Connect with us

Kerala

തിരിച്ചടി നേരിട്ട കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ചുവടെന്ത്; പാര്‍ട്ടിയാകെ ഉറ്റുനോക്കുന്നു

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ ഉയര്‍ത്തിവിട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ കനത്ത തിരിച്ചടി നേരിട്ട ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കീഴ്പ്പെട്ട് പിന്നോട്ടു പോവില്ലെന്ന് സൂചന. തന്നെ പൊതുജന മധ്യത്തില്‍ സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിച്ച മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പിരിഞ്ഞ ഉന്നതാധികാര സമിതിയില്‍ കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച വികാരം പാര്‍ട്ടിയിലുണ്ടാക്കാന്‍ ഇടയുള്ള പ്രത്യാഘാതമാണ് ഏവരും ഉറ്റുനോക്കുന്നത്.

സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് കുഞ്ഞാലിക്കുട്ടി മാറിനിന്നാല്‍ പാര്‍ട്ടിക്ക് ഒരടി മുന്നോട്ടു പോവാന്‍ കഴിയില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. പാര്‍ട്ടി ഫണ്ട് കണ്ടെത്തുന്നതിനും അതു വിനിയോഗിക്കുന്നതിനും കുഞ്ഞാലിക്കുട്ടിയോളം കെല്‍പ്പുള്ള ഒരാള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ഒറ്റക്കു തീരുമാനമെടുക്കാനുള്ള അനുമതിയായിരുന്നു അദ്ദേഹത്തിന്റെ കരുത്തെന്നും കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവര്‍ പറയുന്നു.

ഉന്നതാധികാര സമിതിയില്‍ ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടി രണ്ടടി പിന്നോട്ടു വച്ചശേഷം നാലടി മുന്നോട്ടു കുതിക്കാനുള്ള തന്ത്രം മെനയുമോ അതോ, വിമര്‍ശകരെ ഒരു പാഠം പഠിപ്പിക്കാമെന്ന നിലയില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈയൊഴിയുമോ എന്ന സന്ദേഹവും പാര്‍ട്ടിയിലുണ്ട്. നാല്‍പതു വര്‍ഷമായി കുഞ്ഞാലിക്കുട്ടി സ്വയം പാര്‍ട്ടിയുടെ പണം കൈകാര്യം ചെയ്യുന്നതിലെ ദുരൂഹതയാണ് മുഈന്‍ അലി തങ്ങള്‍ പുറത്തുകൊണ്ടുവന്നത്. വര്‍ഷങ്ങളായി തങ്ങള്‍ കുടുംബത്തെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയില്‍ സ്ഥാപിച്ചെടുത്ത മേധാവിത്വമാണ് ഇതോടെ പൊതു വേദിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.

ഈ വിഷയം ചര്‍ച്ചയായതോടെ ഇതുവരെ പാര്‍ട്ടിയില്‍ ആരും തുറന്നു പറയാന്‍ മടിച്ചിരുന്ന പല കാര്യങ്ങളും ചര്‍ച്ചയായി. പാര്‍ട്ടിക്കു കൂട്ടായ നേതൃത്വം വേണമെന്നും ഏകാധിപത്യ പ്രവണ അവസാനിപ്പിക്കണമെന്നുമുള്ള ആശയം നടപ്പാക്കാതെ ഇനി പാര്‍ട്ടിക്കു മുന്നോട്ടു പോവാനാവില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

ഉന്നതാധികാര സമിതി യോഗത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. എം കെ മുനീറും കെ എം ഷാജിയും നടത്തിയ പ്രതികരണങ്ങള്‍ പാര്‍ട്ടിയില്‍ ഏകാധിപത്യം അവസാനിപ്പിക്കണമെന്ന പൊതു വികാരത്തിന്റെ പ്രകടനമാണ്. പാര്‍ട്ടിയില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ പോസിറ്റീവായി കാണുന്നു എന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. ലീഗില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. പാര്‍ട്ടിയില്‍ ജനാധിപത്യത്തിന് യാതൊരു പോറലുമേറ്റിട്ടില്ലെന്നും പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ലെന്നും തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന യോഗമെന്നും മുനീര്‍ വിലയിരുത്തുന്നു.

കെ എം ഷാജിയുടെ പ്രതികരണത്തിലും പാര്‍ട്ടിയില്‍ ഏകാധിപത്യം പാടില്ലെന്ന് വ്യക്തമാക്കുന്നു. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തെ സക്രിയമാക്കുമെന്നു പറഞ്ഞുകൊണ്ട് വിമര്‍ശനം ഉന്നയിച്ച മുഈന്‍ ആലി തങ്ങളെ ഷാജി പിന്തുണക്കുകയും ചെയ്യുന്നു. ഒരു വിഭാഗം ഇ ടി മുഹമ്മദ് ബഷീറിന്റെ നിലപാട് വീക്ഷിക്കുകയാണ്. ഡല്‍ഹിയില്‍ നിന്ന് എത്തി ഉടനെ തിരിച്ചുപോയ അദ്ദേഹത്തിന്റെ നിലപാടുകള്‍ ഭാവിയില്‍ നിര്‍ണായകമാവും. ഉന്നതാധികാര സമിതിയുടെ തീരുമാനത്തെ കെ ടി ജലീലിന്റെ ഭീഷണിയും ഇ കെ വിഭാഗത്തിന്റെ ഭയപ്പെടുത്തലും സ്വാധീനിച്ചിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇതെല്ലാം ലീഗിന്റെ ഭാവി രാഷ്ട്രീയത്തില്‍ നിര്‍ണായകമായി പ്രതിഫലിക്കും.

മുഈനലി തങ്ങളുടെ വിമര്‍ശനം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ ഒറ്റപ്പെട്ട ശേഷമുള്ള കുഞ്ഞാലിക്കുട്ടിയുടെ ചുവടുകള്‍ എന്തായിരിക്കുമെന്നതാണ് ഇനി പാര്‍ട്ടിയാകെ ഉറ്റുനോക്കുന്നത്. പാണക്കാട് കുടുംബവും മുഈന്‍ അലിക്കൊപ്പം ഒറ്റക്കെട്ടായി നിലകൊണ്ടതിനു പിന്നില്‍ ഏതെങ്കിലും കേന്ദ്രങ്ങളുടെ ആസൂത്രണം നടന്നിട്ടുണ്ടോ എന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷം സംശയിക്കുന്നത്. ഉന്നതാധികാര സമിതി യോഗത്തില്‍ പാണക്കാട് കുടുംബത്തിലെ പ്രധാന അംഗങ്ങളെല്ലാം ഇരുന്ന് തീരുമാനമെടുത്തതും ലീഗ് ചരിത്രത്തിലാദ്യമാണ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest