Connect with us

Editorial

സ്‌കൂളുകള്‍ ഇനിയും അടച്ചിടണോ?

Published

|

Last Updated

കൊവിഡിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടല്‍ സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച നഷ്ടം കണക്കിലെടുത്ത് വ്യാപാരം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളില്‍ നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണങ്ങള്‍ അതേപടി തുടരുന്നു. കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ 2020 മാര്‍ച്ച് മുതല്‍ അടഞ്ഞു കിടക്കുന്ന രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോഴും അടഞ്ഞു തന്നെ. സ്‌കൂളുകളുടെ ദീര്‍ഘനാളായുള്ള അടഞ്ഞു കിടക്കല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തിയതായാണ് പാര്‍ലിമെന്ററി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ കുട്ടികളുടെ ജീവിതം ഒതുങ്ങിയത് അവരുടെ വൈജ്ഞാനിക ശേഷിയെയും ക്ഷേമത്തെയും മാനസികാരോഗ്യത്തെയും ബാധിച്ചു. വീട്ടുജോലികളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ധിച്ചു. ശാസ്ത്രം, ഗണിതശാസ്ത്രം, ഭാഷാപഠനം എന്നിവയിലുള്ള അവരുടെ അടിസ്ഥാനപരമായ അറിവ് ദുര്‍ബലപ്പെടുകയും ചെയ്തതായി സമിതി നിരീക്ഷിക്കുന്നു.

ലോക ബേങ്ക്, യൂനിസെഫ് തുടങ്ങിയ ആഗോള ഏജന്‍സികള്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദീര്‍ഘനാള്‍ അടഞ്ഞു കിടന്നതിന്റെ പ്രത്യാഘാതങ്ങള്‍ എടുത്തുകാട്ടുന്നുണ്ട്. ഇത് കുട്ടികളുടെ വന്‍തോതിലുള്ള കൊഴിഞ്ഞുപോക്കിനിടയാക്കിയതായാണ് ഇവരുടെ വിലയിരുത്തല്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ 55 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നാണ് ലോക ബേങ്കിന്റെ നിരീക്ഷണം. യൂനിസെഫ് നടത്തിയ പഠനത്തില്‍ മെക്‌സിക്കോയില്‍ 1.8 ലക്ഷവും പെറുവില്‍ 70,000വും ഇക്വഡോറില്‍ 90,000വും കുട്ടികള്‍ പഠനം നിര്‍ത്തിയതായി കണ്ടെത്തി. മറ്റു രാജ്യങ്ങളിലും സമാനമായ കൊഴിഞ്ഞുപോക്കുകളുണ്ടാകുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. സ്‌കൂള്‍ ഇപ്പോഴത്തെ രീതിയില്‍ അടച്ചിടുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നതിനാല്‍ കുട്ടികളില്‍ ഒരു നിശ്ചിത കാലയളവില്‍ കൊവിഡ് പരിശോധന നടത്തി സ്‌കൂളുകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.

വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കാത്തത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കാന്‍ മിക്ക രാജ്യങ്ങളും ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്‌കൂളില്‍ ചെന്നുള്ള പഠനവും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും തമ്മില്‍ ഫലത്തില്‍ ഏറെ വ്യത്യാസമുണ്ട്. അധ്യാപകന്റെ അറിവുകളും പാഠപുസ്തകങ്ങളിലെ വിവരങ്ങളും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള സംവിധാനം മാത്രമല്ല വിദ്യാഭ്യാസം, കുട്ടികളില്‍ സാമൂഹികബോധം വളര്‍ത്തിയെടുക്കാന്‍ കൂടിയുള്ളതാണ്. വിദ്യാലയങ്ങളില്‍ ഇരുന്നുകൊണ്ടുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തെ അഭിമുഖീകരിക്കാനുള്ള പാഠങ്ങള്‍ കൂടി നല്‍കുന്നുണ്ട്. സമയക്രമീകരണം, അച്ചടക്കം, പരസ്പര സംവേദനം, ആശയ കൈമാറ്റം തുടങ്ങിയവക്കു വേദികൂടി രൂപപ്പെടുന്നു ക്ലാസ്സ് റൂമുകളിലെ വിദ്യാഭ്യാസത്തില്‍. വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള മാനസിക ബന്ധം വ്യക്തി വികാസത്തില്‍ വലിയൊരു ഘടകമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അതും നഷ്ടമാകുന്നു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പഠനം കുട്ടികളില്‍ കടുത്ത ആരോഗ്യ പ്രശ്നമുണ്ടാക്കുന്നുവെന്ന് എസ് സി ഇ ആര്‍ ടി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം നിയമസഭയില്‍ വെളിപ്പെടുത്തുകയുണ്ടായി. 36 ശതമാനം കുട്ടികള്‍ക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരില്‍ കണ്ണിന് ആരോഗ്യ പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവ ശ്രദ്ധയില്‍പ്പെട്ടതായി പഠനത്തിലുണ്ട്.

വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിച്ചു കാണിക്കുകയെന്നത് (ആക്ടിവിറ്റി ക്ലാസ്സുകള്‍) ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഇത്തരം പാഠഭാഗങ്ങള്‍ വിദ്യാര്‍ഥി തന്നെയാണോ ചെയ്യുന്നത്, മറ്റുള്ളവരുടെ കൈകടത്തലുകള്‍ ഉണ്ടോ എന്നറിയാന്‍ സാധ്യമല്ല. മിക്കവാറും വീടുകളിലും മാതാപിതാക്കളോ ബന്ധുക്കളോ ആണ് ഇവ ചെയ്തു കൊടുക്കുന്നത്. ഇവിടെയെല്ലാം വിദ്യാര്‍ഥിയുടെ നിലവാരം മനസ്സിലാകാതെ പോകുന്നു. വിദ്യാര്‍ഥികളുടെ ധൈഷണികതയെ ഉദ്ദീപിപ്പിക്കുന്ന പഠനങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള സാഹചര്യം ഒരു ക്ലാസ്സ് മുറിയിലെ പഠനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

സ്‌കൂള്‍ ദീര്‍ഘകാലം അടച്ചിടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് സ്‌കൂളുകള്‍ താമസിയാതെ തുറക്കേണ്ടത് അനിവാര്യമാണെന്ന് പാര്‍ലിമെന്ററി സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനായി എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അനുബന്ധ സ്റ്റാഫുകള്‍ക്കും പരമാവധി വേഗത്തില്‍ വാക്സീന്‍ ലഭ്യമാക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെയും വിദഗ്ധ സമിതിയുടെയും അനുമതി ലഭിച്ചാല്‍ സ്‌കൂള്‍ തുറക്കാന്‍ തയ്യാറാണെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായാണ് സ്‌കൂളുകള്‍ തുറക്കുകയെന്നും അടുത്ത മാസത്തോടെ ഇതിനായി സ്‌കൂളുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. എന്നാല്‍ ആഗസ്റ്റ് അവസാനത്തോടെ ഇന്ത്യയില്‍ പടര്‍ന്നു പിടിച്ചേക്കാവുന്ന കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കെ സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ വളരെ ആലോചിച്ചു മാത്രമേ തീരുമാനമെടുക്കാനാകുകയുള്ളൂവെന്നാണ് നിതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പ്രതികരിച്ചത്. വാക്‌സീനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം, അധ്യാപക, വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്‌സീന്‍ ലഭ്യമാകണം, സാമൂഹിക അകലം പാലിക്കല്‍ ജീവിതത്തിന്റെ ഭാഗമാകണം… ഇതൊക്കെ നടക്കുന്ന സമയം വന്ന ശേഷമല്ലാതെ സ്‌കൂള്‍ തുറന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. കൊവിഡ് മഹാമാരിക്കെതിരെ കൂടുതല്‍ ആത്മവിശ്വാസം നേടുന്നതുവരെ കുട്ടികളെയും അധ്യാപകരെയും അങ്ങനെയൊരു സാഹചര്യത്തിലെത്തിക്കാന്‍ താത്പര്യമില്ല. കൊവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് സ്‌കൂളുകള്‍ തുറന്ന പല രാജ്യങ്ങളും പിന്നീട് അടക്കേണ്ടി വന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലിമെന്ററി സമിതിയുടെയും നിതി ആയോഗിന്റെയും വ്യത്യസ്ത വീക്ഷണങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സര്‍ക്കാറാണ്.

Latest