സൈസ് കമ്മീഷണറാണെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം വേണമെന്നും ബെവ്കോ അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.