Connect with us

National

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഇസ്‌റാഈലി നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ആണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ റാമും ശശി കുമാറും സമര്‍പ്പിച്ച ഹരജി പരിഗണിക്കുക. വിരമിച്ചതോ സര്‍വീസില്‍ ഉള്ളതോ ആയ ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നതാണ് ഇവരുടെ ആവശ്യം.

കേരളത്തില്‍ നിന്നുള്ള ഇടത് രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസും സുപ്രീം കോടതി അഭിഭാഷകന്‍ എം എല്‍ ശര്‍മയും ഇതേ വിഷയത്തില്‍ സമര്‍പ്പിച്ച ഹരജികള്‍ പ്രത്യേകം പരിഗണിക്കും. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും മറ്റു ചിലരും സമാന രീതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍ അടക്കമുള്ളവരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന് അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതിനിടെ, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര ഉപയോഗിച്ച ഫോണും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. സുപ്രീം കോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും പട്ടികയിലുണ്ടെന്നാണ് വിവരം. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര.

Latest