Connect with us

Malappuram

'എല്ലാം റബ്ബിന്റെ കാവൽ, അല്ലാതെന്ത് പറയാൻ'; ഞെട്ടൽ മാറാതെ കുഞ്ഞുമുഹമ്മദ്

Published

|

Last Updated

കുഞ്ഞുമുഹമ്മദ്

തിരൂരങ്ങാടി | കേരളം നടുങ്ങിയ കരിപ്പൂർ വിമാനാപകടത്തിന്റെ ഓർമകൾ അയവിറക്കുമ്പോൾ കുണ്ടൂർ മൂലക്കൽ സ്വദേശി പൈനാട്ട് കുഞ്ഞുട്ടി എന്ന കുഞ്ഞുമുഹമ്മദിന് (46) ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. “എല്ലാം റബ്ബിന്റെ കാവൽ അല്ലാതെന്ത് പറയാൻ” നെടുവീർപ്പോടെ കറുത്ത ദിനത്തെ അദ്ദേഹം ഓർക്കുന്നു.
“ഏത് നിമിഷവും തീ പിടിക്കാനുള്ള സാധ്യത ഉണ്ടായിരിക്കെ, രക്ഷകരെയും കാത്ത് വിമാനത്തിലെ ആ നിൽപ്പ് ഓർക്കുമ്പോൾ ഇപ്പോഴും കൈകാലുകൾ വിറക്കും…”

ദുരന്തനിമിഷം ഓർത്തെടുക്കുമ്പോൾ കുഞ്ഞുമുഹമ്മദിന് കണ്ഠമിടറുന്നു. കൊവിഡ് കാല ദുരന്തങ്ങളിൽ നിന്ന് രക്ഷ തേടി ദുബൈയിൽ നിന്ന് വന്ദേഭാരത് മിഷൻ വിമാനത്തിൽ പ്രതീക്ഷകളുടെ ചിറകിലേറി നാട്ടിലേക്ക് പറന്നവർ മഹാദുരന്തത്തിലേക്കാണ് ചെന്നിറങ്ങുന്നതെന്ന് ഒരിക്കലും നിനച്ചില്ല. യാത്ര ലക്ഷ്യത്തിലെത്തിയതിന്റെ സൂചകമായി അലാറം മുഴങ്ങി. കൂട്ടത്തോടെ പുറത്തിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും. അപ്പോഴാണ് പിറകുവശത്ത് നിന്ന് എന്തോ ശക്തിയായി വന്നിടിച്ചത്‌ പോലെ. പിന്നാലെ ഭയാനകമായ ശബ്ദവും. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുമ്പേ പിറകു വശത്തെ സീറ്റ് ദേഹത്ത് വീണ് കുഞ്ഞുമുഹമ്മദ് പ്ലാറ്റ് ഫോമിലേക്ക് പതിച്ചു. വിമാനത്തിൽ കൂട്ട നിലവിളി. അരുതാത്തതെന്തോ സംഭവിക്കുന്നുവെന്ന് ഭീതിയോടെ മനസ്സിലാക്കി. വിമാനത്തിന്റെ മുൻഭാഗം കാണാൻ കഴിയുന്നില്ല. വേർപ്പെട്ട് പോയിരിക്കുന്നു. എമർജൻസി ഡോർ വഴി ചാടി വിമാനത്തിന്റെ ചിറകിൽ നിൽപ്പുറപ്പിച്ചു. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന നിലയിൽ മഴ നനഞ്ഞു ഞങ്ങൾ നിന്നു. പിന്നീട് രക്ഷാപ്രവർത്തകരെത്തി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും ആ നടുക്കം വിട്ട് മാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

---- facebook comment plugin here -----

Latest