Connect with us

Health

പ്രമേഹ രോഗികളും കൊവിഡ് വാക്സീനും

Published

|

Last Updated

കൊവിഡ് കേസുകള്‍ ദിവസവും വര്‍ധിച്ചുവരികയാണ്. പലവിധം രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൊവിഡ് വൈറസ്ബാധ കൂടി വന്നാല്‍ അവസ്ഥ ഗുരുതരമായിരിക്കും. പ്രമേഹ രോഗികള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. കഠിനമായ കൊവിഡ് ലക്ഷണങ്ങളും മ്യൂക്കോര്‍മൈക്കോസിസ് അണുബാധയുടെ അപകടസാധ്യതയും പ്രമേഹ രോഗികളിലുണ്ടാകും. പ്രമേഹ രോഗികള്‍ വാക്സീന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കേണ്ടതില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. നിരവധി പ്രമേഹ രോഗികള്‍ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. വാക്‌സീന്‍ സ്വീകരിക്കുന്നവരില്‍ സാധാരണയായി ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ മാത്രമേ രോഗികളിലും കണ്ടുവരുന്നുള്ളൂ.

പ്രമേഹം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് കൊവിഡില്‍ നിന്ന് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വൈറസില്‍ നിന്ന് സ്വയം പരിരക്ഷയാണ് ആദ്യം ആവശ്യം. കൊവിഡ് പ്രതിരോധ കുത്തിവെപ്പ് അധിക പരിരക്ഷ നല്‍കുന്നതും ആരോഗ്യത്തിന് അപകടമുണ്ടാകാത്തവയുമാണ്. പ്രമേഹ രോഗിയായാലും ആരോഗ്യമുള്ള വ്യക്തിയായാലും പനി, ക്ഷീണം, കൈവേദന എന്നിവയാണ് ഏറ്റവും സാധാരണമായ പാര്‍ശ്വഫലങ്ങള്‍. കൊവിഡ് വാക്‌സീന്‍ എടുക്കുന്നതിന് മുമ്പും ശേഷവും രോഗികള്‍ അവരുടെ ഡോക്ടര്‍മാരുമായി വാക്സീനുമായി സംബന്ധിക്കുന്ന കാര്യങ്ങള്‍ സംസാരിക്കുന്നത് ഗുണം ചെയ്യും. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മറ്റു മരുന്നുകള്‍ കഴിക്കരുത്.

വാക്‌സിനേഷനു ശേഷം പ്രമേഹ രോഗികള്‍ ഡോക്ടറെ സമീപിക്കുകയും മരുന്നുകള്‍ കഴിക്കുന്നത് തുടരണോ എന്ന കാര്യം ചോദിക്കുകയും വേണം. വിശ്രമിക്കുക, കടുത്ത വ്യായാമങ്ങള്‍ ചെയ്യാതിരിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നോക്കുക, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, മുട്ട, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ധാരാളം വെള്ളം കുടിക്കുക, മാസ്‌ക് ധരിക്കുക, യാത്രകള്‍ പരിമിതപ്പെടുത്തുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. വാക്‌സീന്‍ സ്വീകരിച്ച ശേഷം മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്. പ്രമേഹ രോഗികള്‍ ഭക്ഷണം കഴിക്കാതെ വാക്‌സിനെടുക്കാന്‍ പോകരുത്. വാക്‌സിനേഷന് ശേഷം കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കരുത്. കുത്തിവെപ്പെടുത്ത സ്ഥലത്ത് തണുപ്പോ, ചൂടോ കൂടുതലുള്ള വസ്തുക്കള്‍ വെക്കരുത്.

  • തയാറാക്കിയത്: റഫീഷ പി
---- facebook comment plugin here -----

Latest