National
കൊവിഡ് വാക്സിനേഷൻ 50 കോടി പിന്നിട്ടു; ജനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി | 50 കോടിയിലധികം ഡോസ് കോവിഡ് വാക്സിനുകൾ നൽകി ഇന്ത്യ പുതിയ ചരിത്രമെഴുതി. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും ഈ നേട്ടത്തിന് ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇതുവരെയായി രാജ്യത്ത് 50,03,48,866 ഡോസ് വാക്സിനുകളാണ് നൽകിയത്. 2.30 കോടി കോവിഡ് വാക്സിൻ ഡോസുകൾ ഇനിയും വിവിധ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ടെന്നും കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി.
85 ദിവസത്തിനുള്ളിലാണ് രാജ്യത്ത് ആദ്യ 10 കോടി വാക്സിനുകൾ നൽകിയത്. 10-20 കോടിയിലെത്താൻ 45 ദിവസമാണ് വേണ്ടി വന്നത്. 20-30 കോടിയിലെത്താൻ 29 ദിവസമെടുത്തു. 30-40 കോടിയിലെത്താൻ 29 ദിവസവും, 30-40 കോടിയിലെത്താൻ 24 ദിവസവുമെടുത്തു. എന്നാൽ 50 കോടി പ്രതിരോധ വാക്സിനുകളിലെത്താൻ വെറും 20 ദിവസം മാത്രമാണ് വേണ്ടി വന്നത്.
ദേശീയ കോവിഡ് മുക്തി നിരക്ക് നിലവിൽ 97.36 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,000ൽ അധികം രോഗികൾ സുഖം പ്രാപിച്ചിട്ടുണ്ട്.
44,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ 464 മരണങ്ങളുമുണ്ടായി.