Kerala
കള്ളപ്പണ കേസ്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

കോഴിക്കോട് | ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഹൈദരലി തങ്ങള്‍ ഇ ഡി യെ അറിയിച്ചിരുന്നു. ചന്ദ്രികയുടെ ഫിനാന്‍സ് ഡയറക്ടര്‍ പി എ അബ്ദുള്‍ ഷമീര്‍ രാവിലെ പത്തരയോടെ കൊച്ചി ഓഫിസില്‍ ഹാജരാകും. ബുധനാഴ്ചയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തി ഹൈദരലി തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
ചന്ദ്രികയുടെ വരിസംഖ്യയാണ് കൊച്ചിയിലെ ബേങ്കില്‍ നിക്ഷേപിച്ചതെന്നാണ് ലീഗിന്റെ വിശദീകരണം. അതേസമയം പണമിടപാടുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകന്‍ മുയീന്‍ അലി തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടായേക്കും.
ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാണക്കാട് എത്തി ഇ ഡി ഉദ്യോഗസ്ഥര്‍ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്.