International
മാഫിയാ സംഘത്തിന്റെ 'ഗോഡ് മദര്‍'; കുപ്രസിദ്ധ കൊള്ളസംഘം തലവന്‍ ലിച്ചിയാര്‍ഡി അറസ്റ്റില്‍

റോം | നേപ്പിള്‍സിലെ കുപ്രസിദ്ധ മാഫിയാ തലവനായ സ്ത്രീ അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മാഫിയാ സംഘത്തിന്റെ ഗോഡ് മദര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സ്പെയിനിലേക്കുള്ള വിമാനത്തില്‍ കയറാനിരിക്കെയാണ് ഇറ്റാലിയന്‍ അധികൃതര്‍ മരിയ ലിച്ചിയാര്‍ഡിയെന്ന എഴുപതുകാരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെക്കുറിച്ച് അര്‍ധസൈനികരായ കാരാബിനിയറിയുടെ സ്പെഷ്യല്‍ ഓപ്പറേഷന്‍ യൂനിറ്റിലെ പോലീസ് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ലിച്ചിയാര്‍ഡി കൊള്ളയടി റാക്കറ്റുകള്‍ നടത്തിയിരുന്നതായി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. അറസ്റ്റ് ചെയ്തപ്പോഴും വാറന്റ് കാണിച്ചപ്പോഴും ലിച്ചിയാര്‍ഡിയ്ക്ക് യാതൊരു പ്രതികരണവും നടത്തിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമക്കി.
മാഫിയാ ബന്ധം തെളിഞ്ഞ സാഹചര്യത്തില്‍ 2001 -ലാണ് ആദ്യമായി ലിച്ചിയാര്‍ഡി നേപ്പിള്‍സിനടുത്ത് വച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് അവര്‍ ഇറ്റലിയിലെ 30 പിടികിട്ടാപ്പുള്ളികളില്‍ ഒരാളായിരുന്നു. പിന്നീട് 2009ലാണ് ജയില്‍ മോചിതയായത്. പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നതനുസരിച്ച് മാഫിയകള്‍ തമ്മിലുള്ള സംഘട്ടനങ്ങളിലും ലിച്ചിയാര്‍ഡിയ്ക്ക് പങ്കുണ്ട്. ഇവരുടെ സഹോദരനും മാഫിയാ തലവനായിരുന്നു. നേപ്പിള്‍സ് പ്രോസിക്യൂട്ടര്‍മാരുടെ ഉത്തരവനുസരിച്ച് കാരാബിനിയറി ഉദ്യോഗസ്ഥര്‍ നടത്തിയ അറസ്റ്റിനെ ആഭ്യന്തര മന്ത്രി ലൂസിയാന ലാമോര്‍ഗീസ് പ്രശംസിച്ചു.