Connect with us

Kerala

കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത ആദ്യ വാര്‍ത്താ സമ്മേളനം; പരിഹാസവുമായി കെ ടി ജലീല്‍

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗില്‍ ഇന്ന് നടന്നത് കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത ആദ്യ വാര്‍ത്താ സമ്മേളനമാണെന്നും പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണെന്നും മുന്‍ മന്ത്രി കെ ടി ജലീല്‍. മുഈന്‍ അലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചിതിന് പിന്നാലെ ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തിന്റെ തീരുമാനങ്ങള്‍ പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജലീല്‍.

ജനാധിപത്യ സമൂഹം ആഗ്രഹിച്ചതാണ് ഇന്ന് ലീഗ് വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത്. പി എം എ സലാമിന് സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം രണ്ട് വാക്ക് പറയാന്‍ കഴിഞ്ഞ വാര്‍ത്താ സമ്മേളനമാണിത്. സാദിഖലി തങ്ങള്‍ക്കും മര്യാദക്ക് കാര്യങ്ങള്‍ പറയാനായി. അതുതന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നും പാണക്കാട് കുടുംബത്തിന്റെ മേസരി പണി ആരെയും ഏല്‍പിച്ചിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പരാമര്‍ശം കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

പി കെ കുഞ്ഞാലിക്കുട്ടി ബ്ലാക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാന്‍ തീരുമാനിച്ചത്. സേട്ടുസാഹിബ് ഉള്‍പ്പെടെ മുസ്ലിം ലീഗിലെ പലരെയും പുറത്താക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. അതേ അനുഭവമാണ് ഇനി കുഞ്ഞാലിക്കുട്ടിയെയും കാത്തിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി യുഗത്തിന് അന്ത്യം കുറിക്കുന്ന തലമുറ മുസ്ലിം ലീഗില്‍ വളര്‍ന്നുവരുമെന്നും നമുക്ക് കാത്തിരുന്നു കാണാമെന്നും കെ ടി ജലീല്‍ പറഞ്ഞു.