Connect with us

Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റില്‍

Published

|

Last Updated

അടൂര്‍ | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം  മഞ്ചള്ളൂര്‍ കാരംമൂട്ടില്‍ സുധീര്‍ (48) ആണ് പിടിയിലായത്. അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിവേഴ്‌സല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് അറസ്റ്റിലായ സുധീര്‍.

2019ല്‍ കൊല്ലം ജില്ലയില്‍ പട്ടാഴി നടത്തേരി സെന്റ് ജോര്‍ജ് സ്ട്രീറ്റില്‍ ചരിവുകാലായില്‍ ജോസിന് ജപ്പാനിലേക്ക് ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ വാങ്ങി പണവുമായി മുങ്ങി. ഇതുമായി ബന്ധപ്പെട്ട കേസില്‍ മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കൊടകര, കാലടി, ചാലക്കുടി എന്നിവിടങ്ങളില്‍ ഇയാളെ പ്രതിയാക്കി പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ ധന്യാ കെ എസ്, മനീഷ് എം, ബിജു ജേക്കബ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, ശരത്, അമല്‍, നിസ്സാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

---- facebook comment plugin here -----

Latest