Editorial
അഭിഭാഷക പരാക്രമം പിന്നെയും

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും തൊഴിലെടുക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയാണിന്ന് സാക്ഷര കേരളത്തില്‍. മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയോ ഭീഷണിക്കു വിധേയരാകുകയോ ചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. നീതിയുടെ കാവലാളുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഭിഭാഷകരാണ് പല സംഭവങ്ങളിലും പ്രതിസ്ഥാനത്തെന്നതാണ് വിരോധാഭാസം. തിങ്കളാഴ്ച തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പില്‍ സിറാജ് സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിനും പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിനും നേരേ അഭിഭാഷക സംഘത്തിന്റെ കൈയേറ്റമുണ്ടായി. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു 25ഓളം വരുന്ന അഭിഭാഷകരുടെ ഗുണ്ടായിസം. ശിവജിയുടെ അക്രഡിറ്റേഷന്‍ കാര്‍ഡും മൊബൈല്‍ ഫോണും അഭിഭാഷക സംഘം പിടിച്ചെടുക്കുകയും മൊബൈലില്‍ പകര്‍ത്തിയ കോടതി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയുമുണ്ടായി. പോലീസ് ഇടപെട്ടാണ് ശിവജിയെ അക്രമി സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷക സംഘം അവിടെ എത്തിയും പ്രകോപനം സൃഷ്ടിച്ചു.
വഞ്ചിയൂര്‍ കോടതിയില്‍ നേരത്തേയും നടന്നിട്ടുണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷക ഗുണ്ടായിസം. 2016 ഒക്‌ടോബറില്‍ ഇ പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് കോടതി പൊതുതാത്പര്യ ഹരജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ജഡ്ജിക്കു മുന്നില്‍ വെച്ച് അഭിഭാഷകര്‍ പുറത്താക്കുകയും കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കു നേരേ കല്ലേറ് നടത്തുകയും ചെയ്തിരുന്നു. 2018 മെയില്‍ നെയ്യാറ്റിൻകര കോടതിയില്‍, കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴും മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷക ഗുണ്ടകള്‍ തടയുകയും കോടതി വളപ്പില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൊച്ചി ഹൈക്കോടതിയില്‍ പല തവണ അഭിഭാഷക ഗുണ്ടായിസത്തിനു വിധേയമായിട്ടുണ്ട് മാധ്യമ പ്രവര്‍ത്തകര്‍. 2016 മെയില്‍ സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്റെ സ്ത്രീ പീഡനക്കേസില്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷക സംഘം ക്രൂരമായി മര്‍ദിക്കുകയും മീഡിയാ റൂം ബലമായി പൂട്ടുകയും ചെയ്തിരുന്നു.
ജനാധിപത്യത്തിന്റെ നാലാം തൂണെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കുകയാണ് മാധ്യമ ധര്‍മം. ആരെയും ഭയക്കാതെ കാര്യങ്ങള്‍ തുറന്നു പറയുന്നതാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്വം. ഭരണകൂടത്തെ അന്ധമായി പിന്തുണക്കുകയോ തെറ്റായ നയങ്ങളില്‍ നിന്ന് നേതാക്കന്‍മാരുടെ മുഖം മിനുക്കുകയോ ചെയ്യുന്നതല്ല മാധ്യമധര്‍മം. നയങ്ങളെ കൃത്യമായി പരിശോധിച്ച് വിമര്‍ശനാത്മകവും യുക്തിസഹവുമായ വിലയിരുത്തലുകളാണ് ഉണ്ടാകേണ്ടത്. ഭരണ, ഉദ്യോഗസ്ഥ തലപ്പത്തുള്ളവര്‍ക്ക് ദഹിക്കാത്ത വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും. പരാക്രമം കാണിക്കാതെ ക്രിയാത്മകമായി അതിനോട് പ്രതികരിക്കുകയാണ് അത്തരം ഘട്ടങ്ങളില്‍ ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തിലാണ് രാജ്യത്തെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോടതി വാര്‍ത്തകളും ഉള്‍പ്പെടുന്നു ഈ അധികാര പരിധിയില്‍. അതിനെ നിയന്ത്രിക്കാനും തടസ്സപ്പെടുത്താനുമുള്ള ഏതൊരു നീക്കവും ജനാധിപത്യത്തിനു നേരേയുള്ള കൈയേറ്റമാണ്.
ജനാധിപത്യ സംരക്ഷണത്തില്‍ പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടവരാണ് മാധ്യമങ്ങളും കോടതികളും. രണ്ട് വിഭാഗവും എപ്പോഴും സഹകരിച്ചു നീങ്ങണം. ഖേദകരമെന്നു പറയട്ടെ, ശത്രുതാ മനോഭാവത്തോടെയാണ് പലപ്പോഴും മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകരില്‍ ഒരു വിഭാഗം കാണുന്നത്. പ്രമാദമായ കേസുകളില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നവരെ അഭിഭാഷകര്‍ കോടതിയില്‍ തടയുകയും കൈയേറ്റം നടത്തുകയും ചെയ്യുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം വേണമെന്ന ആവശ്യവും അഭിഭാഷക ലോകത്ത് നിന്ന് ഉയരാറുണ്ട്. 2012ല്‍ സഹാറാ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷന്‍ കേസ് പരിഗണനക്കു വന്നപ്പോള്‍ സുപ്രീം കോടതി മുമ്പാകെ ഇത്തരമൊരാവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. കോടതി അതിനോട് യോജിച്ചില്ല. സ്വതന്ത്രമായ പത്രപ്രവര്‍ത്തനവും നീതിയുടെ സുഗമമായ ഗതിപ്രവാഹവും പരസ്പര പൂരകങ്ങളായി മുന്നോട്ടുപോകേണ്ടതാണെന്നാണ് സുപ്രീം കോടതി അന്ന് ചൂണ്ടിക്കാണിച്ചത്. മാധ്യമങ്ങള്‍ക്ക് മൂന്‍കൂര്‍ നിയന്ത്രണം ഒഴിവാക്കേണ്ടതാണെന്നും പരമോന്നത കോടതി പറഞ്ഞു. പത്രസ്വാതന്ത്ര്യത്തിന്മേലുള്ള ഏത് കടന്നു കയറ്റവും ഭരണഘടനാ വിരുദ്ധമാണെന്ന് മറ്റു പല ഘട്ടങ്ങളിലും പ്രഖ്യാപിച്ചിട്ടുണ്ട് കോടതികള്‍.
2016ല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ നടന്ന അഭിഭാഷക അക്രമത്തില്‍ സുപ്രീം കോടതി ഇടപെടുകയും പ്രശ്‌നപരിഹാരത്തിന് ഹൈക്കോടതി ജഡ്ജിമാരായ പി എന്‍ രവീന്ദ്രന്‍, പി കെ രാമചന്ദ്ര മേനോന്‍, തിരുവനന്തപുരം ജില്ലാ ജഡ്ജി വി ഷര്‍ഫി എന്നിവരടങ്ങുന്ന മൂന്നംഗ ന്യായാധിപ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. അന്ന് നടന്ന ചര്‍ച്ചയില്‍, കോടതികളില്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും നിര്‍ഭയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുമെന്നും അഭിഭാഷക പ്രതിനിധികള്‍ ഉറപ്പ് നല്‍കിയതാണ്. ആ ഉറപ്പിന്റെയും തീരുമാനത്തിന്റെയും ലംഘനമാണ് വഞ്ചിയൂര്‍ കോടതിയില്‍ കഴിഞ്ഞ ദിവസം നടന്നത്. സംഭവത്തില്‍ കുറ്റക്കാരായ അഭിഭാഷകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരികയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. പലപ്പോഴും സ്വാധീനങ്ങളിലൂടെയും അനുരഞ്ജനത്തിലൂടെയും കുറ്റവാളികള്‍ രക്ഷപ്പെടുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നത്.