Travelogue
ബുഖാറയിലേക്കുള്ള ബുള്ളറ്റ് ട്രെയിൻ യാത്ര

കഴിഞ്ഞ പത്ത് വർഷത്തിലധികമായി ജപ്പാനിലുള്ള പിതൃ സഹോദരൻ അവധിക്ക് വരുമ്പോഴൊക്കെ പറയുന്ന കഥകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന ചില കാര്യങ്ങളുണ്ട്. ഇടക്കിടെ ജപ്പാനിലുണ്ടാകുന്ന ഭൂമികുലുക്കങ്ങൾ, ഷിങ്കാൻസെൻ ബുള്ളറ്റ് ട്രെയിനുകൾ, സകുറ പുഷ്പങ്ങൾ പൂക്കുന്ന ജപ്പാനിലെ സമയം, അവിടുത്തെ ഭക്ഷണങ്ങൾ… ഈ കൂട്ടത്തിൽ ഞാൻ കൂടുതൽ ആവേശത്തോടെ ചോദിക്കാറുള്ളത് ബുള്ളറ്റ് ട്രെയിൻ യാത്രയെ കുറിച്ചും അതിന്റെ വേഗത്തെ കുറിച്ചുമാണ്. മണിക്കൂറിനുള്ളിൽ കാസർകോട്ട് നിന്നും തിരുവനന്തപുരത്തേക്ക് എത്തുന്ന ഒരു കാലം ഓർത്തു നോക്കൂ. ആ ഒരു എക്സൈറ്റ്മെന്റ് തന്നെയാണ് ബുള്ളറ്റ് ട്രെയിനിനെ കുറിച്ചുള്ള ചോദ്യങ്ങൾ കൂടാൻ കാരണം. അപ്പോൾ അദ്ദേഹം അതിനെ കുറിച്ച് കൂടുതൽ വാചാലനാകും. മനുഷ്യർക്ക് കുറഞ്ഞ പണച്ചെലവിൽ സൗകര്യപ്രദമായ യാത്രയോടൊപ്പം സമയം കൂടെ ലാഭിക്കാൻ കഴിയുന്നതിനേക്കാളേറെ സന്തോഷമുള്ള മറ്റെന്തുണ്ട്!. വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഹൈപ്പർ ലൂപ്പ് എന്ന ക്യാപ്‌സ്യൂൾ ട്രെയിൻ ഇപ്പോൾ ലോകത്തു യാഥാർഥ്യമാകാൻ പോകുകയാണ്. പല രാജ്യങ്ങളിലും ടെസ്‌ല, വിർജിൻ പോലുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികൾ അതിനുള്ള എല്ലാവിധ സംവിധാനങ്ങളും ചെയ്തു വെച്ചിട്ടുണ്ട്. ഇനി ഓപ്പറേഷൻ തുടങ്ങേണ്ട സമയം മാത്രമേ അവശേഷിക്കുന്നുള്ളൂ.
സമർഖന്ദിൽ നിന്നും ബുഖാറയിലേക്കുള്ള യാത്ര ഞങ്ങൾ ആദ്യം വിമാനത്തിലാണ് പ്ലാൻ ചെയ്തതെങ്കിലും പിന്നീടത് അഫ്രൊസിയാബ്” ബുള്ളറ്റ് ട്രെയിനിലേക്ക് മാറ്റുകയായിരുന്നു. കൃത്യ സമയത്ത് തന്നെ വർധിച്ച വേഗത്തിൽ ട്രെയിൻ എത്തിച്ചേർന്നു. വീഡിയോകളിലൂടെയും പത്രങ്ങളിലൂടെയും മാത്രം ബുള്ളറ്റ് ട്രെയിൻ കണ്ട ശീലമേയുള്ളൂ. അതിന്മേലുള്ള ആദ്യ യാത്രാനുഭവം നുകരാൻ പോകുന്ന എല്ലാ ആവേശവും എനിക്കുണ്ടായിരുന്നു. ഉസ്‌ബെക്കിന്റെ പതാകയിൽ കാണിക്കുന്ന നിറങ്ങൾ പതിച്ച പുതിയ ബോഗികളാണൊക്കെയും. ഉറുമ്പ് തീനിയുടെ മൂക്ക് നീണ്ടത് പോലെ നീണ്ട മുഖമാണ് ഈ ബുള്ളറ്റ് ട്രെയിനിന്റെത്. വായുവിനെ വകഞ്ഞുമാറ്റിക്കൊണ്ട് വേഗത്തിൽ പോകേണ്ടതായതിനാലാകാം അങ്ങനെ ഡിസൈൻ ചെയ്തതെന്ന് അനുമാനിക്കുന്നു. എല്ലാ വാതിലിന്റെ അരികിലും എയർ ഹോസ്റ്റസുമാർ ധരിക്കുന്ന സമാനമായ വസ്ത്രം ധരിച്ചു ട്രെയിൻ ഹോസ്റ്റെർസ് യാത്രികരെ സ്വീകരിക്കുകയും ഒപ്പം ടിക്കറ്റ് ചെക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. അവരുടെ ഹൃദ്യമായ പെരുമാറ്റം നമ്മെ വല്ലാതെ ആകർഷിച്ചു.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബുള്ളറ്റ് ട്രെയിൻ യാത്ര തുടങ്ങി. മുന്നിലുള്ള സ്‌ക്രീനിൽ തീവണ്ടി പോകുന്ന വേഗം അനുനിമിഷം കൂടുന്നത് കാണാൻ കഴിയുന്നുണ്ട്. കൂടിയ വേഗം ഇരുന്നൂറ്റി അമ്പത് കിലോമീറ്ററോളം കൈവരിച്ചിട്ടുണ്ടെന്നാണ് എന്റെ ഓർമ. നമ്മുടെ നാട്ടിലെ രാജധാനി എക്സ്പ്രസിനേക്കാൾ വേഗത്തിലാണ് യാത്ര. നല്ല വൃത്തിയും വെടിപ്പുമുള്ള തീവണ്ടി ബോഗികൾ. ഒരു പൊടി പോലും കാണാൻ കഴിയില്ല. ഞങ്ങൾ കുറച്ചാളുകൾ എക്കണോമി സീറ്റിലാണ് ഇരുന്നത്. അത് പോലും വിമാനത്തിലെ ബിസിനെസ് ക്ലാസിനേക്കാൾ സൗകര്യമുണ്ട്. വേഗത്തിന്റെ ഒരു അല്ലലും ഉള്ളിലെ യാത്രികർക്ക് അനുഭവപ്പെടുന്നില്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. അൽപ്പ നിമിഷത്തിനകം നേരത്തെ ടിക്കറ്റ് ചെക്ക് ചെയ്ത ട്രെയിൻ ഹോസ്റ്റസ് തന്നെ പാനീയങ്ങളും ലഘു ഭക്ഷണങ്ങളുമായി വരുന്നു. വേണ്ടവർക്ക് നൽകുന്നുമുണ്ട്. ഞാനും ഒരു ചെറു ലഘു പാനീയവും ബ്രെഡും വാങ്ങിക്കഴിച്ചു. മിക്ക ആളുകളുടെയും മുന്നിൽ ഒരുപാട് വലിയ റൊട്ടികൾ കൂട്ടിവെച്ചതായി കാണുന്നുണ്ട്. ഇടക്കിടെ അത് മുറിച്ചു കഴിക്കുന്നു. ചിലയാളുകൾ അതിനോടൊപ്പം ചായയും കുടിക്കുന്നു. അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, അത്തരം ബ്രെഡുകൾ റഷ്യൻ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്.
ട്രെയിൻ ഹോസ്റ്റസുമാർ ഇടക്കിടെ വന്നു യാത്രികരോട് ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു കാര്യങ്ങൾ നിറവേറ്റി കൊടുക്കുന്നുണ്ട്.
യാത്രക്കിടയിലെ പുറംകാഴ്ചകൾ വളരെ മനോഹരമാണ്. പുൽത്തകിടികളാലും താഴ്്വരകളാലും സമ്പന്നമായ ഭൂപ്രദേശം. ആ പുൽത്തകിടികളിലൂടെ കന്നുകാലികൾ മേയുന്നതും അവകൾക്കിടയിൽ ഇടയന്മാർ കളിക്കുന്നതും ഹൃദ്യമായ ദൃശ്യങ്ങളാണ്. മരങ്ങളിലൊന്നും ഇലകളോ പൂക്കളോ ഇല്ല. ഇടക്കിടെ ചെറിയ വീടുകൾ കാണാം. യാത്രയുടെ ഭൂരിഭാഗവും ഗ്രാമാന്തരങ്ങളിലൂടെയായിരുന്നു. മഞ്ഞു കാലത്ത് വലിയ ഖനത്തിൽ മഞ്ഞുവീഴുന്ന ഇടങ്ങളായതിനാലാണത്രെ അവിടെയൊന്നും അധികം വീടുകൾ നിർമിക്കാത്തതെന്നു സുഹൃത്തുക്കൾ പറഞ്ഞു. എന്റെ മുന്നിലിരിക്കുന്ന ഒരു കൊച്ചു ഉസ്ബെക്ക് ബാലികയും ബാലനും വളരെ നേരം ഞങ്ങളുടെ ശ്രദ്ധ പറ്റാനുള്ള കളികളിലായിരുന്നു. ക്യാമറ കാണുമ്പോൾ പുഞ്ചിരിക്കുക. ആംഗ്യ വിക്ഷേപണത്തോടെ സൗഹൃദം കൈമാറുക. ഒന്നര മണിക്കൂർ നീണ്ട യാത്രക്കിടയിൽ നമ്മൾ കുറച്ചാളുകളെ പൂർണമായി കൈയിലെടുക്കാൻ ആ പിഞ്ചു ബാല്യങ്ങൾക്ക് കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ ഒരു മണിക്കൂർ ഇരുപത്തേഴ് മിനുട്ട് കൊണ്ട് 230 കിലോമീറ്റർ ഞങ്ങൾ യാത്ര ചെയ്തു. അങ്ങനെ ഉസ്ബെക്കിസ്ഥാനിലെ രണ്ടാം ദിനം 5000 വർഷത്തെ ചരിത്രമുറങ്ങുന്ന ബുഖാറയിലേക്ക് പതിനാറംഗ സംഘം എത്തിച്ചേർന്നു.